വേനലവധിക്കു ശേഷം സുപ്രീം കോടതിയിലേക്ക് നിര്‍ണ്ണായക കേസുകള്‍ വരുന്നു


JULY 4, 2019, 11:04 AM IST

ആറാഴ്ചത്തെ വേനലവധിക്കു ശേഷം സുപ്രീം കോടതി ജൂലൈ ഒന്നിന് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതോടെ രാഷ്ട്രീയ-നിയമരംഗങ്ങളിലെ ചര്‍ച്ച രാജ്യത്തിന്റെ ഏറ്റവും ഉന്നത നീതിപീഠത്തിന് മുന്നിലേക്ക് ഉടന്‍  വരാനിരിക്കുന്ന വളരെ നിര്‍ണ്ണായകമായ കേസുകളിലേക്ക് തിരിയുകയാണ്.


അയോദ്ധ്യ ഭൂമി തര്‍ക്ക കേസ്, റാഫേയ്ല്‍ ഇടപാടിലുള്ള റിവ്യൂ ഹര്‍ജികള്‍, 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്ന  മുദ്രാവാക്യത്തിന്റെ പേരിലുള്ള രാഷ്ട്രീയ തര്‍ക്കത്തിലേക്ക് കോടതിയെ രാഹുല്‍ ഗാന്ധി അനാവശ്യമായി വലിച്ചിഴച്ചു എന്ന ആരോപണത്തെ ചൊല്ലിയുള്ള കേസ് എന്നിവയെല്ലാം അതിലുള്‍പ്പെടും.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ 31 ജഡ്ജിമാരുടെ പൂര്‍ണ്ണ അംഗബലത്തോടെയാണ് പരമോന്നത കോടതി വരും ദിവസങ്ങളില്‍  പ്രവര്‍ത്തിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ബെഞ്ച് റാഫേയ്ല്‍ കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും 36 റാഫേയ്ല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ തള്ളി 2018  ഡിസംബര്‍ 14ന് സുപ്രീം കോടതി  പുറപ്പെടുവിച്ച വിധിക്കെതിരെയാണ് റിവ്യൂ ഹര്‍ജികള്‍. മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റിവ്യൂ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുളള മൂന്നംഗ ബെഞ്ചാണ് ബിജെപി എം പി യായ മീനാക്ഷി ലേഖി രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ചിട്ടുള്ള കോടതിയലക്ഷ്യകേസും പരിഗണിക്കുന്നത്. നിരുപാധികം മാപ്പു പറഞ്ഞ രാഹുല്‍ ഗാന്ധി കേസ് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


രാഷ്ട്രീയമായി വളരെ നിര്‍ണ്ണായകമായ  അയോധ്യയിലെ റാം ജന്മഭൂമി-ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍  രമ്യമായ ഒരു പരിഹാരം കാണുന്നതിനായി സുപ്രീം കോടതി മുന്‍ ജഡ്ജി എഫ്.  എം.ഐ. ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി രഹസ്യമായി നടത്തുന്ന ചര്‍ച്ചകളുടെ ഫലം രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവര്‍കൂടി അംഗങ്ങളായ സമിതി രമ്യമായ പരിഹാരം കാണുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഏവരും. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് അതിനായി അവര്‍ക്ക് ഓഗസ്റ്റ് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.


നാല് സിവില്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി 2010ലാണ് അയോധ്യയിലെ ഭൂമിതര്‍ക്ക കേസില്‍ വിധിപറഞ്ഞത്. അയോധ്യയിലെ 1.12  ഹെക്ടര്‍ (2.77  ഏക്കര്‍) ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡാ, റാം ലല്ല എന്നീ മൂന്നു കക്ഷികള്‍ക്കിടയില്‍ തുല്യമായി വീതിക്കുവാനായിരുന്നു വിധി. ഈ വിധിക്കെതിരെ 14  അപ്പീലുകളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.


ഇതിനു പുറമെ അഭിഭാഷകരായ ഇന്ദിര ജെയ് സിംഗ്, ആനന്ദ് ഗ്രോവര്‍ എന്നിവര്‍ക്കും അവരുടെ നേതൃത്വത്തിലുള്ള ലോയേഴ്സ് കളക്ടീവ് എന്ന സംഘടനക്കുമെതിരെയുളള പൊതു താല്‍പ്പര്യ ഹര്‍ജിയും പ്രധാനപ്പെട്ട ഒരു കേസാണ്. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിക്കുകയും ചിലവഴിക്കുകയും ചെയ്തുവെന്നതാണ് കേസ്. അഭിഭാഷകരുടെ മറ്റൊരു സംഘടനയായ ലോയേഴ്സ് വോയിസ് ആണ് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.


ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും ആ സംസ്ഥാനത്തിനായി നിയമങ്ങള്‍ പാസാക്കുന്നതിനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്നതുമായ ഭരണഘടനയുടെ 370ആം അനുഛേദത്തെ ചോദ്യം ചെയ്ത  അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായക്കെതിരെയും ഒരു പൊതു താല്‍പ്പര്യ ഹര്‍ജി നിലവിലുണ്ട്.


ജമ്മു-കാശ്മീരിന് പ്രത്യേക അവകാശങ്ങളും പദവികളും നല്‍കുന്ന ഭരണഘടനയുടെ 35 - എ അനുഛേദത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളും കോടതി മുമ്പാകെയുണ്ട്.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റ് നിലവില്ലാത്തതിനാല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കാന്‍ കക്ഷികള്‍ക്ക് കത്തയക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഫെബ്രുവരി 11ന് ജമ്മു-കാശ്മീര്‍ ഗവണ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയും നിലവിലുണ്ട്.