കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം..!


SEPTEMBER 6, 2019, 4:32 PM IST

തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്താണ് കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിരമായ ഇന്ദിരാഭവന്‍ സ്ഥിതി ചെയ്യുന്നത്. 20 പാര്‍ലമെന്റ് സീറ്റുള്ള കേരളത്തില്‍ നിന്ന് 19 സീറ്റിലും വന്‍ വിജയത്തിലെത്തിച്ച കേരളീയരെ കോണ്‍ഗ്രസ് നേതാക്കള്‍ കൊഞ്ഞനം കുത്തി പരിഹസിക്കുകയാണോ എന്നാണ് ഇപ്പോള്‍ ഗുളികന്റെ സംശയം. കാരണം മോദിക്ക് സ്തുതിഗീതം പാടി ശശിതരൂര്‍ ഇന്ദിരാഭവനില്‍ നിന്ന് മുക്രയിടുന്നു എന്നാണ് മറ്റുള്ളവര്‍ വലിയവായില്‍ വിളിച്ചുകൂകുന്നത്. കെ. മുരളീധരനാണ് തരൂരിനെതിരെ ഏറ്റവും കുടുതല്‍ മുരണ്ടുനടക്കുന്നത്. ഇവിടെ ഇട്ടാവട്ടത്തില്‍ തായം കളിച്ചു രാഷ്ട്രീയം പറഞ്ഞും അതുകൊണ്ട് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് ശശി തരൂരിന്റെ റേഞ്ച് പിടികിട്ടുന്നില്ല. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ഗുളികന് ഇപ്പോഴുമത് പിടികിട്ടിയിട്ടില്ല. എന്നും മൂന്നു നേരം മോദിയെ തെറി വിളിക്കാനും ഭക്ഷണം കഴിക്കാനുമായി വായതുറന്നാല്‍ മതിയോ എന്ന് കോണ്‍ഗ്രസുകാരാണ് ചിന്തിക്കേണ്ടത്.

അലൂമിനിയം പട്ടേല്‍, മദാമ്മ തുടങ്ങിയ പ്രയോഗം കൊണ്ട് പ്രസിദ്ധനായ മുരളി അതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കണം ഇപ്പോള്‍ കാണിക്കുന്ന കോണ്‍ഗ്രസ് ഭക്തി. പലതട്ടില്‍ നിന്ന് പരസ്പരം ചെളി വാരിയെറിഞ്ഞ് കോണ്‍ഗ്രസ് കൂടാരം പന്നിക്കൂടിന് സമമാക്കി മാറ്റി നാറ്റക്കേസാക്കരുതെന്ന് ഗുളികന് ഒരു അപേക്ഷയേയുള്ളു. ഈ 'പന്നിഗുസ്തി' കേസില്‍ മുല്ലപ്പള്ളി രാമചന്ദ്രനെന്ന കെപിസിസി പ്രസിഡന്റ് തല്‍ക്കാലം തല ഊരിയെടുത്തത് അല്പം ആശ്വാസത്തിന് വക നല്‍കിയിരിക്കുന്നു...!

സംഗതി എന്താണെന്നുവച്ചാല്‍, മോദിക്കെതിരെ താന്‍ പറഞ്ഞു എന്ന പേരില്‍ തനിക്കെതിരെ ആക്ഷേപിക്കപ്പെട്ട ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും അതു പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്‍പ്പെടെ തെറ്റിദ്ധരിച്ചതാണെന്നും തരൂര്‍ വിശദീകരണത്തില്‍ ബോധിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കഴിഞ്ഞ കാലത്തു താന്‍ പാര്‍ലമെന്റിലും പുറത്തും വാക്കാലും എഴുത്താലും മോദിക്കും സംഘപരിവാരത്തിനും എതിരായി നടത്തിയ പോരാട്ടത്തിന്റെ പത്തിലൊന്നു പോലും കേരളത്തിലെ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയില്ലെന്നും തരൂര്‍ വിശദീകരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിമാരായ ജയറാം രമേശ്, മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായിരുന്ന മനു അഭിഷേക് സിംഗ്വി എന്നിവരുടെ അഭിപ്രാങ്ങളെ ട്വിറ്റര്‍ വഴി പിന്തുണച്ച തനിക്കെതിരെ, പരിഭ്രാന്തരായി പ്രകോപനം നടത്തേണ്ട സാഹചര്യം എന്തായിരുന്നു എന്നും തരൂര്‍ ലളിതമായി ചോദിച്ചിരുന്നു. ഇതിനെല്ലാം രണ്ടുവാക്കില്‍ 'അടഞ്ഞ അദ്ധ്യായം' എന്ന മറുപടി നല്‍കി പി.സി.സി നേതൃത്വം തടിതപ്പിയെന്ന് ചുരുക്കം.

ആകവേ മുങ്ങി നില്‍ക്കുന്ന, അത്യന്തം അപകടകരമായ രാഷ്ട്രീയ പരിസരത്തു നിന്ന്, തരൂരിനെ പോലൊരാളെ മറുകണ്ടം ചാടിക്കുന്ന തരത്തിലുള്ള ഒരു വിവാദത്തിനും വെള്ളം വെയ്ക്കരുതെന്നു ലീഗ് നേതൃത്വവും ശക്തമായിപ്പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ മുനീര്‍ ഈ ആവശ്യമുണര്‍ത്തി പ്രസ്താവന നടത്തുകയും ചെയ്തു. പാര്‍ലമെന്റില്‍ സംഘവിരുദ്ധ രാഷ്ട്രീയത്തെ നിശിതവും വസ്തുനിഷ്ഠവുമായി വിമര്‍ശിക്കുന്ന തരൂരിന്റെ പ്രകടനം ലീഗു നേരിട്ടു കണ്ടതാണ്. ഇംഗ്ലീഷിലും, ചില നേരത്തു ഹിന്ദിയിലും തരൂരിന്റെ പ്രകടനത്തിനു മുന്നില്‍ ഭരണപക്ഷം നിഷ്പ്രഭമാകാറുമുണ്ട്. മോദിക്കെതിരെ ബലാബലത്തിനു പറ്റിയ ആശയദൃഢതയും വാക്ചാതുരിയുമുള്ള തരൂരിനെ പോലുള്ളവര്‍ പ്രതിപക്ഷ നിരയിലുണ്ടാവണമെന്നു ലീഗ് ആഗ്രഹിച്ചാല്‍ അവരെ കുറ്റം പറയാനുമൊക്കില്ല.

മേല്‍ വിവരിച്ച രണ്ടു പ്രധാന കാരണങ്ങള്‍ക്കപ്പുറം സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചില അന്തര്‍ധാരകളും തരൂരിനെതിരെ ഉറഞ്ഞുതുള്ളിയവരെ നിശബ്ദരാക്കി. തരൂരിനെതിരെ കെ. മുരളീധരനും ടി.എന്‍ പ്രതാപനും ബെന്നി ബെഹനാനുമാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. മുരളീധരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തരൂരിനു ബി.ജെ.പിയിലേക്കു പോകാനുള്ള വഴിയും കാട്ടികൊടുത്തു.

എന്നാല്‍ ഇതൊന്നും ഇഷ്ടപ്പെടാത്ത, ഇത്തരം പ്രകോപനങ്ങളെ പ്രോത്സാഹിപ്പിക്കാത്ത നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി. അമിതാവേശത്തിനു ഉമ്മന്‍ചാണ്ടി നിന്നില്ല. രാഷ്ട്രീയ സാഹചര്യം ഇത്തരം ആവേശപ്രകടനങ്ങള്‍ക്കു പറ്റിയതല്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.