വർണങ്ങളുടെ സ്‌കൂൾ കാലം


SEPTEMBER 13, 2021, 10:03 AM IST

ഗൃഹാതുരത്വത്തിൻറെ നടവഴികൾ 


സിബി തോമസ് 


നീണ്ട അവധിക്ക് ശേഷം സ്കൂളുകൾ തുറന്നല്ലോ?

നമുക്കും നമ്മുടെ പള്ളിക്കൂടം ഓർമ്മകളിലേയ്ക്കൊന്ന് പോയാലോ…

മറന്നുവച്ച ഓർമ്മകളുടെ ചോറ്റുപാത്രം തേടി…

ണിം...ണിം...ണിം ..

."അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി

അതിനുള്ളിലാനന്ദദീപം കൊളുത്തി

പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും

പരമപ്രകാശമേ ശരണം നീയെന്നും..."

പന്തളം കെ.പി. രാമൻ പിള്ളയെ അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും.എങ്കിലും ഒളിമങ്ങാതെ മനസ്സിൽ തട്ടുന്ന മണിമുഴക്കത്തിനൊപ്പം അദ്ദേഹം എഴുതിയ ഈ പ്രാർത്ഥനാഗാനവും മായാതെ നമ്മുടെ മനസ്സിലില്ലേ?

അ ആ ഇ ഈ --അക്ഷരങ്ങളേയും 1 2 3 4 - അക്കങ്ങളേയും എനിക്ക് പരിചയപ്പെടുത്തി തന്ന അമ്മ തന്നെയായിരുന്നു എന്റെ ആദ്യ ഗുരു. അതുകൊണ്ട് തന്നെ ആശാൻ കളരി അഥവാ ആശാൻ പള്ളിക്കൂടം- പിന്നീട് നഴ്സറി സ്കൂൾ ആയും പ്രീസ്കൂൾ ആയും ലോവർ കിൻറർ ഗാർട്ടൻ അഥവാ എൽകെജി ആയും ഒക്കെ മാറിയ അതേ പ്രസ്ഥാനം- “നൈസായങ്ങ് സ്ക്കിപ്പു”ചെയ്തു ഞാൻ ഒന്നാം ക്ളാസിലെത്തി.എന്റെ പ്രാഥമിക വിദ്യാലയത്തിലേയ്ക്ക് വീട്ടിൽനിന്ന് ഏകദേശം ഒന്നര മൈൽ ദൂരമുണ്ട്.

ആദ്യമായി ഞാൻ സ്കൂളിൽ പോയത് "അപ്പാ"ന്ന് ഞാൻ വിളിക്കുന്ന എന്റെ അപ്പൂപ്പനോടൊപ്പമാണ്.നല്ല തൂവെള്ളമുണ്ടും കഴുത്തോട് ചേർന്ന്, ഇന്നത്തെ ജൂബ്ബയിൽ വയ്ക്കുന്ന പോലത്തെ കുടുക്ക് ബട്ടൺ വച്ച, അടുത്തടുത്ത് നേരിയ പിങ്ക് വരകളുള്ള, ഷർട്ടും തോളിൽ വൃത്തിയിൽ മടക്കിയ മേൽ മുണ്ടും കാലിൽ കറുത്ത വള്ളികളുള്ള തുകൽ ചെരുപ്പുമിട്ട എന്റെ അപ്പന്റെ കൈ പിടിച്ചാണ് ആദ്യമായി ഞാനാ കവാടം കടന്നത്.റോഡരികിലെ ഉയർന്ന മതിലിന് നടുക്കായി ഇളംനീലം പെയിന്റടിച്ച ഡിസൈനുകൾ ഒന്നുമേയില്ലാതെ പ്ളെയിൻ തകിടിൽ തീർത്ത വലിയ ഗെയ്റ്റ്. ഈ പ്രതിച്ഛായ ഒരു പക്ഷേ മനസ്സിൽ തെളിവാർന്നത് പിന്നീടായിരിക്കണം. ഗെയിറ്റ് കടന്ന്ചെല്ലുമ്പോൾ റോഡിനു സമാന്തരമായി മുകളിലേയ്ക്ക് വെളുത്ത നിറത്തിലും പകുതിയ്ക്ക് താഴെ ചാരനിറത്തിലും പെയിന്റടിച്ച നീണ്ട കെട്ടിടം.കവാടത്തിനും കെട്ടിടത്തിനും ഇടയിൽ പുല്ലൊന്നുമേയില്ലാത്ത വിശാലമായ മുറ്റം.

മുറ്റത്തിന്റെ മതിലിനോട് ചേർന്ന അരികിൽ ഒരുനിരയായി പലവർണ്ണ ഇലകളുമായി ക്രോട്ടൺ ചെടികൾ. ഇടത്തോട്ട് തിരിയുമ്പോൾ, നേരെ കണ്ട കെട്ടിടത്തിന് ലംബമായി വേറൊരു കെട്ടിടം. വീതിയിൽ വരാന്തയുള്ള ആ കെട്ടിടത്തിന്റെ തുടക്കത്തിൽ കാണുന്ന മുറിയിലേയ്ക്കാണ് ആദ്യം പോയത്.മതിലിനും കെട്ടിടത്തിനും ഇടയിൽ ഒരു പൂന്തോട്ടം. സ്റ്റെപ് കയറി വരാന്തയിലെത്തുമ്പോൾ മുകളിൽ ഇടത് വശത്ത് തൂണിനിപ്പുറം, പിന്നീടൊരിക്കലും മനസ്സിൽ നിന്ന് മായാത്ത മണിനാദം മുഴക്കിയ കറുത്തവട്ടവും വട്ടത്തിന് മുകളിൽ വലിയ ചുറ്റികയും തൂങ്ങിക്കിടന്നു.മുറിക്കുള്ളിൽ മേശയ്ക്കപ്പുറം നിറം മങ്ങിയ കടലാസുകെട്ടുകൾക്കും പുസ്തകങ്ങൾക്കും മുന്നിലെ കസേരയിൽ നരച്ച മുടിയും കട്ടിക്കണ്ണടയും ഗൗരവമുഖവുമുള്ള, മേശപ്പുറത്തെ വലിയ പുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്ന ആളാണ് ഹെഡ്മാസ്റ്ററെന്ന് പിന്നീട് മനസ്സിലായി. അതാണ് സ്കൂൾ ഓഫീസ് എന്നും.

പ്രധാനകവാടത്തിന്റെ നേരെ കാണുന്നതായിരുന്നു എന്റെ ക്ലാസ്റൂം. ഞാൻ ക്ളാസിലെത്തിയപ്പോഴേക്കും ഒട്ടുമിക്കവാറും കുട്ടികൾ എത്തി കലപില ചലപില ബഹളമായിരുന്നു. പനമ്പു കൊണ്ടുള്ള സ്ക്രീൻ വച്ച് തിരിച്ച തൊട്ടടുത്ത ക്ളാസുമുറികളിൽ നിന്നു കൂടി ശബ്ദ കോലാഹലങ്ങൾ.ചതുരത്തിലും നീളത്തിലും ഇട്ട ബഞ്ചിൽ ഇരുന്നും താഴെ നിന്നും വർത്തമാനം പറയുന്ന കുട്ടികളുടേയും തറയിലാകെ നിരന്ന് കിടന്ന പുസ്തകസഞ്ചികളുടേയും ഇടയിലൂടെ സാറെന്നെ (അന്ന് റ്റീച്ചർമാരെയും സാറെന്നാണ് വിളിച്ചിരുന്നത്) കറുത്ത വലിയ ബോർഡിന്റെ അരികിലുള്ള ബെഞ്ചിൽ മൂന്നാമതായി കൊണ്ടിരുത്തി. എന്നും നല്ല ഭംഗിയിൽ ഞൊറിഞ്ഞ സാരിയുടുത്ത് വരുന്ന ആ സാറിന്റെ പേരു് സരോജിനിസാറെന്നാണെന്നും അത് എന്റെ ആന്റീടെ (അഛൻ പെങ്ങൾ) കൂട്ടുകാരിയാണെന്നും പിന്നീടറിഞ്ഞു.എന്റെ ബെഞ്ചിൽ ഒന്നാമതിരുന്നത് രാജേശ്വരി എന്ന രാജി, രണ്ടാമത് പുഷ്പകുമാരി എന്ന പുഷ്പ, പിന്നെ ഞാൻ. രാജിയും പുഷ്പയും അയൽവക്കക്കാരാണ് ,കൂട്ടുകാരും.അവരു തമ്മിൽ ഒരു പരസ്പരധാരണയുണ്ടായിരുന്നു, ഓരോ ദിവസവും മാറി മാറി ഒന്നാമതിരിക്കുമെന്ന്. എന്നാൽ ഒന്നാമത്തെ ദിവസത്തിനു ശേഷം ഒന്നാമതിരിക്കാനുള്ള അവകാശം രാജിക്ക് തീറെഴുതി കൊടുത്തു പുഷ്പ, എന്റേയും കൂടി അടുത്തിരിക്കാൻ വേണ്ടി.

പിന്നീട് പല മേലെക്ലാസുകളിലും ഒന്നിച്ചല്ലാതിരുന്നിട്ടും വേറെയും ഒത്തിരി കൂട്ടുകാരെ രണ്ടുപേർക്കും കിട്ടിയിട്ടും ഏഴുകടലുകൾക്കും അക്കരെയും ഇക്കരെയും ആയിട്ടും അവളെന്റേയും ഞാനവളുടേയും എക്കാലത്തേയും ഏറ്റവും അടുത്ത കൂട്ടുകാരിയായതിൽ അത്ഭുതമില്ലല്ലോ.ആയിടക്കെപ്പോഴോ ആകണം ഞാനൊരാണായി ജനിച്ചിരുന്നെങ്കിൽ പുഷ്പയെ കെട്ടാമായിരുന്നെന്നു മോഹം പറഞ്ഞത്. പിന്നീട്, ഞാനങ്ങിനെ പറഞ്ഞതായി എല്ലാവരും പറഞ്ഞു പറഞ്ഞിനി അറിയാത്തത് നിങ്ങൾ മാത്രമാണ്.ആദ്യം ദിവസം ഞാനിട്ടിരുന്നത് റോസ് ഉടുപ്പാണോ പച്ച ഉടുപ്പാണോ എന്നോർമ്മയില്ല.പക്ഷേ പുഷ്പ ഇട്ടിരുന്നത് നല്ല പിങ്ക് നിറത്തിൽ വയലറ്റ് യോക്കുളള മിനുസമുള്ള ഉടുപ്പായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടേയും തലയിൽ റിബൺ കെട്ടിയുറപ്പിച്ച മരവും മരത്തിനു മുൻപിൽ ഒരേ വലിപ്പത്തിൽ വെട്ടിയിട്ട കുറുനിരകളും ഉണ്ടായിരുന്നു.വലിയ ഈസലിൽ വച്ച കറുത്ത ബോർഡിന്റെ വലത്തേയറ്റത്ത് വെളുത്ത ചോക്കുകൊണ്ട് താഴെ താഴെയായി സാറെഴുതി- Standard I , Division A, Strength 42. പിന്നെ എഴുതിയതിന് ഇടത്തും താഴെയും കൂട്ടിമുട്ടിച്ച വരകൾ കൊണ്ട് അതൊരു കോളമാക്കി.ബോർഡിന്റെ ഇടത്തേയറ്റത്ത് ചരിച്ച് അന്നത്തെ തീയതിയെഴുതി അടിയിലൊരു വരയും വരച്ചു. നടുക്ക് മലയാളം എന്ന് വിഷയം എഴുതി അടിവരയിട്ടു. അക്കങ്ങൾ പഠിപ്പിക്കുമ്പോൾ വിഷയം മാറി കണക്ക് എന്നാവും. ഇതെഴുതി കഴിഞ്ഞ് സാറ് സ്റ്റൂളിലിരുന്ന് മേശപ്പുറത്തെ നീണ്ട ഒരു ബുക്കിൽനോക്കി കുട്ടികളുടെയെല്ലാം പേരു വിളിക്കും. "ഹാജർ" എന്ന് പല ശബ്ദത്തിലും ഈണത്തിലും ഒച്ചയിലും പതിഞ്ഞും ഉയർന്നും നീട്ടിവലിച്ചും എല്ലാം മറുപടികളുമുണ്ടാവും.നീണ്ട പുസ്തകം കൂടാതെ പാഠപുസ്തകവും ചിലപ്പോൾ വേറെയൊരു നോട്ടുബുക്കും കൂടെയൊരു നീണ്ട ചൂരൽ വടിയും കൊണ്ടാണ് സാറ് ക്ലാസിൽ വരുന്നത്.അതവരുടെ ജോലിയുടെ അംഗീകരിക്കപ്പെട്ട ഒരു ഭാഗമായി കരുതിപ്പോന്നു.

തറ പറ പന... എന്നല്ല തറാ....പറാ... പനാ ... എന്ന് ആവോളം ഉച്ചത്തിൽ എല്ലാവരും ഏറ്റു പറഞ്ഞിരുന്നത് മതിലും കടന്ന് ‘സംഗതിയില്ലാത്ത സംഘഗാനം' ആയി റോഡിനപ്പുറത്തേയ്ക്ക് മാറ്റൊലി കൊണ്ടു. അതിനിടയിലാരെങ്കിലും വർത്തമാനം പറയുകയോ ഏറ്റുപറയാതിരിക്കുകയോ ചെയ്യുമ്പോൾ സാറിന്റെ മുഖം ചുളിയുകയും സാറിന്റെ മുന്നിലെ മേശപ്പുറം ചൂരലിന്റെ ചൂടറിയുകയും ചെയ്തിരുന്നു.അമ്മ ഇട്ടുതരുന്ന പിന്നിലൊരു 'ബോ' കെട്ടിയ ഉടുപ്പ്.തലയിൽ റിബണിട്ട് കെട്ടിയ മരം.

പിന്നെ, പിന്നിലൊരു ബാഗും.ഇന്നത്തെ പുറംസഞ്ചി പോലെ ലംബമായല്ല സമാന്തരമായി രണ്ട് തോളിലും വള്ളിയിട്ട് പുറത്ത് കിടക്കുന്നതോ കയ്യിൽ തൂക്കിപ്പിടിക്കുന്നതോ ആയ ബാഗുകൾ. എന്റെ ഓർമ്മയിലെ ബാഗിന് ചുവന്ന നിറവും കളം കളം വരകളുമുണ്ട്.പലതരം ബാഗുകൾ മാറി, സ്‌കൂളും മാറി. ആറാം കളാസിലെത്തിയപ്പോഴാണു് അയൽപക്കത്തെ കൂട്ടുകാർക്ക് ബോംബെയിൽ നിന്നും കിട്ടിയത് പോലത്തെ, അത് കണ്ട് ഒത്തിരി ആശിച്ച, സ്‌കൂൾ ബോക്സ് കിട്ടിയത്. അവരുടേത് സിൽവർ നിറത്തിലുള്ളതായിരുന്നു. എന്റേത് ടർക്കിഷ് ബ്ലൂ കളറിലും. എന്റെ അച്ഛൻ അടുത്ത ടൗണിലെ കടയിൽ പ്രത്യേകം പറഞ്ഞു വരുത്തിച്ചു തന്ന ആ ബോക്സ് പത്താം ക്ളാസിലെത്തും വരെ എന്റെ സ്കൂൾ യാത്രയിലെ സന്തതസഹചാരിയായിരുന്നു. വായിച്ച് കളിയാക്കില്ലെങ്കിൽ പറയട്ടെ, ആ പെട്ടി വിമാനത്തിൽ കയറിയിങ്ങ് പോന്നിരുന്നു. ക്ളിപ്പൊക്കെ കുറച്ച് തുരുമ്പെടുത്തെങ്കിലും എന്റെ കൂടെത്തന്നെയുണ്ട്. ചിലരുടെ മനസ്സിലെങ്കിലും ഒരു ചോദ്യമുണ്ടാവും..ചോദിക്കണ്ട... 'കടിഞ്ഞൂൽ കല്യാണ'ത്തിലെ ഉർവ്വശീടെ പെട്ടിയിലെ പോലെ ആദ്യം പല്ലുതേച്ച ബ്രഷും ആദ്യം മാവിലെറിഞ്ഞ കല്ലും ഒന്നും പെട്ടീലില്ലെന്നേ...ഒന്നാംകളാസിലെ ബാഗിലേയെക്കൊന്നെത്തി നോക്കാം.ഇന്നത്തേത് പോലെ കുഞ്ഞിലേ പുറംവേദന ഉണ്ടാക്കുന്ന, എടുത്താൽ പൊങ്ങാത്ത, ചുമടൊന്നുമില്ലതിൽ. നിലത്ത് വീണാൽ പൊട്ടുന്ന ഒരു സ്ലേറ്റ്, ഒരു പാഠപുസ്തകം, ഒരു കല്ലുപെൻസിൽ, ഒരു കുട…അത്രയുമേയുള്ളൂ. കറുത്ത സ്ലേറ്റിന് ചുറ്റും മരത്തിന്റെ ഇളം മഞ്ഞ ബോർഡർ. സ്ലേറ്റെങ്ങാൻ പൊട്ടിപ്പോയാൽ സങ്കടക്കണ്ണീരായി. കല്ലുപെൻസിലിന്റെ അടിഭാഗത്തൊരു വർണ്ണക്കടലാസുണ്ട്. പുതിയ പെൻസിൽ ഒടിയും വരെ വല്യ ഗമയാ...ഗമ കൂട്ടുന്ന വേറെയും ഒരൂട്ടമുണ്ട്--മഴവിൽകളറുള്ള സ്ലേറ്റ് പെൻസിൽ. സ്‌കൂളിൽ പോകുന്ന വഴിയിലെ കടയിൽ ചെറിയ ചെറിയ പെട്ടികളിൽ നിറച്ചു വച്ചിട്ടുണ്ട്. സാധാരണ പെൻസിലിന് രണ്ട് പൈസയേയുള്ളൂ കളർ പെൻസിലിന് പത്ത് പൈസയാ വില. പെട്ടെന്നൊടിയുകയും ചെയ്യും. എന്നാലും ഗമ ഇത്തിരി കൂടുതലാണേ...സ്ലേററും പെൻസിലുമൊക്കെ അന്നു പെട്ടെന്ന് പൊട്ടിപ്പോകുന്ന വസ്തുക്കളായിരുന്നു.പിന്നീട് പൊട്ടി പോകാത്ത സ്ലേറ്റ് വന്നു പക്ഷേ ചിലപ്പോൾ എഴുതിയാലത്ര വ്യക്തമാവില്ല. പിന്നെ എഴുതിത്തീർന്ന് ഷീറ്റ് പൊക്കുമ്പോൾ എഴുതിയത് മാഞ്ഞു പോകുന്ന തീരെ കനം കുറഞ്ഞ സ്ലേറ്റു വന്നു. അതിനത്ര പോപ്പുലാരിറ്റി അന്നു് കിട്ടിയില്ലെന്ന് തോന്നുന്നു. 

ഇനി, സ്ലേറ്റിലെഴുതിയതെങ്ങിനെ മായ്ക്കും?അതിനാണല്ലോ മഷിത്തണ്ട്. നല്ല പച്ചനിറത്തിൽ ഭംഗിയുള്ള ഇലകളും കുഞ്ഞുമണിയുള്ള ചെറിയ നാമ്പുകളുമായി 'തവളപ്പുല്ല്' എന്നും വിളിക്കുന്ന മഷിതണ്ട്. ധാരാളം ജലാംശമുള്ള മഷിത്തണ്ടിട്ട് ഉരുമ്മി അതിലെ വെള്ളം കൊണ്ടാണ് സ്ലേറ്റ് മായ്ക്കൽ. സാറമ്മാർ വഴക്ക് പറഞ്ഞാലും ആരും കാണാതെ തുപ്പൽ തൊട്ട് മായ്ക്കുന്ന വിരുതരും അത് കണ്ട് പിടിച്ച്‌ ‘സാറേ... ദേ. ..ഈ കുട്ടി' എന്നു ഉറക്കെ വിളിച്ചു പറയുന്ന കുറ്റാനേഷകരും കുറവേയല്ല.പക്ഷേ ഗമ കൂടിയ മറ്റൊന്നുണ്ട്... അത് കുത്തിവയ്ക്കണ മരുന്നിന്റെ റബറടപ്പുള്ള കാലിക്കുപ്പി. കുപ്പിയുടെ അടപ്പിലൂടെ തുളച്ചിടുന്ന ഓട്ടയുള്ള നേരിയ വയർ. അടപ്പിൽ ഞെക്കുമ്പോൾ വെള്ളം വരും. ആ... ഹാ...എന്താ സ്റ്റൈല്?കുറച്ചു ദിവസം അപ്പൻ കൂടെ വന്നു കാണണം. പിന്നെ വീടിന്റെ ഭാഗത്തു നിന്നുള്ള ഒരു വൻ കുട്ടിസംഘത്തോടപ്പമായി വരവും പോക്കും. എംസി റോഡിന്റെ ഓരം ചേർന്ന് ഒറ്റ വഴിയാണെങ്കിലും തനിച്ചു പോകാൻ എനിക്ക് ഭയങ്കര പേടിയായിരുന്നു.  പ്രധാനമായും രണ്ട് കാരണങ്ങളാണ്: കുട്ടികളെ ഉപദ്രവിക്കുകയൊന്നുമില്ലെങ്കിലും മിക്കവാറും വഴിയിൽ ഒരു "പ്‌രാന്തത്തി" സ്ത്രീയുണ്ടാവും. അവർക്ക് "പ്‌രാന്താണെന്ന്" മറ്റു കുട്ടികൾ പറഞ്ഞാണറിഞ്ഞത്. ഒരിക്കലവരെന്റെ ഉടുപ്പിൽ തൊട്ട് എന്തോ കുശലം പറഞ്ഞു, ഞാൻ പേടിച്ചു കരഞ്ഞു ബഹളമിട്ടു. ഭാഗ്യത്തിന് അത് ഒരു കടയുടെ  മുന്നിൽ വച്ചായിരുന്നു. കടയിലുണ്ടായിരുന്നവർ 'കൊച്ചിനെ പേടിപ്പിച്ചതിന്' അവരെ വഴക്ക് പറയുകയും എന്നോട് സാരല്യാന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കേം ചെയ്തു. കരഞ്ഞു കരഞ്ഞാ അന്ന് സ്കൂളിലെത്തിയത്. വീട്ടിൽ പറഞ്ഞപ്പോൾ അമ്മ പറഞ്ഞു ‘അതൊരു പാവം സ്ത്രീയാ..ഒന്നും ചെയ്യൂല്ല പേടിക്കണ്ട'ന്ന്. എന്നാലും എന്റെ പേടിയുണ്ടോ മാറുന്നു?പിന്നെ സ്കൂൾ അടുക്കാറാവുന്ന ഭാഗത്ത്--അന്ന് കടകളും വീടുകളും ഒന്നും ആ ഭാഗത്തില്ലായിരുന്നു--

താടിയും മുടിയും നീട്ടി വളർത്തി ചിലപ്പോൾ വസ്ത്രമൊന്നുമില്ലാതെയും നടക്കുന്ന ഒരു ഭ്രാന്തനും ഉണ്ടായിരുന്നു. അയാൾ ഇടയ്ക്ക് കല്ലെടുത്തെറിയും. കുട്ടികൾക്കെല്ലാം തന്നെ പേടിയായിരുന്നു. എന്നാലും അയാളെക്കാണുമ്പോൾ, പ്രത്യേകിച്ചും ആൺകുട്ടികൾ--കൂക്കി വിളിച്ച് ഒച്ച വയ്ക്കും. ഞാനൊക്കെ വേഗം വേഗം നടക്കും.ശരിക്കും കുട്ടികൾ അയാളെയാണോ അയാൾ കുട്ടികളെയാണോ ഭയന്നിരുന്നത്?പേടിയുടെ ഒന്നാമത്തെ കാരണം മനുഷ്യരായിരുന്നെങ്കിൽ പേടിയുടെ രണ്ടാമത്തെ കാരണം മൃഗങ്ങളായിരുന്നു. റോഡ് സൈഡിൽ പുല്ലുതിന്നാൻ കെട്ടിയിട്ടിരുന്ന കാളകളും പശുക്കളും. അവറ്റകൾ ചിലപ്പോൾ മൂക്കും കുലുക്കി നേരെ വരും, ചുമ്മാ പേടിപ്പിക്കാൻ. പിന്നെ ഇടയ്ക്കിടയ്ക്ക് റോഡ് നിരത്തി വരുന്ന കാളക്കൂട്ടങ്ങളും പോത്തുകളും.വിൽക്കാനും അറുക്കാനും കൊണ്ടുപോകുന്ന, നടന്ന് തളർന്ന് അടികൊണ്ട് അവശരായ, കണ്ണിൽ നിന്നു് കണ്ണീർ വരുന്ന, കന്നാലികൂട്ടം. എന്ത് പേടിയായിരുന്നെന്നോ? 

അതുകൊണ്ട് കൂട്ടുകാരില്ലാത്ത യാത്ര അമ്പമ്പോ.... ഓർക്കാനേ...വയ്യ.

(തുടരും) 

ഇമെയ്ൽ: [email protected]