ട്രംപ് ഇല്ലെങ്കിൽ 2024ൽ റിപ്പബ്ലിക്കൻ നോമിനേഷനായി മത്സരം കടുക്കും 


JANUARY 11, 2021, 11:53 AM IST

2020 തെരഞ്ഞെടുപ്പ് പ്രക്രിയ ഇനിയും പൂർത്തിയായിട്ടില്ല, പക്ഷെ ഇപ്പോൾ തന്നെ 2024ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആരാവുമെന്നതിനെക്കുറിച്ചുള്ള ചർച്ച ചൂടുപിടിച്ച് കഴിഞ്ഞു. പ്രസിഡന്റ് ട്രംപ് വീണ്ടും മത്സരരംഗത്തെത്താൻ ഏറെ സാധ്യതയുണ്ടെന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും ട്രംപ് പ്രസിഡന്റ് പദവി ഒഴിയുന്നതോടെ കാര്യങ്ങൾ മാറി മറിയാം. അപ്പോൾ ഒരു തുറന്ന മത്സരവേദിയാവും റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉണ്ടാവുക.

അധികാരത്തിൽ കടിച്ചു തൂങ്ങുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രസിഡന്റ് ട്രംപിന്റെ സ്വാധീനം നീണ്ടുനിൽക്കുമെന്നാണ് ഏറെ പേരും കരുതുന്നത്. 2024ൽ ട്രംപ് വീണ്ടും മത്സരിച്ചേക്കും. അദ്ദേഹമതിന് മുതിർന്നാൽ  റിപ്പബ്ലിക്കൻ നോമിനേഷനായുള്ള മത്സരത്തിൽ മറ്റാർക്കും അദ്ദേഹത്തെ  തോൽപ്പിക്കാൻ കഴിഞ്ഞെന്നിരിക്കില്ല. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 7 മില്യനോളം വോട്ടുകൾക്ക് ട്രംപ് പരാജയപ്പെട്ടുവെങ്കിലും റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണദ്ദേഹം. ഫണ്ട് സമാഹരണത്തിൽ വലിയ കഴിവുണ്ട്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ഒരു മാസത്തിൽ 170 മില്യനോളം ഡോളറാണ് അദ്ദേഹം സമാഹരിച്ചത്. മാധ്യമശ്രദ്ധ പിടിച്ചു പറ്റാനും മറ്റാരേക്കാളും സമർത്ഥനാണ്.

പക്ഷെ, അടുത്ത തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ട്രംപിന് 78 വയസ്സാകും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വലിയ കടബാധ്യതകൾ തീർക്കേണ്ടതിനാൽ സാമ്പത്തികമായും ഞെരുക്കമുണ്ടാകും. വാർത്തകളിൽ നിറയുമെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  അദ്ദേഹം വീണ്ടും മത്സരിക്കാതിരിക്കാൻ മതിയായ കാരണങ്ങളുണ്ട്. ട്രംപിന്റെ മക്കളിൽ ആരെങ്കിലും രാഷ്ട്രീയത്തിൽ കടന്നേക്കുമെന്നുള്ള അഭ്യുഹങ്ങളും ശക്തമാണ്. അത് മിക്കവാറും  മൂത്തമകൾ ഇവാങ്കയായിരിക്കും. 

ട്രംപില്ലെങ്കിൽ മറ്റാരൊക്കെയാണ് മത്സരരംഗത്തുണ്ടാവുക? ഈ ചോദ്യത്തിന് ഉത്തരം ഏകദേശം അരഡസൻ പേരെങ്കിലും സജീവമായി രംഗത്തുണ്ടെന്നാണ്. 2024 റിപ്പബ്ലിക്കൻ നോമിനേഷനായി മത്സരിക്കാൻ മുൻനിരയിലുള്ള 5 പേർ ഇവരാണ്:

നിക്കി ഹേലി  

ട്രംപ് ഭരണത്തിന്റെ തുടക്കത്തിൽ യുഎസിന്റെ യുഎൻ അംബാസിഡർ ആയി നിയമിതയാകുമ്പോൾ നിക്കി ഹേലി സൗത്ത് കരോലൈനയിലെ ഗവർണ്ണർ ആയി രണ്ടുവർഷത്തോളം പൂർത്തിയാക്കിയിരുന്നു. 

ട്രംപ് ഭരണത്തിൽ വഹിച്ച പങ്കും പ്രസിഡന്റിനോട് അവർക്കുണ്ടായിരുന്ന അടുപ്പവും ട്രംപിന്റെ പിന്തുണക്കാർക്കിടയിൽ അവർ നല്ല മതിപ്പുളവാക്കിയിരുന്നു. മാത്രവുമല്ല, നവംബറിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനമുണ്ടാക്കുന്ന വിധത്തിൽ ട്രംപിനെതിരെ തിരിഞ്ഞ നഗരപ്രാന്തങ്ങളിലെ വിദ്യാസമ്പന്നരെ ട്രംപനുകൂലികളാക്കി മാറ്റാനും അവർക്ക് കഴിഞ്ഞിരുന്നു.

ബിസിനസ് അനുകൂലികളായ മുഖ്യധാരാ റിപ്പബ്ലിക്കന്മാരുടെ പരമ്പരാഗത പ്രത്യയശാസ്ത്ര നിലപാടുകളോട് പ്രസിഡന്റിനേക്കാൾ കൂടുതൽ വേറിട്ടു നിൽക്കുന്ന വ്യക്തിയാണ് ഹേലി. മാധ്യമങ്ങളുടെ ശ്രദ്ധ ഹേലിയും ഏറെ നേടുന്നുണ്ട്. സൗത്ത് കരോലൈനയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ എന്നത് മാത്രമല്ല, വെള്ളക്കാരിയല്ലാത്ത ആദ്യ വ്യക്തി കൂടിയാണവർ എന്നതാണ് മാധ്യമ ശ്രദ്ധ ഏറെ നേടാൻ കാരണമായത്. ഇന്ത്യയിലെ പഞ്ചാബിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകളാണവർ. 

2015ൽ വെള്ളക്കാരനായ ഒരു വംശീയവാദി കറുത്തവരുടെ  ചരിത്രപ്രധാനമായ ഒരു പള്ളിയിലേക്ക് കടന്നുകയറി 9 പേരെ കൊലപ്പെടുത്തിയ ചാൾസ്റ്റൻ കൂട്ടക്കൊലയുടെ സമയത്ത് ഹേലി ഗവർണ്ണർ ആയിരുന്നു. അതേത്തുടർന്ന് സൗത്ത് കരോലൈനയുടെ ഗവണ്മെന്റ് ആസ്ഥാനത്ത് കോൺഫെഡറേറ്റ് പതാക നീക്കം ചെയ്യുന്നതിനെ ഹേലി പിന്തുണച്ചു. 

ഹേലിക്ക് വിമർശകർ ഏറെയുണ്ട്. ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ ചിലർ തന്നെയും അവരെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. 2016ലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആദ്യം അവർ ഫ്ലോറിഡയിലെ സെനറ്റർ മാർക്കോ റുബിയോയേയും പിന്നീട് ടെക്‌സസിലെ സെനറ്റർ റ്റെഡ് ക്രൂസിനെയുമാണ് പിന്താങ്ങിയത്. ജാഡ കാണിക്കുന്നതല്ലാതെ കഴമ്പൊന്നുമില്ലെന്നാണ് സൗത്ത് കരോലൈനയിലെ രാഷ്ട്രീയത്തിലുളള പലരും ഹേലിയെ വിമർശിക്കുന്നത്. 

ഇതൊക്കെയാണെങ്കിലും മത്സരിക്കുന്ന പക്ഷം ഹേലി മുൻനിരയിലുണ്ടാകും.

സെനറ്റർ റ്റെഡ് ക്രൂസ് 

ടെക്സസിലെ സെനറ്ററായ റ്റെഡ് ക്രൂസ് 2016ൽ റിപ്പബ്ലിക്കൻ നോമിനേഷനായുള്ള മത്സരത്തിൽ രണ്ടാമതെത്തിയ ആളാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും അദ്ദേഹം മത്സരിക്കുമോയെന്ന് സംശയിക്കുന്നവരുണ്ട്. 

2016ലെ മത്സരത്തിനിടയിൽ ട്രംപും ക്രൂസും  പരസ്പരം വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. ക്രൂസിന്റെ ഭാര്യയെ കളിയാക്കിയ ട്രംപ് പ്രസിഡന്റ് കെന്നഡിയുടെ വധത്തിൽ ക്രൂസിന്റെ പിതാവ് ഉൾപ്പെട്ടിരുന്നതായിപ്പോലും ആരോപിച്ചു. "തികഞ്ഞ അസന്മാർഗി", "ജന്മനാ കള്ളം പറയുന്നവൻ", "പേടിതൊണ്ടൻ" എന്നിങ്ങനെയുള്ള വാക്കുകൾ 2016ലെ റിപ്പബ്ലിക്കൻ കൺവെൻഷനിൽ  ക്രൂസും ട്രംപിനെതിരെ  പ്രയോഗിച്ചു. 

എന്നാൽ അതിനുശേഷം ക്രൂസ് വളരെ മാറുകയും പ്രസിഡന്റിന്റെ കടുത്ത ഒരു പിന്തുണക്കാരനാകുകയും ചെയ്തു. പ്രസിഡന്റിനായി ട്വിറ്ററിൽ നല്ല പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. 

ആദ്യം മത്സരിച്ചപ്പോൾ പിന്തുണച്ച അതേ ശക്തികളുടെ പിന്തുണയോടെയാകും 2024ലും ക്രൂസ് മത്സരിക്കുക. സാമൂഹ്യ യാഥാസ്ഥിതികരുടെ പിന്തുണ വളരെ പ്രധാനമാണ്. ട്രംപിന് പ്രത്യയശാസ്ത്രപരമായ എന്തെങ്കിലും അടിത്തറയുണ്ടോയെന്നു യാഥാസ്ഥിതികർക്ക് സംശയമാണ്. എന്നാൽ ക്രൂസിനെക്കുറിച്ച് അവർക്ക് അങ്ങനെയൊരു സംശയമേയില്ല. 

എന്നാൽ ക്രൂസിന് ജനപ്രിയത കുറവാണെന്നു വിമർശകർ പറയുന്നു. 2018ൽ വീണ്ടും സെനറ്റിലേക്ക് മത്സരിച്ചപ്പോൾ ടെക്‌സസിൽ നിന്നുള്ള  ഡെമോക്രാറ്റ് ഹൌസ് അംഗമായ ബെറ്റോ  ഒ റൂർക്കേയോട് നേരിയ വിജയമാണ് അദ്ദേഹം നേടിയത്. എങ്കിലും പാർട്ടി നോമിനേഷനായുള്ള മത്സരത്തിലെ  ഒരു കരുത്തനായിരിക്കും ക്രൂസ്.

സെനറ്റർ ജോഷ് ഹോളി

2024 ൽ ട്രംപ് വീണ്ടും മത്സരിക്കുന്നപക്ഷം അദ്ദേഹത്തെ പിന്തുണക്കുമെന്ന് മിസൗറിയിൽ നിന്നുള്ള സെനറ്റർ ജോഷ് ഹോളി പ്രഖ്യാപിച്ചിട്ടുണ്ട്. ,എന്നാൽ, ട്രംപ് രംഗത്തു വരുന്നില്ലെങ്കിൽ ജനപ്രിയ കാര്യങ്ങൾ പറയുന്ന ഹോളിക്ക് നല്ല സാധ്യതയുണ്ടെന്നാണു റിപ്പബ്ലിക്കൻ പാർട്ടിയിൽ പലരും അഭിപ്രായപ്പെടുന്നത്. 

കോവിഡ് 19 മഹാമാരിയുടെ സമയത്ത് തൊഴിലാളികൾക്ക് കൂടുതൽ വിപുലമായ ആശ്വാസ നടപടികൾ എത്തിക്കണമെന്ന്  അദ്ദേഹമാവശ്യപ്പെട്ടു. ടെക് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെ രൂക്ഷമായ  വിമർശനമാണ് അദ്ദേഹം നടത്തുന്നത്. അവർ അമിതമായ അധികാരം കയ്യാളുന്നുവെന്നാണ് വിമർശനം. കുടിയേറ്റം, ഗർഭഛിദ്രം തുടങ്ങി മറ്റ് ഒട്ടേറെ വിഷയങ്ങളിൽ കടുത്ത യാഥാസ്ഥിതികനാണ് മിസൗറിയിലെ ഈ സെനറ്റർ. 

സെനറ്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവുമാണ് 40കാരനായ ഹോളി. ഹോളിയുടെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് വിമർശകർ ഉയർത്തിക്കാട്ടുന്നത്. സ്റ്റാൻഫഡ്. യേൽ എന്നിവിടങ്ങളിൽ നിന്നും ബിരുദങ്ങൾ നേടിയിട്ടുള്ളവരോട് ഒരു പ്രഖ്യാപിത ശത്രുവിനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നവർ ചൂണ്ടിക്കാട്ടുന്നു. ട്രംപിനെപ്പോലെ ജനപ്രിയ കാര്യങ്ങൾ പറയുന്ന ഒരാളെയാണ് റിപ്പബ്ലിക്കൻമാർ തേടുന്നതെങ്കിൽ പാർട്ടി ഹോളിയിലേക്ക് തിരിയും.

വൈസ് പ്രസിഡന്റ് മൈക് പെൻസ്  

നാല് വർഷങ്ങൾ ആത്മാർത്ഥതയോടെ തന്നെയാണ് ട്രംപിനൊപ്പം പെൻസ് പ്രവർത്തിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനുള്ള തന്റെ ശ്രമങ്ങൾക്ക് പെൻസ് വേണ്ടത്ര പിന്തുണ നൽകിയില്ലയെന്നതിൽ പ്രസിഡന്റ് രോഷാകുലനാണ്. 

ചില നിർണ്ണായക സംസ്ഥാനങ്ങളിൽ നിന്നുമുളള ഇലക്ട്‌റൽ വോട്ടുകൾ സ്വീകരിക്കാൻ പെൻസ് വിസമ്മതിക്കേണ്ടിയിരുന്നുവെന്ന അഭിപ്രായം  ഡിസംബർ 23ന് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. ഇത്തരത്തിൽ സൂചന നൽകുന്ന അഭ്യർത്ഥനകൾക്ക്  വൈസ് പ്രസിഡന്റ് വഴങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ 2024നെ ലക്ഷ്യമിട്ടിരിക്കുന്ന വൈസ് പ്രസിഡന്റ് എത്ര സങ്കീർണ്ണമായ ഒരു സ്ഥിതിയെയാണ് നേരിട്ടതെന്ന് ഇത് വ്യക്തമാക്കുന്നു. 

ഒരു തരത്തിൽ ഇപ്പോൾ വഹിക്കുന്ന സ്ഥാനം കൊണ്ട് അദ്ദേഹം മുൻ നിരക്കരനായ ഒരു സ്ഥാനാർത്ഥിയാണ്. എന്നാൽ മറുഭാഗത്ത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പെരുമാറ്റവും രാഷ്ട്രീയ ശൈലിയും ട്രംപിന്റേതിൽ നിന്നും വളരെ വ്യത്യസ്തമാണ്.  സാമൂഹ്യ യാഥാസ്ഥിതികരുടെ വോട്ടിനായി ക്രൂസിനെപ്പോലുള്ള എതിരാളികളുമായിട്ടാകും പെൻസിനു മത്സരിക്കേണ്ടിവരുക.

ട്രംപ് ഭരണത്തിലെ മറ്റു മുതിർന്ന പലരും നോമിനേഷനായി മത്സരിച്ചേക്കും. താല്പര്യമുള്ളവരുടെ പട്ടികയിൽ  ഹേലി, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുടെ പേരുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പെൻസ് വിജയിച്ചേക്കുമെന്നു ന്യായമായും തോന്നിയേക്കും. ട്രംപിന് മുമ്പുണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടി "അടുത്ത ഊഴ"ക്കാരായി പരിഗണിച്ചിരുന്നവർക്കായിരുന്നു നോമിനേഷൻ  നൽകുക. എന്നാൽ കൂടുതൽ സ്വാധീനശക്തി പ്രകടമാക്കുന്നവർക്ക് അദ്ദേഹത്തെ മറികടക്കാൻ കഴിയും.

സെനറ്റർ ടോം കോട്ടൺ 

ക്രൂസ്, ഹോളി എന്നിവരെപ്പോലെ പാർട്ടിയിലെ യാഥാസ്ഥിതിക വിഭാഗത്തിലെ ഒരു കരുത്താനാണ് അർകൻസയിൽ നിന്നുള്ള സെനറ്റർ കോട്ടൺ. 

സെനറ്ററായുള്ള രണ്ടാമൂഴമാരംഭിക്കുകയാണ് കോട്ടൺ. നവംബറിലെ തെരഞ്ഞെടുപ്പിൽ ലിബെർട്ടറിയൻ എതിരാളിക്കെതിരെ തകർപ്പൻ വിജയമാണ് അദ്ദേഹം നേടിയത്. അവിടെ ഒരു മത്സരത്തിനുപോലും ഡെമോക്രറ്റുകൾ തയ്യാറായില്ല. 

നേരത്തെ പാർട്ടി പ്രൈമറികൾ നടന്ന അയോവ, ന്യൂ ഹാംപ്‌ഷെയർ എന്നിവടങ്ങളിലുൾപ്പടെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ അന്ത്യഘട്ടങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ സഹായിക്കാനും കോട്ടൺ മുതിർന്നു. 2024ൽ വൈറ്റ് ഹൌസ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പ്രകടമായിരുന്നുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തത്. 

ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും പ്രവർത്തിച്ച ഒരു മുൻ സൈനികനാണ് കോട്ടൺ. ഗർഭഛിദ്രം, കുടിയേറ്റം എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളിലും യാഥാസ്ഥിതികർക്കൊപ്പമാണ് അദ്ദേഹം. 

വംശീയത സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ അടുത്തിടെ വളരെ വിവാദമായിരുന്നു. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെത്തുടർന്നു ജൂണിൽ ന്യൂ യോർക്ക് ടൈംസ്ൽ എഴുതിയ "സൈന്യത്തെ അയക്കുക" എന്ന  തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ നിയമലംഘകർക്കെതിരെ ബലം പ്രയോഗിക്കണമെന്നും അവരെ തടവിലാക്കണമെന്നും കോട്ടൺ ആവശ്യപ്പെട്ടിരുന്നു. 

അതിനാൽ ക്രൂസിന്റെ കാര്യത്തിലെന്ന പോലെ യാഥാസ്ഥിതിക വിഭാഗത്തിനപ്പുറം കോട്ടൺ എത്രത്തോളം സ്വീകാര്യനാണെന്ന പ്രശ്നമുണ്ട്. 

ടെക്സസ് ഗവർണ്ണർ ഗ്രെഗ് ആബറ്റ്, ഫോക്സ് ന്യൂസ് ഹോസ്റ്റ് ടക്കർ കാൾസൺ, മുൻ ന്യൂ ജേഴ്‌സി ഗവർണ്ണർ ക്രിസ് ക്രിസ്റ്റി, ഫ്ലോറിഡ ഗവർണ്ണർ ഡി സാന്റിസ്, മേരിലാൻഡ് ഗവർണ്ണർ ലാറി ഹോഗൻ, സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഫ്ലോറിഡയിലെ സെനറ്റർ റിക്ക് സ്കോട്ട്, ഇവാങ്ക ട്രംപ് എന്നിവരും റിപ്പബ്ലിക്കൻ നോമിനേഷനായി രംഗത്തുവരാൻ സാധ്യതയുള്ളവരാണ്.