സമ്പന്ന നഗരങ്ങളിലെ കലാപങ്ങള്‍


NOVEMBER 2, 2019, 2:43 PM IST

ചിലിയുടെ തലസ്ഥാനമായ  സാന്റിയാഗോ  നഗരത്തില്‍  ജനകീയ പ്രക്ഷോഭം വ്യാപകവും രൂക്ഷവുമാണ്. അനാവശ്യമായ ഒരു പ്രക്ഷോഭമെന്നു പ്രത്യക്ഷത്തില്‍ പലര്‍ക്കും തോന്നിയേക്കാം. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് സാന്റിയാഗോ. പ്രതിശീര്‍ഷ ജിഡിപി 15,000  ഡോളറാണ്. (ഇന്ത്യയില്‍ പ്രതിശീര്‍ഷ ജിഡിപി 2100 ഡോളറില്‍ അല്‍പ്പം കൂടുതല്‍ മാത്രമാണെന്നോര്‍ക്കണം). അങ്ങനെയുള്ള ഒരു ലാറ്റിന്‍ അമേരിക്കന്‍ നഗരത്തില്‍ ജനങ്ങള്‍ അവരുടെ സാധാരണ ജീവിതം സ്തംഭിപ്പിച്ചു കൊണ്ട് എന്തിനാണ് തെരുവുകളില്‍ കലാപമുണ്ടാക്കുന്നത്?

പൊതു ഗതാഗത നിരക്കില്‍ വരുത്തിയ നേരിയ 4% വര്‍ദ്ധനവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തുടങ്ങിയ പ്രക്ഷോഭമാണിത്. പക്ഷെ കാര്യങ്ങള്‍ ഒക്ടോബര്‍ 18നു ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്കു വരെ ചെന്നെത്തിയിരിക്കുകയാണ്. പ്രക്ഷോഭം വ്യാപിച്ച ചിലിയുടെ മറ്റു പ്രദേശങ്ങള്‍ക്കൊക്കെ അത് ബാധകമാണ്. സാധാരണ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മരണ സംഖ്യ രണ്ടക്കത്തിലേക്കു കടന്നിരിക്കുന്നു.

സമീപകാലത്ത് അക്രമാസക്തമായ പ്രക്ഷോഭമുണ്ടായ ആദ്യനഗരമല്ല സാന്റിയാഗോ. കഴിഞ്ഞ വര്‍ഷം നവംബറില്‍  'മഞ്ഞക്കുപ്പായക്കാര്‍' (മഞ്ഞനിറമുള്ള മേലങ്കി ധരിച്ചവര്‍) എന്നറിയപ്പെട്ടവര്‍ നടത്തിയ രൂക്ഷമായ പ്രക്ഷോഭത്തിന് പാരീസ് സാക്ഷ്യം വഹിച്ചു. ഇന്ധന നികുതിയില്‍ വരുത്തിയ 20% (ചിലെയിലേതിനേക്കാള്‍ കുറവ്) വര്‍ദ്ധനവിനെതിരെയായിരുന്നു അവരുടെ പ്രക്ഷോഭം. സമയം കടന്നു പോയതോടെ അത് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഗവണ്മെന്റിനെതിരെയുള്ള ഒരു വിശാല പ്രക്ഷോഭമായി വളര്‍ന്നു.

ഹോങ് കോങില്‍ കുറ്റവാളികളെ കൈമാറുന്ന നിയമത്തിനെതിരെ  തുടങ്ങിയ പ്രക്ഷോഭം വിപുലമായ ജനാധിപത്യ അവകാശങ്ങള്‍ക്കായുള്ള ഒരു പ്രസ്ഥാനമായി  മാറുകയായിരുന്നു. ലോകത്തിലെ വലിയ രണ്ടു സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന് ആധാരമായ മറ്റൊരു അന്താരാഷ്ട്ര വിഷയമായി അത് മാറുകയും ചെയ്തു. പ്രതിശീര്‍ഷ ജിഡിപി 43,500  ഡോളറിനു മുകളിലുള്ള പാരിസും 38,500 ഡോളറിനു മുകളിലുള്ള ഹോങ് കോങും ലോകത്തിലെ സമ്പന്നമായ രണ്ടു നഗരങ്ങളാണ്.

ചിലിക്കപ്പുറമുള്ള എന്തെങ്കിലും മാനങ്ങള്‍ സാന്റിയാഗോവിലെ പ്രക്ഷോഭത്തിനുണ്ടോയെന്നു വ്യക്തമല്ല. എന്നാല്‍ ഈ പ്രക്ഷോഭങ്ങളെല്ലാം ഈ നഗരങ്ങളെക്കുറിച്ച് ചില ചോദ്യങ്ങളുയര്‍ത്തുന്നു. സ്വയമേവ ഉയര്‍ന്നുവരുന്നതും വളരെ അക്രമാസക്തവുമായ സമരങ്ങളുടെ വേദിയാകുകയാണ് ഈ നഗരങ്ങള്‍. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുടെ സംഘടനയായ ഒ ഇ സി ഡിയില്‍ വരുമാനത്തിലെ അസമത്വം വളരെ കൂടുതലായ രാജ്യമാണ് ചിലി. പാര്‍പ്പിടങ്ങളുടെ ഉയര്‍ന്ന വില കാരണം ജനങ്ങള്‍ ബിസിനസ് കേന്ദ്രങ്ങളില്‍ നിന്നും ദൂരേക്ക് മാറിത്താമസിക്കുകയാണ്. ജോലിക്കു പോകുന്നതിനായി അവര്‍ സ്വന്തം വാഹനങ്ങളെയോ അല്ലെങ്കില്‍ പൊതു ഗതാഗത സംവിധാനത്തെയോ ആശ്രയിക്കുന്നു. അതിനാല്‍ ഗതാഗത നിരക്കില്‍ വരുത്തുന്നതായ നേരിയ മാറ്റങ്ങള്‍ പോലും അവരെ ബാധിക്കും. പാരിസിലും സാന്റിയാഗോവിലുമുണ്ടായ പ്രക്ഷോഭങ്ങളില്‍ പ്രകടമായത് അതാണ്.

ഈ മൂന്നു നഗരങ്ങളിലെയും ഗവണ്‍മെന്റുകള്‍ ജനവികാരം മനസ്സിലാക്കാന്‍ കഴിയാത്തവിധം അന്ധത ബാധിച്ചവരായി. പൊതു സേവന തുറകളില്‍ കൂടുതല്‍ നിക്ഷേപിക്കേണ്ടതിന്റെയും സമ്പന്നരുടെ സ്വത്ത് പാവങ്ങള്‍ക്കുകൂടി പുനര്‍വിതരണം നടത്തേണ്ടതിന്റെയും ആവശ്യകത അവര്‍ മനസ്സിലാക്കുന്നില്ല. അന്യായവും പാരിസ്ഥിതിക സുസ്ഥിരതയുമില്ലാതെയുള്ള ഏതു സാമ്പത്തിക വളര്‍ച്ചയും ജനക്ഷേമമല്ല, അസ്വസ്ഥതയായിരിക്കും സൃഷ്ടിക്കുകയെന്നാണിത് കാണിക്കുന്നത്.