ചില അപകടകാല ചിന്തകള്‍ 


AUGUST 13, 2019, 1:15 PM IST


ഈയാഴ്ച്ച രണ്ട് സംഭവങ്ങള്‍ കേരളത്തിലെ ഭരണവ്യവസ്ഥയില്‍ നമുക്കെല്ലാമുള്ള (അല്ലെങ്കില്‍ അവശേഷിക്കുന്ന) വിശ്വാസം ഉലയ്ക്കുന്നവയായി മാറി. ഒന്ന്, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയില്‍ വാഹനമോടിച്ച് ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒരു മനുഷ്യന്റെ മരണത്തിനിടയാക്കിയ സംഭവം. രണ്ട്, പി എസ് സി പരീക്ഷയില്‍ കൃത്രിമം നടത്തിയാണ് ഉന്നത എസ് എഫ് ഐ നേതാക്കള്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയതെന്ന പിഎസ്‌സിയുടെ കുറ്റസമ്മതം. രണ്ടും കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ വിഷയങ്ങളല്ല. എന്നാല്‍ അവയ്ക്കുള്ളിലെ രാഷ്ട്രീയം അല്പം പരിശോധന ആവശ്യപ്പെടുന്നതാണ് താനും.

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ തന്റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളിലൂടെ കേരളീയരുടെ മനം കവര്‍ന്നയാളാണ്. ദേവികുളം സബ് കളക്ടര്‍ എന്ന നിലയില്‍ ശ്രീറാം ഭൂമാഫിയക്ക് എതിരെ സ്വീകരിച്ച കര്‍ക്കശമായ നിലപാടാണ് അദ്ദേഹത്തെ കേരളീയരുടെ, പ്രത്യേകിച്ച് മാധ്യമലോകത്തിന്റെ, പ്രിയപ്പെട്ടവനാക്കിയത്. ഇന്ന് അദ്ദേഹം  അവര്‍ക്ക് വില്ലനായി മാറിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി ഒരു മണിയോടെ മദ്യലഹരിയിലോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിച്ച് ഒരു യുവ മാധ്യമ പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടമാകുന്ന അപകടം വരുത്തി വച്ചതോടെയാണിത്. 

കൊല്ലപ്പെട്ടത് മാധ്യമ പ്രവര്‍ത്തകനായതിനാല്‍ സ്വാഭാവികമായും മാധ്യമങ്ങള്‍ സാധാരണയില്‍ കവിഞ്ഞ തീഷ്ണതയോടെയാണ് ഈ സംഭവത്തോട് പ്രതികരിച്ചത്. കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍ എന്ന പണ്ഡിതന്‍ നേതൃത്വം നല്‍കുന്ന സുന്നി  വിഭാഗത്തിന്റെ മുഖപത്രമായ 'സിറാജി'ന്റെ  തിരുവനന്തപുരം എഡിഷന്റെ ചുമതലക്കാരനായിരുന്നു അന്തരിച്ച കെ. എം. ബഷീര്‍. ഏവര്‍ക്കും ഒരുപോലെ പ്രിയങ്കരന്‍. മാധ്യമലോകം സ്വാഭാവികമായും വളരെ തീഷ്ണമായി സംഭവത്തോട് പ്രതികരിച്ചു. അസമയത്തെ അപകടവേളയില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നത് നിരവധി പുതിയ കഥകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. 

ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നാനാഭാഗങ്ങളില്‍ നിന്ന് ആക്രോശങ്ങള്‍ ഉയരവെ പക്ഷെ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യമനുവദിച്ചു. ഇപ്പോള്‍ ആ ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അങ്ങിനെയൊരു അപ്പീല്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും വ്യക്തതയുണ്ട്.

ഒന്നാമത്, അലക്ഷ്യമായും ഉത്തരവാദിത്ത്വരഹിതമായുമുള്ള പെരുമാറ്റമാണ് ഈ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായത് എന്നതാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യവ്യക്തികള്‍ എന്ന നിലയില്‍ മറ്റു മനുഷ്യരില്‍ കവിഞ്ഞ സാമൂഹിക ഉത്തരവാദിത്തങ്ങളൊന്നുമില്ല. എന്നാല്‍, അതേപോലെ തന്നെ അവര്‍ക്ക് മറ്റു മനുഷ്യര്‍ക്ക് ലഭ്യമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമേയുള്ളൂ എന്നത് കൂടെ മനസിലാക്കണം. അധികാരം തലയ്ക്ക് പിടിച്ച് പെരുമാറുമ്പോള്‍ പല ഉദ്യോഗസ്ഥരും, ഒരുപക്ഷെ ഈ സന്ദര്‍ഭത്തില്‍ ശ്രീറാം വെങ്കിട്ടരാമനും, മറന്നു പോയത് ആ സത്യമാണ്. 

രണ്ടാമത്, ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന്റെ നിലപാടുകളില്‍ എതിര്‍പ്പുള്ള രാഷ്ട്രീയകൂട്ടായ്മ അദ്ദേഹത്തിനെതിരെ തെളിഞ്ഞുതന്നെ രംഗത്ത് വന്നു എന്നതാണ്. അദ്ദേഹത്തെ നിതാന്ത ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള വൈദ്യുതിമന്ത്രിയുടെ വാക്കുകളിലാണ് അത് ഏറ്റവും  പ്രകടമായത്. അദ്ദേഹം പറഞ്ഞു '... ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു...' എന്ന്. അങ്ങിനെ ലജ്ജിക്കാനും മാത്രം മണിയാശാന് ഈ വിഷയത്തില്‍ എന്താണ് ഇത്ര താല്പര്യം? പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഏതാണ്ട് ഇത്ര രൂക്ഷതയോടെയാണ് പ്രതികരിച്ചത്. അപ്പോള്‍ വെറുമൊരു പൊതുപ്രശ്‌നത്തിലുള്ളതിനപ്പുറം എന്തോ കൂടുതല്‍ താല്പര്യം ഇതില്‍ അവര്‍ക്കെല്ലാം ഈ വിഷയത്തിലുണ്ടെന്ന് നാം സംശയിക്കേണ്ടേ?.

അദ്ദേഹത്തെ പോലെയുള്ളവരുടെ ഇത്തരം നിലപാടിന്റെ ഫലമെന്തായി എന്ന് കൂടെ നാം കാണണം. ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ബിജെപിയും സംഘപരിവാറും രംഗത്തെത്തി. ഏത് പ്രശ്‌നവും മതവല്‍ക്കരിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ചെയ്യപ്പെടുന്ന ഒരു സമൂഹത്തില്‍ എത്രയെളുപ്പമാണ് വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെട്ട വിഷയം ഒരു വെറും രാഷ്ട്രീയ ഫുട്‌ബോള്‍ മത്സരമായി മാറിയത്? ഇതാണ്  കാണാതെ പോകുന്ന ഈ സംഭവത്തിന്റെ ഇരുണ്ടവശം. രാഷ്ട്രീയം  സത്യത്തിന് മുകളില്‍ മറയിടുന്ന ഇന്നത്തെ കാലത്ത് ഇന്നത്തെ ബഹളമൊക്കെ എത്ര പെട്ടെന്ന് അവസാനിക്കുമെന്ന് നമുക്കറിയാം. മരിച്ചവന്‍ മുസ്ലിമായിരിക്കുകയും അതിന് കാരണക്കാരന്‍ ഉയര്‍ന്ന ജാതിക്കാരനായ ഹിന്ദുവായിരിക്കുകയും ചെയ്താല്‍ ആ പ്രശ്‌നത്തെ ഇനി കേരളം സമീപിക്കുക ഇങ്ങിനെയായിരിക്കുമോ? എങ്കില്‍ എത്ര അപകടകരമായ കാലത്താണ് നാം ജീവിക്കുന്നത്?

***     ***     ***

ഇനി രണ്ടാമത്തെ വിഷയത്തിലേക്ക് വരാം. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതികള്‍ പിഎസ്‌സി പരീക്ഷയിലും ക്രമക്കേട് നടത്തിയതായി ഒടുവില്‍ പിഎസ്‌സി സമ്മതിച്ചിരിക്കുന്നു. ആദ്യമൊക്കെ അങ്ങിനെയൊരു സാധ്യതയേ ഇല്ല എന്ന് വാദിച്ചിരുന്നവരാണ് അവരെന്നോര്‍ക്കണം. ഇപ്പോള്‍ പിഎസ്‌സിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നീ കുത്തുകേസിലെ പ്രതികള്‍ ക്രമക്കേട് നടത്തിയതായി തെളിഞ്ഞിട്ടുള്ളത്. പരീക്ഷയില്‍ ആദ്യ റാങ്കുകള്‍ നേടിയ ശിവരഞ്ജിത്തിന്റേയും മറ്റും ഫോണുകളിലേക്ക് 174 എസ് എം എസുകള്‍ പരീക്ഷ നടക്കുമ്പോള്‍ എത്തിയെന്നാണ് സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ വെളിവായിട്ടുള്ളത്. 

ഏതായാലും ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍  ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് പിഎസ്‌സി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും ഇതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും പൊലീസിനാണ് അധികാരമുള്ളത് എന്നതിനാലാണ് ക്രൈം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് പിഎസ്‌സി ആവശ്യപ്പെട്ടത്. ആദ്യത്തെ നൂറു റാങ്കുകള്‍ ലഭിച്ചവരെ സംബന്ധിച്ചാവും അന്വേഷണം. 

റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനായ ശിവരഞ്ജത്തിനെയും, രണ്ടാം റാങ്കുകാരനായ പ്രണവിനെയും, 28 ാം റാങ്കുകാരനായ നസീമിനെയും പൊലീസ് കോണ്സ്റ്റബിള്‍ റാങ്കു പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനും പിഎസ്‌സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നു സ്ഥിരമായി അയോഗ്യരാക്കുവാനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തെറ്റാണെന്നും പ്രതികള്‍ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും രണ്ടാഴ്ച മുന്‍പ് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ എം. കെ. സക്കീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ശക്തമായി വാദിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ പൊളിഞ്ഞത് ഈ വാദമാണ്. 

സര്‍ക്കാര്‍ തൊഴിലിനെ മാത്രം 'ജോലി'യായി കാണുന്ന കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷയായ പിഎസ്‌സി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കനത്ത തിരിച്ചടിയാണ് ഇതോടെ ഏറ്റിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി ഭരണഘടനാസ്ഥാപനങ്ങളുടെ അടിത്തറയിലാക്കുകയാണെന്ന് ഇനി ഇടതുപക്ഷത്തിന് എങ്ങിനെ വാദിക്കാനാവും? കോളജ് അധ്യാപക സംഘടനകളും മുഷ്‌ക്കന്മാരായ കുറച്ച് ചെറുപ്പക്കാരും ചേര്‍ന്ന് തുമ്മിയാല്‍ തെറിക്കാവുന്ന മൂക്ക് മാത്രമാണ് കേരളത്തിലെ ഈ ഭരണഘടനാ സ്ഥാപനമെന്നല്ലേ ഇതെല്ലാം തെളിയിക്കുന്നത്?