അജണ്ടകള്‍, യാഥാര്‍ഥ്യങ്ങള്‍


NOVEMBER 22, 2019, 3:36 PM IST

കേന്ദ്രസര്‍ക്കാരിന്റെ അടുത്ത കാര്യപരിപാടിയിലൊന്ന് ദേശീയ പൗരത്വ പട്ടികയാണ്. അസമില്‍ എന്ന പോലെ രാജ്യമെങ്ങും ദേശീയ പൗരത്വ പട്ടിക എന്ന നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍. ആര്‍. സി) തയാറാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചു. കുടിയേറ്റ പ്രശ്‌നമുള്ള അസമില്‍ പട്ടിക തയാറാക്കിയപ്പോള്‍ 19 ലക്ഷത്തിലേറെപേര്‍ അതിനു പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ അസമിനായി പുതിയ പൗരത്വ പട്ടിക ഉണ്ടാക്കുമെന്നും അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കുന്നു എന്നതിന്റെ പേരില്‍ ഏതെങ്കിലും മതത്തിന്റെ ആള്‍ക്കാര്‍ ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരെയും പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ടെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു. 

അയോധ്യ, ശബരിമല വിധികള്‍, ജമ്മുകശ്മീര്‍ വിഭജനം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് മറ്റൊരു ചൂടേറിയ ചര്‍ച്ചാ വിഷയത്തിലേക്ക് നടക്കുന്ന അനുഭവമാണ് ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കുക. ആളുകളെ തള്ളാനും കൊള്ളാനുമുള്ള ഉപാധിയായി പട്ടിക മാറാം എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്തരം വൈകാരികമായ വിഷയങ്ങള്‍ക്കിടയില്‍ മറയ്ക്കപ്പെട്ടു കിടക്കുന്ന ഒരു പ്രധാന വിഷയം സാമ്പത്തിക മാന്ദ്യമാണ്. ലോകത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന പറച്ചിലുകള്‍ കേള്‍ക്കാതായി. പകരം കേള്‍ക്കുന്നത്, ഇക്കൊല്ലം വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്നാണ്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു എന്നാണ്. പിടിച്ചു നില്‍ക്കാന്‍ കര്‍ഷകനും തൊഴിലാളിയും വ്യവസായിയുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടുന്നു എന്നാണ്. ജി. എസ്. ടി നടപ്പാക്കിയെങ്കിലും നികുതി വരുമാനം കുറയുന്നുവെന്നാണ്. 

ഖജനാവില്‍ പണമില്ലാതെ വരുന്നതിന് സര്‍ക്കാര്‍ കണ്ടെത്തുന്നത് ആസ്തി വില്‍പനയുടെ വഴിയത്രേ. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളില്‍ സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. മാനേജ്‌മെന്റ് നിയന്ത്രണം അടക്കം സ്വകാര്യമേഖലക്ക് കൈമാറുന്നു. രണ്ടു പ്രമുഖ ടെലിഫോണ്‍ കമ്പനികള്‍ ലയിപ്പിക്കുകയും നഷ്ടം നികത്താന്‍ അതിന്റെ ആസ്തികള്‍ വില്‍ക്കുകയുമാണ്. നഷ്ടത്തിലായ എയര്‍ ഇന്ത്യ വില്‍ക്കുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ തീരുമാനം അനുസരിച്ച് കൊച്ചി റിഫൈനറി പൊതുമേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്ക് പോവുകയാണ്. റിഫൈനറിയുടെ ഉടമകളായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാനേജ്‌മെന്റ് നിയന്ത്രണം കൈമാറുന്ന വിധം, സര്‍ക്കാറിന്റെ 53.29 ശതമാനം ഓഹരിയും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ മറ്റു നാലു പൊതുമേഖല സംരംഭങ്ങളും വില്‍പനക്ക് വെച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കേന്ദ്രത്തിന് 51 ശതമാനം ഓഹരി നിലനിര്‍ത്തണമെന്ന വ്യവസ്ഥ എടുത്തു കളയാനും തീരുമാനിച്ചിരിക്കുന്നു. 

ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരണത്തെ അപലപിച്ച് കഴിഞ്ഞ ദിവസമാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. എന്നാല്‍ അതു തള്ളിക്കളഞ്ഞാണ് സ്വകാര്യവല്‍ക്കരണം കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചത്. വളരെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി എണ്ണ ശുദ്ധീകരണ ശാലയില്‍ 3000ഓളം തൊഴിലാളികളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വലിയ തോതില്‍ വികസന നിക്ഷേപം നടത്തിയിരുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിയിലെ ഫാക്ടിന് മരണമണി മുഴങ്ങുന്നതിനൊപ്പമാണ് റിഫൈനറി സ്വകാര്യമേഖലയുടെ പിടിയിലാവുന്നത്. ആസ്തി വിറ്റ് കടബാധ്യത ഒഴിവാക്കുക എന്നത് നല്ല ആശയമാണോ? ആസ്തി വില്‍പന തുടര്‍ന്നാല്‍ തറവാട്ടുകാരന്‍ എത്തിച്ചേരുന്നത് വാടക വീട്ടിലാവും.

***    ***      ***

എസ്. പി. ജി സുരക്ഷ എടുത്തുകളഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സി. ആര്‍. പി. എഫിന്റെ സുരക്ഷക്കു കീഴില്‍ യാത്ര ചെയ്യാന്‍ വിട്ടുകൊടുത്തത് 10 വര്‍ഷം പഴകിയ ടാറ്റ സഫാരി കാര്‍. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതിക്ക് ഇപ്പോള്‍ കാവല്‍ നില്‍ക്കുന്നത് ഡല്‍ഹി പൊലീസ്. 28 വര്‍ഷമായി രാജ്യത്തെ ഏറ്റവും മുന്തിയ സുരക്ഷ ലഭിച്ചുവന്ന നെഹ്‌റു കുടുംബാംഗങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വന്ന മാറ്റത്തിന്റെ ചിത്രം അങ്ങനെ. പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനത്തിനു പകരമാണ് ടാറ്റ സഫാരി. എസ്. പി. ജി സംരക്ഷണത്തില്‍സോണിയയും പ്രിയങ്കയും ബാലിസ്റ്റിക് പ്രതിരോധമുള്ള റേഞ്ച്‌റോവറിലാണ് സഞ്ചരിച്ചിരുന്നത്. രാഹുല്‍ ഗാന്ധിക്ക് ഫോര്‍ച്യൂണര്‍. എസ്. പി. ജിയെ പിന്‍വലിച്ച ശേഷം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നല്‍കിയിരിക്കുന്നത് എസ്. പി. ജിയില്‍ നിന്നുള്ള ബി. എം. ഡബ്ല്യു കാറാണ്. സുരക്ഷാ ഭീഷണി കുറഞ്ഞുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അടുത്തയിടെയാണ് എസ്. പി. ജി സുരക്ഷ പിന്‍വലിച്ചത്.