പദ്ധതികള്‍, ഒരു മറുപുറം


SEPTEMBER 6, 2019, 4:50 PM IST

പത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിച്ച് നാലാക്കുന്നത് അടക്കം പരിഷ്‌ക്കാരങ്ങള്‍ ഒരു വശത്ത് പുരോഗമിക്കുകയും മാന്ദ്യം പിടിമുറുക്കുകയും ചെയ്യുമ്പോള്‍, പരിഷ്‌ക്കരണങ്ങളുടെ ഗുണഫലം എങ്ങനെയൊക്കെയാണ്? കഴിഞ്ഞ ദിവസത്തെ ഒരു റപ്പോര്‍ട്ട് അതേക്കുറിച്ച് വിവരിക്കുന്നു. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതാണ് മുദ്ര പദ്ധതി. ഇത് പരാജയമായി കലാശിക്കുന്നുവെന്ന കണക്കുകളാണ് പുറത്തു വരുന്നത്. 2015 ല്‍ തുടങ്ങിയ മുദ്ര പദ്ധതി ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു വിഭാഗങ്ങളിലാണ് വായ്പ. അരലക്ഷം വരെ, അഞ്ചു ലക്ഷം വരെ, 10 ലക്ഷം വരെ. മുദ്ര പദ്ധതിക്കു കീഴില്‍ വായ്പയെടുത്തവരില്‍ അഞ്ചിലൊന്നു പോലും പുതിയ വ്യവസായം തുടങ്ങിയില്ല. മറ്റുള്ളവരാകട്ടെ, നടത്തിവരുന്ന സ്ഥാപനത്തിന്റെ വിപുലീകരണത്തിനാണ് വായ്പ പ്രയോജനപ്പെടുത്തിയത്. ഔദ്യോഗികമായി പുറത്തു വിടാത്ത തൊഴില്‍ മന്ത്രാലയത്തിന്റെ കരട് റിപ്പോര്‍ട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  കഴിഞ്ഞ വര്‍ഷം ഏപ്രിലിനും നവംബറിനും ഇടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. 94,375 ഗുണഭോക്താക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 19,396 പേര്‍ (20 ശതമാനം) പുതിയ ബിസിനസ് തുടങ്ങി. ബാക്കിയുള്ളവര്‍ നിലവിലുള്ള സ്ഥാപനം വികസിപ്പിച്ചു. 2015 ഏപ്രിലിനും 2017 ഡിസംബറിനുമിടയില്‍ 1.12 കോടി അധിക തൊഴില്‍ മുദ്ര പദ്ധതി സൃഷ്ടിച്ചുവെന്നാണ് കരട് റപ്പോര്‍ട്ട് പറയുന്നത്. ആകെ നല്‍കിയ വായ്പകളുടെ എണ്ണത്തിന്റെ പകുതി പോലും വരുന്നില്ല ഇത്. മുദ്ര പദ്ധതി പ്രകാരം 12.27 കോടി വായ്പാ അക്കൗണ്ടുകളിലേക്ക് 5.71 ലക്ഷം കോടി രൂപ 2018 വരെയുള്ള ആദ്യ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നല്‍കിയിട്ടുണ്ട്. മുദ്ര പദ്ധതി നിര്‍മാണ മേഖലയില്‍ പ്രയോജനപ്പെടുത്തിയ വായ്പക്കാര്‍ 11.7 ശതമാനം മാത്രം. മൂന്നില്‍ രണ്ടു പേരും വ്യാപാര, സേവന മേഖലയിലാണ് സംരംഭം തുടങ്ങിയത്. 1.12 കോടി തൊഴിലുകളില്‍ പകുതിയും സ്വയംതൊഴില്‍ അഥവാ സ്വയം പണിയെടുക്കുന്ന സ്ഥാപന ഉടമകളാണ്. കൂലി നല്‍കാതെ പണിയില്‍ പങ്കുചേര്‍ക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണവും ഇതില്‍ ഉള്‍പ്പെടുന്നു.***     ***    ***ശശി തരൂര്‍ മോദി പ്രശംസ നടത്തിയെന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വെള്ളമൊഴിച്ചു കെടുത്തി. മോദിപ്രശംസ നടത്തിയെന്ന് തരൂര്‍ സമ്മതിച്ചിട്ടില്ല. താന്‍ പറഞ്ഞതിന്റെ അര്‍ഥം ഒന്നു കൂടി വിശദീകരിക്കുകയാണ് ചെയ്തത്. എന്തായാലും ഈ വിവാദത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്കും തരൂരിനു തന്നെയും തെറ്റി എന്നു വേണം പറയാന്‍. ബി.ജെ.പിക്കും മോദിക്കുമെതിരായ വികാരമാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ തുണച്ചത് എന്നതാണ് യാഥാര്‍ഥ്യം. അതുവെച്ചു നോക്കിയാല്‍ മോദിപ്രശംസ ദോഷം ചെയ്യും. തരൂരാകെട്ട, രാക്ഷസനായി മോദിയെ ചിത്രീകരിക്കുന്നതിലെ അപകടങ്ങളാണ് ഓര്‍മപ്പെടുത്തിയത്. ക്രിയാത്മക പ്രതിപക്ഷമെന്ന അക്കാദമിക ചര്‍ച്ചയിലാണ് ഊന്നിയത്.

രാഷ്ട്രീയത്തില്‍ അക്കാദമിക ചര്‍ച്ചക്കല്ല, പ്രായോഗിക സമീപനങ്ങള്‍ക്കാണ് സ്ഥാനമെന്ന് കാണുന്നവര്‍ക്ക് തരൂരിനെ അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസല്ല, ഏതു പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രവും പുറംചര്‍ച്ചക്ക് വധേയമാക്കേണ്ട ഒന്നല്ല. പാര്‍ട്ടി വേദികളില്‍ ബോധ്യപ്പെടുത്തേണ്ട അഭിപ്രായം അവിടെ പറയാതെ സ്വന്തം നിലപാടിന് ജനസമ്മിതി നേടിയെടുക്കാനാണ് തരൂര്‍ ശ്രമിച്ചത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുേമ്പാള്‍ ഇത്തരത്തില്‍ റഫറി കളിക്കാനോ സ്വതന്ത്ര നിരീക്ഷണം നടത്താനോ പാടില്ല. അങ്ങനെ ചെയ്യുന്നത് തന്ത്രപരമായി പാര്‍ട്ടിയെ വെട്ടിലാക്കും. പക്ഷേ, തരൂര്‍ മോദിസ്തുതിക്കാരനാണെന്ന് ചിത്രീകരിക്കാമോ? മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയം തുറന്നു കാട്ടുന്നതാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. 

തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനെ വീണ്ടെടുക്കാനുള്ള ഗൗരവപ്പെട്ട ചര്‍ച്ചകളുടെ ഒരറ്റം പോലുമാകുന്നില്ല മോദിപ്രശംസ വിഷയമെന്നതാണ് യാഥാര്‍ഥ്യം. ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞു നാളിത്രയായിട്ടും പ്രതിപക്ഷത്ത് വീണ്ടെടുപ്പിന്റെ കരുത്തുള്ള ഒരു മുളയും പൊട്ടുന്നില്ല. മുതര്‍ന്ന നേതാക്കളായ പി. ചിദംബരം, ഡി. കെ ശിവകുമാര്‍ തുടങ്ങി പലരും കോടതിയും തടവും ചോദ്യം ചെയ്യലുമായി മുന്നോട്ടു നീങ്ങേണ്ട അവസ്ഥയും വന്നുചേര്‍ന്നിരിക്കുന്നു.