ടിആര്‍പി കുംഭകോണ കേസ്: റിപ്പബ്ലിക് ടിവി പ്രതിരോധത്തിൽ 


OCTOBER 17, 2020, 7:04 PM IST

രമേശ് അരൂര്‍


ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗ് കണക്കാക്കുന്ന ടിആർപിര്‍ സംവിധാനത്തില്‍ കൃത്രിമം കാണിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സംഘപരിവാര്‍ അനുകൂല ചാനല്‍ റിപ്പബ്ലിക് ടിവി മുംബൈ പോലീസിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിച്ചതോടെ വിവാദം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.  

ഏതൊക്കെ ടിവി പ്രോഗ്രാമുകളാണ് ഏറ്റവും കൂടുതല്‍ കാണുന്നതെന്ന് അറിയാൻ സഹായിക്കുന്നതും പരസ്യങ്ങൾ നൽകുന്നതിന് മാനദണ്ഡമായി ഉപയോഗിക്കുന്നതുമായ നിര്‍ണായക ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ റിപ്പബ്ലിക് ടിവിയും മറ്റ് രണ്ട് പ്രാദേശിക മുംബൈ ചാനലുകളും കൃത്രിമം കാണിച്ചു എന്ന് മുംബൈ പോലീസ് മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് മറാത്തി ചാനലുകളുടെ ഉടമകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തതായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസാമിയെ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന വിവരം പുറത്തുവിട്ടുകൊണ്ട് മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് രംഗത്തു വന്നതോടെ വിവാദം കൊഴുത്തിട്ടുമുണ്ട്.

ടിവി വ്യൂവര്‍ഷിപ്പ് മെഷര്‍മെന്റ് ഏജന്‍സി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുംബൈ പൊലീസ്  വ്യാജ ടിആര്‍പി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിരോധത്തിലായ റിപ്പബ്ലിക് ടിവി തങ്ങള്‍ക്കെതിരെ മുംബൈ പോലീസ് വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സമർത്ഥിക്കുകയാണ്. കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് അതില്‍ റിപ്പബ്ലിക് ടിവിക്കെതിരെ പരാമര്‍ശങ്ങള്‍ ഇല്ല എന്നും ഇന്ത്യ ടുഡെയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായിട്ടും പോലീസ് അത് മറച്ചു വെച്ചു എന്നും അര്‍ണബ് കുറ്റപ്പെടുത്തുന്നു. കേസില്‍ മുംബൈ പോലീസ് നടപടികള്‍ പുരോഗമിക്കവെയാണ് റിപ്പബ്ലിക് ടിവി സുപ്രീംകോടതിയെ സമീപിച്ചത്. അതോടെ വിവാദം ദേശീയ ശ്രദ്ധയിലേക്കുവരുകയും നിരീക്ഷകര്‍ കേസില്‍ രാഷ്ട്രീയ മാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. 

 ബോളിവുഡ് യുവതാരം സുശാന്ത് സിംഗിന്റെ ദുരൂഹമരണത്തില്‍ മുംബൈ പോലീസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ റിപ്പബ്ലിക് ടിവിയുടെ പങ്കും പളരെ വലുതായിരുന്നു. കേന്ദ്രഭരണം നടത്തുന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് മാറി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കുന്ന ശിവസേനയോടുള്ള രാഷ്ട്രീയ വിരോധം സുശാന്ത് സിംഗ് കേസില്‍ പരമാവധി ആളിക്കത്തിക്കാനാണ് സംഘപരിവാര്‍ കേന്ദ്രങ്ങളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരുന്നത്.മുംബൈ പോലീസ് സുശാന്തിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാന്‍ വ്യഗ്രത കാണിച്ചെന്നും അവര്‍ കേസില്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷിക്കാന്‍ ആദ്യം ബിഹാര്‍ പോലീസ് പ്രത്യേക സംഘത്തെ നിയമിക്കുക പോലും ചെയ്തത്. പിന്നീട് കേന്ദ്രത്തിന്റെ സഹായത്തോടെയാണ് അന്വേഷണം സിബിഐക്ക്  കൈമാറിയത്.

 ഫലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ വടംവലിയാണ് സുശാന്ത് സിംഗ് കേസില്‍ കണ്ടത്. റിപ്പബ്ലിക് ടിവിയും ഇതേ വാദമാണ് സുപ്രീം കോടതിയിലും പുറത്തും ഉന്നയിക്കുന്നത്. മുംബൈ പോലീസിനെയും മഹാരാഷ്ട്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്നതിന്റെ പ്രതികാരമായാണ് റിപ്പബ്ലിക് ടിവിയെ കേസില്‍ കുടുക്കിയതെന്നാണ് അവരുടെ ആരോപണം.ഇതിനിടയില്‍ ടിആര്‍പി കൃത്രിമ അന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി സിഇഒയെയും സിഒഒയെയും മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) വികാസ് ഖഞ്ചന്ദാനി,  സിഒഒ ഹര്‍ഷ് ഭണ്ഡാരി എന്നിവരെയാണ് ഞായറാഴ്ച  യഥാക്രമം ഒന്‍പത്, അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തത്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് മുംബൈ പോലീസ് നടത്തിയതെന്നാണ് ഇതെക്കുറിച്ച് റിപ്പബ്ലിക് ടിവി ആരോപിച്ചത്. എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങില്ലെന്നും അവര്‍ പറയുന്നു. 'ഒരു സ്വതന്ത്ര മാധ്യമ ശൃംഖലയുടെ ഉറവിടങ്ങള്‍ പരിശോധിക്കാനും അടിയന്തിര ശൈലിയിലുള്ള എഡിറ്റോറിയല്‍ നിയന്ത്രണം മാധ്യമങ്ങളിലേക്ക് കൊണ്ടുവരാനും സ്റ്റേറ്റ് മെഷിനറികള്‍ ഉപയോഗിക്കാന്‍ ശ്രമമുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെതിരെ ശക്തമായി നിലകൊള്ളും,' റിപ്പബ്ലിക് ടിവി പറഞ്ഞു.ഈ മഹത്തായ ജനാധിപത്യത്തില്‍ മുംബൈ പോലീസ് മാധ്യമസ്വാതന്ത്ര്യത്തെ തലകീഴായി മാറ്റുന്നതായി തോന്നുന്നുവെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും റിപ്പബ്ലിക് ടിവി പറയുന്നു. മുംബൈ പോലീസിനെതിരെ റിപ്പബ്ലിക് ടിവി സുപ്രീംകോടതിയിലേക്ക് വരുന്നതിലൂടെ ഫലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ തന്നെയാണ് അവര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത്.