എഫ്-1 സ്റ്റുഡൻറ് വിസയും അമേരിക്കയിലെ അവസരങ്ങളും 


JANUARY 11, 2021, 11:57 AM IST

ജെയ്‌സ് ജേക്കബ് 


വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നതിന് നൽകിവരുന്ന വിസകളാണ് എഫ് -1 അഥവാ സ്റ്റുഡൻറ് വിസ. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം എന്നതിനൊപ്പം അമേരിക്കയിലെ അവസരങ്ങളിലേക്കുള്ള ചവിട്ടുപടി കൂടിയാണ് എഫ്-1 വിസകൾ. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ജോലിയും നേടാനും, തുടർന്ന് സാദ്ധ്യമെങ്കിൽ H-1B മുതലായ തൊഴിൽവിസകളിലേക്ക് മാറുന്നതിനും പലരും ആദ്യപടിയായി ഉപയോഗിക്കുന്നത് എഫ്-1 വിസയും, അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസവും ആണ്.  

എഫ്-1 വിസകൾ പ്രധാനമായും ഉപയോഗിക്കുന്നത് ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ള വിദ്യാർത്ഥികളാണ്. ചൈനയിൽ നിന്നും ഏകദേശം മൂന്നേമുക്കാൽ ലക്ഷവും ഇന്ത്യയിൽ നിന്നും രണ്ട് ലക്ഷത്തോളവും വിദ്യാർഥികൾ  അമേരിക്കയിൽ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ആന്ധ്ര, തെലങ്കാന തുടങ്ങി  ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏറെ വിദ്യാർഥികൾ അമേരിക്കയിൽ എത്തുന്നുണ്ട് എങ്കിലും, കേരളത്തിൽ നിന്നും  വളരെ കുറച്ചുപേർ മാത്രമാണ് എഫ്-1 വിസയുടെയും അമേരിക്കയിലെ ഉന്നത വിദ്യാഭാസത്തിന്റെയും  സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. 

അമേരിക്കയിലെ ഒരു  അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ നേടുക, വിദ്യാഭാസകാലത്തെ ഫീസ് അടക്കമുള്ള ചെലവുകൾക്ക് വേണ്ട സാമ്പത്തിക ശേഷി ഉണ്ടാവുക, മതിയായ ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടാവുക, എന്നിവയാണ് എഫ്-1 വിസ ലഭിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങൾ. സാധാരണയായി ഇന്ത്യയിൽ അംഗീകൃത യൂണിവേഴ്സിറ്റികളിൽ  നിന്നും നാല് വർഷത്തെ ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു (മാസ്റ്റേഴ്സ്/ ഗ്രാഡ്വേറ്റ്) അഡ്മിഷന് യോഗ്യതയുണ്ട്. ഇന്ത്യയിലെ പ്ലസ് ടു വിദ്യാഭാസം അമേരിക്കയിൽ ബിരുദ (ബാച്ചിലർ /അണ്ടർ ഗ്രാഡ്വേറ്റ്) പഠനത്തിനും യോഗ്യതയായി പരിഗണിക്കും. എങ്കിലും അഡ്മിഷൻ മാനദണ്ഢങ്ങൾ അതാതു കോളേജ്‌/ യൂണിവേഴ്സിറ്റിയുമായി  ആയി പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. പഠനത്തോടോപ്പവും തുടർന്നും ലഭിക്കാവുന്ന തൊഴിൽ അനുമതി ആണ് എഫ് -1 വിസയുടെ ഒരു പ്രധാന ആകർഷണം. CPT (കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിങ്) പഠന വിഷയത്തിൽ പ്രാവീണ്യം നേടുന്നതിനാവശ്യമായ പ്രവർത്തിപരിചയം നേടുന്നതിന് വേണ്ടിയുള്ളതാണ്. ഒരു വർഷം പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് CPT വ്യവസ്ഥകൾക്ക് വിധേയമായി അതാതു മേഖലയിൽ ജോലി ചെയ്യുന്നതിന് അവസരം ലഭിക്കാവുന്നതാണ്. OPT (ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്)   പഠനമേഖലയിൽ ഒരു വർഷം വരെ ജോലി ചെയ്യാൻ അവസരം നൽകുന്നു. STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയവർക്ക് ഇത് കൂടാതെ രണ്ട് വർഷം കൂടി ഈ മേഖലയിൽ ജോലി ചെയ്യാൻ അനുമതി ലഭിക്കും. ഇതിനു പുറമെ, വർഷാവർഷം അമേരിക്കയിൽ നൽകുന്ന പുതിയ  H -1B തൊഴിൽ വിസകളിൽ 20,000 എണ്ണം അമേരിക്കയിലെ അംഗീകൃത പബ്ലിക് / പ്രൈവറ്റ് നോൺ പ്രോഫിറ്റ്  യൂണിവേഴ്സിറ്റികളിൽ നിന്നും മാസ്റ്റർ ഡിഗ്രി പഠനം പൂർത്തിയാക്കിയവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു എന്നതും അമേരിക്കയിൽ തുടരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായ ഘടകമാണ്.  

പഠനത്തിനായി അമേരിക്കയിലേക്ക് വരുന്നവർക്ക് തങ്ങളുടെ ഭാര്യ/ഭർത്താവ്, കുട്ടികൾ എന്നിവരെ  എഫ് -2 വിസയിൽ  കൂടെ കൊണ്ടുവരുന്നതിനും അനുവാദമുണ്ട്. എന്നാൽ എഫ് -2 വിസയിൽ വരുന്ന കുടുംബാംഗങ്ങൾക്ക്  ജോലി ചെയ്യുന്നതിന് അനുവാദമില്ല. 

വിസ നയങ്ങളിലെ അനിശ്ചിതത്വവും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും പുതിയ എഫ് -1 വിസയുടെ എണ്ണത്തിൽ കഴിഞ്ഞ വര്ഷം ഗണ്യമായ കുറവിന് കാരണമായി. കൂടുതൽ വിദ്യാർഥികൾ ഈ വര്ഷം എത്തുമെന്ന പ്രതീക്ഷയിൽ ആണ് യൂണിവേഴ്സിറ്റികൾ. എഫ്-1  വിസകളിൽ വരുന്നവർ വിദ്യാഭാസ സ്ഥാപനങ്ങളും കോഴ്‌സുകളും തിരഞ്ഞെടുക്കുന്നതിൽ, പ്രത്യേകിച്ച് അംഗീകാരം, CPT, OPT /STEM OPT ജോലി സാധ്യതകൾ, H -1B മാസ്റ്റർ ഡിഗ്രി ക്വാട്ടയിൽ ഉൾപ്പെടുന്നതിനുള്ള യോഗ്യതകൾ, പഠനത്തിലും ട്രെയിനിങ് ജോലിയിലും പാലിക്കേണ്ട വ്യവസ്ഥകൾ എന്നിങ്ങനെ വളരെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എഫ്-1 വിസകളും വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നതിനുള്ള അനുവാദം നൽകുന്നതും ആയി  ബന്ധപ്പെട്ട്‌ വിശദവും  സങ്കീർണവും ആയ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്. ഇവയുടെ ലംഘനം വിസ റദ്ദു ചെയ്യുന്നതിനും, ഒരു പക്ഷെ അമേരിക്കയിലേക്ക് തിരികെ വരുന്നതിനു പോലും തടസ്സമാകാൻ വരെ കാരണമാകാറുണ്ട്. വേണ്ടത്ര കരുതൽ ഇല്ലാതെ വരുന്ന വിദ്യാർഥികൾ പല തരത്തിൽ വഞ്ചിക്കപെടാനും സാധ്യതയുണ്ട്. അതിനാൽ വിദ്യാർഥികൾ വിദഗ്ധ ഉപദേശം തേടുന്നത് എപ്പോഴും നല്ലതാണ്.