വിശ്വാസം, അതല്ലേ എല്ലാം!


DECEMBER 6, 2019, 3:16 PM IST

ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ബോധദീപ്തവും പുരോഗമനപരവുമായ അടിസ്ഥാന നിയമമാണ്. അതിനെ വെറുമൊരു നിയമ സംഹിതയായല്ല, രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനം ലക്ഷ്യംവയ്ക്കുന്ന അടിസ്ഥാന തത്വങ്ങളായാണ് ഭരണഘടനാ സൃഷ്ടാക്കള്‍ വിഭാവനം ചെയ്തത്. മതം, ജാതി, വംശം, വര്‍ഗ്ഗം, ലിംഗം തുടങ്ങിയവയുടെ പേരില്‍ വിവേചനം പാടില്ല എന്നു നിഷ്‌കര്‍ഷിക്കുന്ന ഭരണഘടനയെ 'മതേതരം' എന്ന് വിശേഷിപ്പിക്കുന്ന കാര്യത്തില്‍ പക്ഷേ ഭരണഘടനാ നിര്‍മ്മാണ സഭയ്ക്ക്‌യോജിപ്പിലെത്താനായില്ല. മതേതരത്വം എന്ന വാക്കിന്റെ നിര്‍വ്വചനം സംബന്ധിച്ചും വിയോജിപ്പ് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1976-ല്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42-ാം ഭരണഘടനാഭേദഗതിയാണ് ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം എന്ന വാക്ക് ഉള്‍പ്പെടുത്തിയത്.

എങ്കിലും മതേതരത്വം മൗലികാവശങ്ങളുടെ ചട്ടക്കൂടില്‍ അന്തര്‍ലീനമായ അടിസ്ഥാനതത്വംതന്നെ ആയിരുന്നു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും അതിനാല്‍ത്തന്നെ അത് ഭേദഗതി ചെയ്യാനാവില്ലെന്നും പിന്നീട് സുപ്രീംകോടതി വിധിക്കുകയുമുണ്ടായി.

ഈ അടിസ്ഥാന തത്വവും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരം എന്നും നിലനിന്നിരുന്നു എങ്കിലും മതേതരത്വം ഭീഷണി നേരിട്ടപ്പോഴെല്ലാം കോടതി അതിന്റെ രക്ഷയ്ക്ക് എത്തിയിരുന്നു. രാജ്യഭരണകാര്യങ്ങളില്‍ മതത്തിന് ഒരു സ്ഥാനവുമില്ലെന്ന് കോടതി വിധിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒരേ സമയം മതപരമായ പാര്‍ട്ടി ആയിരിക്കാനാവില്ല. രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനാവില്ല. മതേതരത്വത്തിന് വിരുദ്ധമായ നയങ്ങള്‍ പിന്തുടരുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമായാണ് പെരുമാറുന്നത്. അതിനാല്‍ത്തന്നെ ഭരണഘടനയുടെ 356-ാം അനുച്ഛേദം അനുസരിച്ചുള്ള നടപടികള്‍ക്കു വിധേയവുമാണ്. 

വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും അധിവസിക്കുന്ന ഒരു രാജ്യത്ത് മതേതരത്വം ജനാധിപത്യത്തിന്റെ തന്നെ ആധാരശിലയാണ്. അതില്ലെങ്കില്‍ സമത്വമില്ല; സമത്വമില്ലെങ്കില്‍ ജനാധിപത്യവും. ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അയോദ്ധ്യാകേസിലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഏകകണ്ഠമായ വിധി ഏതൊരു മതേതരവിശ്വാസിക്കും മനോവേദന ഉളവാക്കാന്‍ പോന്നതാണ്. 

1949 ഡിസംര്‍ 22 ന് ബാബറി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ കൊണ്ടുവെച്ചതും 1992 ഡിസംബര്‍ 6 ന് മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായിരുന്നു എന്നു കോടതി കണ്ടെത്തി. മതോതരത്വത്തിന്റെ കടയ്ക്ക് കത്തിവച്ച ഈ രണ്ടു സംഭവങ്ങളാകട്ടെ, സുപ്രീംകോടതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് അട്ടിമറിച്ചുകൊണ്ടായിരുന്നു. ഈ നിയമലംഘനത്തിനെതിരായകേസുകള്‍ വിവിധ കോടതികളില്‍ വിചാരണ കാത്ത് കഴിയുകയുമാണ്. ഈ സാഹചര്യത്തില്‍ നിയമം ലംഘിച്ചവര്‍ക്കുതന്നെ മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മിക്കുന്നതിനായി നല്‍കിയതിന്റെ സാംഗത്യം എന്താണ്? 

തര്‍ക്കഭൂമിയിലാണ് രാമന്‍ ജനിച്ചത് എന്ന ഒരു തെളിവുമില്ലാത്ത, പുരാണങ്ങളില്‍ത്തന്നെ ഏകാഭിപ്രായമില്ലാത്ത, വിശ്വാസത്തിന് ഊന്നല്‍ നല്‍കുകയായിരുന്നു കോടതി. എവിടെയാണ് രാമന്‍ ജനിച്ചത് എന്നതിന് ഒരു രേഖയുമില്ല. തര്‍ക്കസ്ഥലത്ത് രാമജന്മഭൂമിക്ഷേത്രം നിലനിന്നിരുന്നു എന്നതിനുപോലും തെളിവുകളില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതത് എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ക്ക് ആധികാരികതയുണ്ടെന്ന് പറഞ്ഞ കോടതി, ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് അതു മാത്രം പോരെന്ന് വിലയിരുത്തി. പള്ളി നിര്‍മിക്കപ്പെട്ടതിന് അടിയില്‍ ഒരു നിര്‍മിതി ഉണ്ടായിരുന്നു എന്നല്ലാതെ അതൊരു ക്ഷേത്രമായിരുന്നു എന്നതിനു തെളിവില്ല. അതിനാല്‍ അത്തരം ഒരു നിര്‍മ്മിതി ഉണ്ടായിരുന്നു എന്നതുകൊണ്ടുമാത്രം ഉടമസ്ഥാവകാശം സ്ഥാപിക്കാനാകില്ല, അതൊരു ഹിന്ദുക്ഷേത്രമായിരുന്നാല്‍പോലും എന്നും കോടതി നിരീക്ഷിച്ചു.

അതേ സമയം, മുസ്ലീമുകളെ സംബന്ധിച്ചിടത്തോളം ബാബ്‌റി മസ്ജിദ് മറ്റേതൊരു മോസ്‌കും പോലെയാണ്. അത് ഏതാനും കിലോമീറ്റര്‍ മാറ്റിസ്ഥാപിച്ചാലും വിശ്വാസത്തിന് ഒരുകോട്ടവും സംഭവിക്കുകയില്ല. ചുരുക്കത്തില്‍, വിശ്വാസം വ്യക്തിഗതമാണെന്നും വസ്തുതര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ വിശ്വാസത്തിന് സ്ഥാനമില്ലെന്നും പറഞ്ഞ അതേകോടതി തന്നെ ഒരു വിഭാഗം ആളുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കുകയാണ് ചെയ്തതെന്നു കാണാം. നിയമത്തിനും ഭരണഘടനാ തത്വങ്ങള്‍ക്കും മീതെയാണ് അവിടെ കോടതി വിശ്വാസത്തെ പ്രതിഷ്ഠിച്ചത്.

ഇന്ത്യന്‍ സുപ്രീംകോടതി ലോകത്തിലെ മറ്റ് സുപ്രീംകോടതികളെ അപേക്ഷിച്ച് ഏറ്റവും ശക്തമായി കണക്കാക്കപ്പെടുന്നു. പല പ്രധാന പ്രശ്‌നങ്ങളിലും നടത്തിയ ഭരണഘടനാ വ്യാഖ്യാനങ്ങളിലൂടെ അത് ഇന്ത്യന്‍ ഭരണഘടനതന്നെ പുനരാവിഷ്‌കരിക്കുകയുണ്ടായി. മറ്റൊരു പാര്‍ലമെന്റായിപോലും അത് ചിലപ്പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധികള്‍ രാജ്യത്തെ നിയമമാണ്. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴാണ് അയോദ്ധ്യാവിധിയില്‍ അടങ്ങിയിരിക്കുന്ന ചതിക്കുഴികള്‍ മറനീക്കുന്നത്. 

ഇന്ത്യയുടെ 72 വര്‍ഷം പഴക്കമുള്ള മതേതര ജനാധിപത്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു മതരാഷ്ട്രം കെട്ടിപ്പെടുക്കാനുള്ള അടിസ്ഥാനശിലയായി സുപ്രീംകോടതിയുടെ വിധിയെ കാണാനാകും എന്നതാണ് പ്രശ്‌നം. അത്തരം ഒരു 'മ്യൂട്ടേഷനു'ള്ള നിയമപരമായ അടിത്തറ വിധി നല്‍കുന്നുണ്ട്.   

രാജ്യത്ത് മതേതരത്വം ശക്തിപ്പെടുത്താന്‍ പോയിട്ട് നിലനിറുത്താനെങ്കിലും അയോദ്ധ്യാകേസിലെ വിധി ഉപകരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂരിപക്ഷവാദ ധര്‍മ്മചിന്ത കൂടുതല്‍ കൂടുതല്‍ രാജ്യത്ത് പ്രകടമാകുന്ന പശ്ചാത്തലത്തില്‍ ഈചോദ്യം കൂടുതല്‍ പ്രസക്തമാകുകയും ചെയ്യുന്നു. ഇന്ത്യന്‍ ദേശീയതയായി വ്യാഖ്യാനിക്കപ്പെടുന്ന ഭൂരിപക്ഷ അതിക്രമങ്ങള്‍ക്ക് അത് ന്യായീകരണമാകുമെന്ന ഭീതി നിലനില്‍ക്കുന്നു.

നിയമം കയ്യിലെടുത്ത് ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിച്ചാലും ഭൂരിപക്ഷ സമുദായം റിവാര്‍ഡ് അര്‍ഹിക്കുന്നു എന്ന തോന്നലല്ലേ ഈ വിധി നല്‍കുന്നത്? ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് ഭൂരിപക്ഷ സമൂഹത്തിന്റെ പ്രത്യേക കര്‍ത്തവ്യമായിട്ടാണ് പരിഷ്‌കൃത സമൂഹങ്ങള്‍ കണക്കാക്കുന്നത്. 

അയോദ്ധ്യാവിധിയെ ഇന്ത്യന്‍ സമൂഹം പൊതുവേ സ്വാഗതം ചെയ്തതായാണ് വിലയിരുത്തല്‍. അതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നതാണ് ആ നിഗമനത്തിന്റെ കാതല്‍. ജംഇയത്തുല്‍ ഉലേമാ ഇ ഹിന്ദ് പോലുള്ള സംഘടനകള്‍ വിധിയില്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്.  എന്നാല്‍, പ്രതികൂലവിധികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന സമുദായം കലാപം ഉണ്ടാക്കിയില്ല എന്നതുകൊണ്ട് അത് പൊതുവില്‍ സ്വീകരിക്കപ്പെട്ടു എന്നു പറയാമോ? അത് ന്യൂനപക്ഷ സമുദായത്തില്‍ ആഴത്തിലുള്ള മുറിവ് ഏല്പിച്ചിട്ടുണ്ട് എന്ന് പല ഭാഗത്തു നിന്നുമുള്ള പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാണ്.

അനുകൂല വിധിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്ത ഹിന്ദുത്വനേതാക്കളാകട്ടെ, ന്യൂനപക്ഷസമുദായം ഭയപ്പെട്ടിരുന്നതുപോല, ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്ന മഥുര, വാരണാസി മോസ്‌കുകളുടെ മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ മടികാണിച്ചതുമില്ല.

അഞ്ചേക്കര്‍ ഭൂമി എന്തടിസ്ഥാനത്തിലാണ് മുസ്ലീമുകള്‍ക്ക് നല്‍കിയത്? 'പൂര്‍ണ്ണ നീതി' ഉറപ്പാക്കാനാണന്നാണ് ന്യായീകരണം. അതായത് മുസ്ലീമുകളോട് പൂര്‍ണ്ണനീതിയല്ല ചെയ്തത് എന്നു സിദ്ധിക്കുന്നു. അതിനുള്ള നഷ്ടപരിഹാരമാണ് അഞ്ചേക്കര്‍ സ്ഥലം. മുസ്ലീമുകള്‍ക്ക് തര്‍ക്ക സ്ഥലത്ത് ഒരു അവകാശവുമില്ലെങ്കില്‍ അവരെ വെറുംകയ്യോടെ വിടണമായിരുന്നു. അതല്ല അല്പമെങ്കിലും അവകാശം ഉണ്ടായിരുന്നുവെങ്കില്‍ ആ സ്ഥലം ഏറ്റെടുത്ത് 'ഗ്രൗണ്ട് സീറോ' ആയി സൂക്ഷിക്കാന്‍ കോടതിക്ക് ഉത്തരവിടാമായിരുന്നു; ഹിന്ദുക്കള്‍ക്കുക്ഷേത്രവും മുസ്ലീമുകള്‍ക്ക് മോസ്‌കും നിര്‍മ്മിക്കാന്‍ സമീപത്തുതന്നെ പകരം സ്ഥലം നല്‍കാമായിരുന്നു. അഞ്ചേക്കര്‍ സ്ഥലമാണ് മുസ്ലീമുകള്‍ക്ക് വേണ്ടിയിരുന്നെങ്കില്‍, അസാദുദ്ദീന്‍ ഒവൈസി എം. പി. പ്രതികരിച്ചതുപോലെ, ഹൈദരാബാദിലെ തെരുവില്‍ തെണ്ടിയാലും അതിനുള്ള പണം ലഭിക്കുമായിരുന്നു.

ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒരു തര്‍ക്കത്തിന് അന്ത്യംകുറിച്ചു എന്നതുപോലെതന്നെ മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതിലും ഈ വിധി ഉപകരിച്ചു എന്നു സമ്മതിക്കാം. പക്ഷേ, വിശ്വസിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ അത് യുക്തിസഹമാണോ അല്ലയോ, അത് നീതീകരിക്കാവുന്നതോ അല്ലയോ, എന്നിങ്ങനെയുള്ള തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍കോടതിക്ക് അവകാശമില്ല. ബാബ്‌റി വസ്തുതര്‍ക്കത്തില്‍ വിധി പറയുമ്പോള്‍ നിയമവും വിശ്വാസവും തമ്മില്‍ സന്തുലനം പാലിക്കാന്‍കോടതി പരിശ്രമിച്ചു എങ്കിലും നിയമത്തേക്കാള്‍, ഭരണഘടനാ തത്വങ്ങളേക്കാള്‍, വിശ്വാസത്തിന് പ്രാമുഖ്യം നല്‍കി. ഒരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ പക്ഷം പിടിച്ചു. അവസാന ചിരി വിശ്വാസത്തിന്റേതായി. 

'വിശ്വാസം, അതല്ലേ എല്ലാം!'കേരളത്തിലെ ഒരു സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ വചകം അന്വര്‍ത്ഥമാക്കുന്നതാണ് അയോദ്ധ്യാകേസിലെ വിധി. അതാണ് അപകടം വിളിച്ചുവരുത്തുന്നതും.