മുള്ളില്‍ വീണ രണ്ടില


SEPTEMBER 6, 2019, 5:23 PM IST

പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇത്ര വേഗത്തില്‍ കേറി വരുമെന്ന് കേരളാ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. സെപ്തംബര്‍ 23 ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നപ്പോഴാണ് ജോസഫ് പക്ഷവും ജോസ് പക്ഷവും ഉണര്‍ന്നത്. പിന്നെ പാലാ ലക്ഷ്യമാക്കി ഓട്ടമായി, ആരുടേതാണ് പാര്‍ട്ടി, ആരുടേതാണ് ചിഹ്നം എന്നിങ്ങിനെ തര്‍ക്കമായി. ഇപ്പോള്‍ പാര്‍ട്ടിയും പാലാ സീറ്റും ജോസിന്റെ കയ്യിലും ചിഹ്നം ജോസഫിന്റെ കയ്യിലും എന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് ഇരുകൂട്ടരും. ജോസഫിന് ഒരു ലക്ഷ്യമേ തുടക്കം മുതല്‍ ഉണ്ടായിരുന്നുള്ളൂ. ജോസ് കെ. മാണിയുടെ പത്‌നി നിഷ ജോസ് കെ. മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയാവരുത്. അതിനുള്ള പണി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന അന്ന് രാവിലെ ജോസഫും കൂട്ടരും ആരംഭിച്ചു. സീറ്റില്‍ ആര് സ്ഥാനാര്‍ത്ഥിയാവണം എന്ന കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനമൊന്നും എടുക്കാനില്ലെന്ന മട്ടിലായിരുന്നു തുടക്കത്തില്‍ജോസഫിന്റെ പ്രതികരണങ്ങളെല്ലാം. അങ്ങിനെ നോക്കി നിന്നാല്‍ മണ്ണും ചാരി നില്‍ക്കുന്നവര്‍ ആരെങ്കിലും പാലായും കൊണ്ടുപോകും എന്നറിയാവുന്ന ജോസ് ഒരു മുഴം നീട്ടിയെറിഞ്ഞു: ഒരുപക്ഷെ താനടക്കം ആരും സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ജോസിന്റെ പ്രഖ്യാപനം.

ഒരു ദിവസത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ പാലായില്‍ നിഷയാകും സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് ജോസ് കാര്യങ്ങള്‍ നീക്കി. നിഷ പാലായില്‍ കരുത്തയായ സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനും അഭിപ്രായമുണ്ടായിരുന്നു. പക്ഷെ, വിഷയം കേരളാകോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമായതിനാല്‍ അവരാരും ഒന്നും തുറന്നു പറയാന്‍ തയ്യാറായില്ല. അപകടം മണത്ത ജോസഫ് ആകട്ടെ നിഷയ്ക്ക് പാലായില്‍ വിജയസാധ്യതയില്ലെന്ന് ഭംഗ്യന്തരേണ പറഞ്ഞ് നിഷ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയ്ക്ക് തടയിട്ടു. ഇതോടെ ഐക്യജനാധിപത്യമുന്നണി നേതൃത്വം ആശയക്കുഴപ്പത്തിലായി.

ഇതിനിടയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പല കുറി പാലായില്‍ കെ. എം. മാണിയോട് പൊരുതിത്തോറ്റ എന്‍സിപിയിലെ മാണി സി. കാപ്പനെ രംഗത്തിറക്കി. ഇടതുമുന്നണി സംസ്ഥാന നേതൃത്വം അവരുടെ നിര്‍ദ്ദേശം അംഗീകരിച്ചതോടെ മാണി സി. കാപ്പന്‍ പ്രചാരണ രംഗത്തെത്തുകയും ചെയ്തു. ഇതോടെ കേരളാകോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി. ഉടനൊരു തീരുമാനം എടുക്കേണ്ടി വരുന്ന സാഹചര്യം മുന്നില്‍ കണ്ട ജോസ് കെ. മാണി വിശ്വസ്തരുടെ യോഗം ചേര്‍ന്ന് തീരുമാനം തോമസ് ചാഴികാടന്‍ അധ്യക്ഷനായ ഒരു എട്ടംഗ സമിതിക്ക് വിട്ടു. അവര്‍ തെരഞ്ഞെടുത്തത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസ് ടോം പുലിക്കുന്നേലിനെ. പൊതുസമ്മതനായ വ്യക്തിയാണ് ജോസ് ടോം. ഇതോടെ നിഷ ജോസ് കെ. മാണിയെ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് തടഞ്ഞ ആഹഌദത്തില്‍ കഴിഞ്ഞ ജോസഫ് അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ, ജോസ് ടോമിന് ഒരു പിഴവ് പറ്റി. തുടക്കക്കാരന്റെ ആവേശത്തില്‍ അദ്ദേഹം തനിക്ക് പാര്‍ട്ടി ചിഹ്നം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല എന്നര്‍ത്ഥം വരുന്ന ഒരു വാചകം മാധ്യമങ്ങളോട് പറഞ്ഞു. അല്ലെങ്കില്‍ അദ്ദേഹം അങ്ങിനെ പറഞ്ഞതായി വാര്‍ത്ത പരന്നു. അതോടെ ജോസഫ് വീണ്ടും ഇടഞ്ഞു.

പാലായില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് സ്ഥാനാര്‍ഥിയില്ലെന്നും ജോസ് ടോമിന് 'രണ്ടില' ചിഹ്‌നം അനുവദിക്കില്ലെന്നും വ്യക്തമാക്കി ജോസഫ് രംഗത്തെത്തി. യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയാണ് പാലായില്‍ മത്സരിക്കുന്നതെന്നായി ജോസഫ്. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനെന്ന് വാദിക്കുന്ന ജോസ് ടോം തന്നോട് ചിഹ്‌നം ആവശ്യപ്പെട്ടിട്ടില്ല, ചിഹ്‌നം വേണ്ടെന്ന് തുറന്നു പറഞ്ഞയാള്‍ക്ക് എന്തിന് ചിഹ്‌നം നല്‍കണം, താന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ആളാണ് ജോസ് ടോം, പാര്‍ട്ടി സ്ഥാനാര്‍ഥിയല്ലാത്ത ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടില്ല- അങ്ങിനെ പോയി ജോസഫിന്റെ വാദങ്ങള്‍.

താനാണ് ചെയര്‍മാനെന്ന ജോസഫിന്റെ അവകാശവാദവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കൂടെയായതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണ്. തങ്ങളുടേതാണ് ഔദ്യോഗിക വിഭാഗമെന്ന ജോസ് കെ. മാണി വിഭാഗത്തിന്റെ വാദത്തെ ജോസഫും കൂട്ടരും അംഗീകരിക്കുന്നില്ല. താനാണ് കേരളാകോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ എന്ന് അവകാശപ്പെട്ട് ജോസ് കെ. മാണി ഓഗസ്റ്റ് 10നും 22നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍, ഓഗസ്റ്റ് 30ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ. മാണിയുടെ അവകാശവാദം തള്ളി. ജൂണ്‍ 16 ന് ജോസ് കെ. മാണിയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന സ്റ്റേറ്റ് കമ്മിറ്റിയോഗം പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായി വിളിച്ച് ചേര്‍ത്തതല്ല എന്ന് തൊടുപുഴ മുന്‍സിഫ്‌കോടതി വിധി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിലപാട് സ്വീകരിച്ചത്. ഇനി പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും ഉയര്‍ന്ന കോടതികളില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം നേടിയെടുക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് പാലായില്‍ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നം അനുവദിക്കില്ലെന്ന് പ്രസ്താവിച്ചത്.

ചിഹ്‌നം ആവശ്യപ്പെട്ട് ജോസ് കെ മാണി തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത് 'ഫ്രോഡ്' പരിപാടിയാണെന്നാണ് ജോസഫ് പറഞ്ഞു വച്ചിട്ടുള്ളത്. ജോസിന് തിരഞ്ഞെടുപ്പു കമീഷനെ സമീപിക്കാന്‍ അധികാരമില്ല. തനിക്ക് തിരഞ്ഞെടുപ്പു കമീഷനെ സമീപിക്കേണ്ട ആവശ്യവുമില്ല.. ഇതാണ് ജോസഫ് സ്വീകരിച്ചിട്ടുള്ള നിലപാട്. ഈ കര്‍ക്കശ നിലപാട് മുറിച്ച് കടക്കാന്‍ ഐക്യജനാധിപത്യമുന്നണിക്ക് കഴിഞ്ഞേക്കാം. പക്ഷെ അതുകൊണ്ടായില്ല, പരസ്പരം മല്ലടിച്ച് നില്‍ക്കുന്ന കേരളാകോണ്‍ഗ്രസ് വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ച ചെയ്യാനും ഒറ്റ മനസോടെ പ്രവര്‍ത്തിക്കാനും കഴിഞ്ഞാല്‍  മാത്രമേ ഉപതെരഞ്ഞെടുപ്പില്‍ നല്ല ഒരു മത്സരം കാഴ്ച്ചവയ്ക്കാനും കെ. എം. മാണി പതിറ്റാണ്ടുകളായി ജയിച്ചു വന്ന സീറ്റ് നിലനിര്‍ത്താനുമാവൂ. താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്താനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാനും അഭ്യര്‍ത്ഥിച്ച് കാത്തിരിക്കുകയാണ് ഐക്യ ജനാധിപത്യ മുന്നണി നേതൃത്വം.