ഇനിയെത്ര ഷഹ്‌ലമാര്‍


NOVEMBER 29, 2019, 1:15 PM IST

വയനാട്ടിലെ ഗവണ്മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ വിധിയുടെ ഒരു ക്രൂര ഫലിതത്തിന് ഇരയായതോടെ കേരളത്തിന് ഒരു കാര്യം ബോധ്യമായിക്കാണണം. സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ ഉണ്ടായതുകൊണ്ട് വലിയ കാര്യമില്ലെന്ന്, സ്‌കൂളുകളില്‍ വേണ്ടത് മനുഷ്യത്വമുള്ള അധ്യാപകരാണെന്ന്, ഉപരിപ്ലവ പരിഷത്ത് ബോധത്തെക്കാളേറെ സാമാന്യബോധമെന്ന കോമണ്‍ സെന്‍സുള്ള ഒരു വിദ്യാഭ്യാസമന്ത്രി കേരളത്തിന് വേണമെന്ന്, കേരളത്തിലെ അധ്യാപക സംഘടനകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിദ്യാഭ്യാസ രംഗം എത്രയും വേഗം മോചിപ്പിക്കപ്പെടണമെന്ന്. അതിനൊരു കുഞ്ഞു ജീവന്‍ ബലിയാകണമായിരുന്നോ എന്ന ചോദ്യം ബാക്കിയും.

ഷഹ്‌ല ഷെറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ക്ക് ആരെയൊക്കെയാണ് പഴിക്കേണ്ടത്? പൊളിഞ്ഞു വീഴാറായ ആ സ്‌കൂള്‍ ക്ലാസിലെ പൊത്തില്‍ അഭയം തേടിയ പാവം പാമ്പിനെ പഴിക്കാനാവുമെന്ന് തോന്നുന്നില്ല. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പോലും പാമ്പ് ഇന്ന് ഒരു പ്രധാന സാന്നിധ്യമാണ്. അവയുടെ ആവാസകേന്ദ്രങ്ങളായിരുന്ന കുന്നുകളും പൊന്തക്കാടുകളുമൊക്കെ ഉഴുതുമറിച്ചും വയലേലകള്‍ മണ്ണിട്ട് നിറച്ചും നാം അവയെ ഉച്ചാടനം നടത്തി. എന്തുകൊണ്ട് നഗരങ്ങളില്‍ വാവ സുരേഷിനെ പോലെയുള്ള പാമ്പ് പിടുത്തക്കാര്‍ മുഖ്യ കഥാപാത്രങ്ങളായി  എന്ന് ആലോചിക്കാത്ത നമുക്ക് ഈ പ്രതിഭാസം ഒരിക്കലും മനസിലാകില്ലെന്നു മാത്രം. പാമ്പുകള്‍ക്ക് മാളമില്ല, പറവകള്‍ക്ക് ആകാശവും. പാമ്പുകള്‍ സ്‌കൂള്‍ കെട്ടിടങ്ങളിലും പറവകള്‍ അപ്പാര്‍ട്‌മെന്റുകളുടെ വെന്റിലേറ്ററിലുമൊക്കെ കൂടുകൂട്ടുന്നത് ഇതുകൊണ്ടൊക്കെയാണ്. അപ്പോള്‍ ഷഹ്‌ലയെ കടിച്ച പാമ്പ് ഈ കേസില്‍ പ്രതിയേ അല്ല.

പിന്നെ സ്‌കൂള്‍ അധികൃതരാണ്. എന്നുവച്ചാല്‍ അവിടുത്തെ അധ്യാപകരും അധ്യാപകരക്ഷാകര്‍തൃ ഭാരവാഹികളും, പിന്നെ അവരുടെയൊക്കെ മുകളില്‍ സ്‌കൂളിന്റെ നടത്തിപ്പ് ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭാ അധികൃതരും. ആദ്യം അധ്യാപകരെ നോക്കുക. അവരെ ആര്‍ക്കും തൊടാനാവില്ല. അവര്‍ക്കിടയില്‍ നല്ലവരില്ലെന്നല്ല. പക്ഷെ, അവര്‍ സംഘടിതമായി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് സംഘടനാ നേതൃത്വത്തിലുള്ളവരോ അവിടെ പിടിപാടുള്ളവരോ ആണ്.  സര്‍വജന സ്‌കൂളില്‍ ഷഹ്‌ലയ്ക്ക് പാമ്പുകടിയേറ്റ ദിവസം അവളെ പരിചരിച്ച ടീച്ചര്‍ ആ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കണമെന്ന് പ്രധാന അധ്യാപകനോട് കരഞ്ഞു വിളിച്ച് അപേക്ഷിച്ചു എന്നാണ് വാര്‍ത്ത. പക്ഷെ അയാള്‍ അത് തടഞ്ഞുവത്രേ. അയാള്‍ കുഞ്ഞിന്റെ മാതാപിതാക്കളെ വിവരമറിയിച്ച് കൈകഴുകിയിരുന്നത്രെ! ഇതാണ് കേരളത്തിലെ ഇന്നത്തെ മാതൃകാ അദ്ധ്യാപകന്‍! വിലപ്പെട്ട അരമണിക്കൂര്‍ നഷ്ടപ്പെട്ടപ്പോഴാണ് ആ കുഞ്ഞിന്റെ അച്ഛന്‍ സ്ഥലത്തെത്തുന്നതും വഴിയില്‍ കണ്ട ഓട്ടോറിക്ഷയില്‍ കയറ്റി കുഞ്ഞുമായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞതും. പക്ഷെ, അവിടെ ആന്റിവെനം ഇല്ലായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയുമില്ല ആന്റിവെനം. അങ്ങിനെ പല ആശുപത്രികള്‍ തെണ്ടി ഒടുവില്‍ ഷഹ്‌ലയ്ക്ക് ചികിത്സ നല്കിയപ്പോഴേക്ക് അവര്‍ ഒരു ചികിത്സയും കാരുണ്യവും വേണ്ടാത്ത ലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. അധ്യാപകരക്ഷാകര്‍തൃ സംഘടനക്കാര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പല നല്ല കാര്യങ്ങളും ചെയ്യാന്‍ കഴിയും. പക്ഷെ സര്‍വജന സ്‌കൂളിലെ പ്രധാന അധ്യാപകനെപ്പോലെയുള്ളവര്‍ക്ക് മുന്നില്‍ അവരെന്തു ചെയ്യും?

ഇനി നഗരസഭാ ഭാരവാഹികളെ നോക്കുക. സ്‌കൂള്‍ നോക്കി നടത്തേണ്ട അവര്‍ അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എന്നതിന്റെ തെളിവാണല്ലോ വയനാട് പോലെ ഒരു ജില്ലയില്‍ ക്ലാസ് മുറികളില്‍ പാമ്പുകള്‍ക്ക് ഇരിക്കാന്‍ പറ്റിയ പൊത്തുണ്ടായിട്ടും അതൊന്നും അവരുടെ കണ്ണില്‍ പെടാതെ പോയത്? ഈ കെട്ടിടം പൊളിച്ച് മറ്റൊന്ന് എന്നോ പണിയേണ്ട കാലം കഴിഞ്ഞിരുന്നു എന്നും ഷഹ്‌ല പഠിച്ചിരുന്ന ക്ലാസ്സുള്ള കെട്ടിടത്തിന്റെ രൂപവും അവസ്ഥയും അമ്പതുകളിലെ ഒരു സ്‌കൂളിനെയാണ് അനുസ്മരിപ്പിക്കുന്നതെന്നും ആരും അവര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷെ, നഗരസഭയ്ക്ക് അതല്ലല്ലോ പണി? അവിടെ ഭരണ-പ്രതിപക്ഷ ഭേദമെന്യേ കൈക്കൂലി പങ്കിട്ടും പരസ്പരം പുറത്ത് കലഹിച്ചും അകത്ത് കെട്ടിപ്പിടിച്ചും ഭരണം കടമ്മനിട്ടയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പണ്ടാര'മാക്കലാണല്ലോ അവരുടെ പണി? ഇനി മറ്റൊന്ന്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഈ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പലയിടത്തും പ്രവേശനമില്ലെന്ന് എത്രപേര്‍ക്കറിയാം? 

1996 ല്‍ കേരളത്തിലെ തദ്ദേശഭരണം നടപ്പായപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭരണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് തദ്ദേശീയവാസികളുടെ നിയന്ത്രണത്തില്‍ നല്ല സ്ഥാപനങ്ങളായി അവ വളരുമെന്നായിരുന്നു. പക്ഷെ, അധ്യാപക സംഘടനകള്‍ ഒരു പണി പറ്റിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്നും മറ്റും പറഞ്ഞ് വരുന്ന ഒരുത്തനെയും ഒരുത്തിയേയും അങ്ങോട്ട് കയറ്റണ്ടെന്ന് തീരുമാനിച്ചു. അതോടെ അവിടെ കിരീടമില്ലാത്ത രാജാക്കന്മാരും രാജ്ഞിമാരും അവരായി. അവരിലൊരാളാണ് ഷഹ്‌ലയെ സ്വന്തം കാറിലോ സ്‌കൂള്‍ വളപ്പില്‍ കിടന്നിരുന്ന മറ്റേതെങ്കിലും കാറിലോ (അതൊക്കെ അവിടെ ഉണ്ടായിരുന്നു കേട്ടോ...) ആശുപത്രിയിലെത്തിക്കാന്‍ ഒരുമ്പെടാതെ, അങ്ങിനെ ചെയ്യാമെന്ന് പറഞ്ഞ ഒരു പാവം അധ്യാപികയെ ആട്ടിയോടിച്ച്, ഷഹ്‌ലയുടെ മരണത്തില്‍ തന്റെ പങ്ക് വഹിച്ചത്. ഇപ്പോള്‍ നഗരസഭാ പറയുന്നു ഷഹ്‌ല  പഠിച്ചിരുന്ന ക്ലാസ്‌റൂം സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് കളയാന്‍ തീരുമാനിച്ചിരുന്നതാണെന്ന്. സര്‍ക്കാരാകട്ടെ അതിന്റെ പോസ്റ്റ് മോര്‍ട്ടം ഭരണരീതിക്ക് ഇണങ്ങും വിധം രണ്ടുകോടി രൂപ കെട്ടിടം പൊളിച്ചുപണിയുന്നതിന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനി ഷഹ്‌ലമാരുണ്ടാവരുതല്ലോ!

ഇനി സര്‍ക്കാര്‍. കേരളത്തില്‍ ആകെയുള്ളത് 1098 സര്‍ക്കാര്‍ സ്‌കൂളുകളാണ്. അവയില്‍ ഭൂരിപക്ഷവും ഇപ്പോള്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളുള്ള സ്മാര്‍ട്ട് സ്‌കൂളുകളാണ്. എന്നുവച്ചാല്‍ ഈ സ്‌കൂളുകളിലൊക്കെ ഒരു ക്ലാസ്സിലെങ്കിലും കംപ്യൂട്ടറുകള്‍ പൊടി തട്ടാതെ നല്ല പോലെ കവര്‍ ഇട്ട് മൂടി വച്ചിട്ടുണ്ട് എന്നര്‍ത്ഥം. വല്ലപ്പോഴും കുട്ടികളെ അവ തുറന്ന് കാട്ടും. അല്പം ഗെയിം ഒക്കെ കളിപ്പിക്കും. ഇത്തിരി സയന്‍സ് ഒക്കെ കാണിച്ച് കൊടുക്കും. കഴിഞ്ഞു സ്മാര്‍ട്ട് അധ്യാപനം. കേരളത്തിലെ എത്ര സ്‌കൂളുകളില്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞു കിടപ്പുണ്ടെന്നോ, അവയുടെ പുനര്‍നിര്‍മ്മാണത്തിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നോ ആരും ചോദിക്കുന്നില്ല, പറയുന്നില്ല. അറിയാമെങ്കിലല്ലേ പറയാന്‍ കഴിയൂ? കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഒരു വലിയ കരുത്ത് അവിടെ നടന്നു വന്നിരുന്ന എഇഒ/ഡിഇഒമാരുടെ പരിശോധനകളായിരുന്നു. സ്‌കൂള്‍ ഒക്കെ  വൃത്തിയാക്കി, കുട്ടികളെല്ലാം ക്ലാസ്സുകളില്‍ എത്തി എന്നുറപ്പാക്കി, അധ്യാപകരെയൊക്കെ ചട്ടം പഠിപ്പിച്ച് നിര്‍ത്തി, സ്‌കൂള്‍ എന്ന ആകമാന സങ്കല്‍പ്പത്തിന് മിഴിവും ശക്തിയും പകരുന്ന സന്ദര്‍ഭങ്ങളായിരുന്നു അവ. ആ പരിപാടി നിര്‍ത്തലാക്കിയിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. നിര്‍ത്തിയതാകട്ടെ അധ്യാപക സംഘടനകളുടെ സമ്മര്‍ദ്ദം കൊണ്ടും. അപ്പോള്‍ ഷഹ്‌ലയുടെ മരണത്തില്‍ അവര്‍ക്കൊരു പങ്കുണ്ട്.

ഇനി നമ്മുടെ മന്ത്രി. സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും കൂടെ ഒരുമിച്ചെടുത്ത് പൊക്കാന്‍ അദ്ദേഹത്തിന് കഴിവില്ലെന്ന് തിരിച്ചറിഞ്ഞിട്ടാകണമല്ലോ രണ്ടാമത്ത വിഷയം കൈകാര്യം ചെയ്യാന്‍ മറ്റൊരു മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏര്‍പ്പാടാക്കിയത്? ഏതായാലും ഏത് സ്‌കൂളില്‍ പോയാലും കഥകളി മാതൃകയില്‍ ക്ലാസ്സെടുക്കുന്നതിനപ്പുറം ഭരണവൈദഗ്ധ്യമൊന്നും ഇതുവരെ അദ്ദേഹം കാട്ടിയിട്ടില്ല. അതിന് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അപ്പുറത്ത് ഒരു തെളിവും വേണ്ട. പണ്ടാണെങ്കില്‍ ഒരു മന്ത്രിയ്ക്ക് രാജിവച്ച് പോകാനുള്ളത്ര ഗൗരവമുള്ള വിഷയം ഷഹ്‌ലയുടെ മരണത്തിലുണ്ട്. ഇന്നതില്ല എന്നത് നമ്മുടെ കാലത്തിന്റെ ഗതികേട്. കഴിഞ്ഞയാഴ്ച്ച ഈ കുറിപ്പുകളില്‍ എഴുതിയിരുന്നത് തളരുന്ന മന്ത്രിസഭയെ കുറിച്ചാണ്. ആ കുറിപ്പിന്റെ അടിയില്‍ പ്രവര്‍ത്തിച്ച ചില ചിന്തകള്‍ ഒരു പിഞ്ചുകുഞ്ഞിന്റെ മരണമായി പരിണമിച്ചതിലുള്ള ദുഖത്തോടെ, നിര്‍ത്തട്ടെ.