ആശയസംവാദത്തെ ഭയപ്പെടുന്നവര്‍


JANUARY 10, 2020, 3:58 PM IST

ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പ് ജയിച്ച ഒരു ഗവണ്മെന്റ് ഫാസിസത്തിന്റെ ഓരംചേരുന്ന ആശയഗതികള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുക, അതിനെതിരെ പ്രതിഷേധിക്കുന്നവരെയും അഭിപ്രായപ്രകടനം നടത്തുന്നവരെയും രാജ്യദ്രോഹികളും 'അര്‍ബന്‍ നക്‌സലു'കളുമായി മുദ്രകുത്തി നിയമനടപടികള്‍ക്കു വിധേയരാക്കുക, ജയിലിലടയ്ക്കുക, അധികാരികളുടെ ഒത്താശയോടെ ആള്‍ക്കൂട്ട ആക്രമണം അരങ്ങേറുക, പോലീസ് നോക്കുകുത്തിയായി നില്‍ക്കുക, കോടതികള്‍ പോലും അധികാര പക്ഷത്തിന്റെ അരുകു പറ്റുക, നീതി അന്യമാണെന്ന തോന്നലുളവാക്കുക, ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടുക എന്ന പ്രാഥമിക ജനാധിപത്യ മര്യാദ കൈവിടുക... ആശയസംവാദത്തിന് ഇടം നഷ്ടപ്പെട്ട സമകാലീന ഇന്ത്യയുടെ നേര്‍ക്കാഴ്ചയാണിതെല്ലാം.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെഎന്‍യു)യില്‍ അരങ്ങേറിയതും മറ്റൊന്നല്ല. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ മൂന്നു മാസമായി സമരം നടത്തുന്ന വിദ്യാര്‍ഥികളെ മുഖംമൂടി ധരിച്ച ഒരു സംഘം ഇരുമ്പുകമ്പികളും വടിവാളും ചുറ്റികകളും മറ്റ് മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു. ഹോസ്റ്റലുകളിലും അദ്ധ്യാപകരുടെ വാസസ്ഥലങ്ങളിലും അതിക്രമിച്ചുകയറി നടത്തിയ അക്രമത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 28ഓളം പേര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, പ്രഫസര്‍ സുചരിത സെന്‍ തുടങ്ങിയവര്‍ക്കു തലയ്ക്കു ഗുരുതരമായ പരുക്കുണ്ട്. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു അദ്ധ്യാപികയായ അമിത് പരമേശ്വരനും സാരമായി പരിക്കുപറ്റി.

കാമ്പസില്‍ അക്രമം നടക്കുമ്പോള്‍ മറ്റൊരാള്‍ക്കൂട്ടം കാമ്പസിന് പുറത്തു തമ്പടിച്ച് ആക്രമികള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നുണ്ടായിരുന്നു. കാമ്പസിനകത്തേക്കോ പുറത്തേക്കോ ഒരാളെയും കടക്കാന്‍ ഇവര്‍ അനുവദിച്ചില്ല. അക്രമികള്‍ മൂന്നു മണിക്കൂറിലേറെ തേര്‍വാഴ്ച നടത്തിയിട്ടും പോലീസിനെ വിളിച്ചുവരുത്താന്‍ വൈസ് ചാന്‍സലര്‍ എം. ജഗദീഷ്‌കുമാര്‍ കൂട്ടാക്കിയില്ല, മണിക്കൂറുകള്‍ക്കു ശേഷം എത്തിയ പോലീസാകട്ടെ കാമ്പസിനു വെളിയില്‍ പ്രധാന കവാടത്തിനടുത്ത് നിലയുറപ്പിച്ചു. അക്രമികള്‍ അതേ കവാടത്തിലുടെ കൂളായി ഇറങ്ങിപ്പോയിട്ടും ആരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് മുതിര്‍ന്നില്ല.

അക്രമം നടത്തിയത് എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികള്‍ ആരോപിച്ചു. എന്നാല്‍ എബിവിപിക്ക് ക്ലീന്‍ ചിറ്റുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രംഗത്തുവന്നു. പോലീസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിനുമുമ്പാണ് പോലീസ് മന്ത്രിയുടെ പ്രസ്താവന. സര്‍വ്വകലാശാലാ അധികൃതരാകട്ടെ, സമരക്കാരാണ് ഉത്തരവാദികള്‍ എന്ന രീതിയില്‍ പ്രസ്താവനയിറക്കി. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും വിദ്യാര്‍ത്ഥികളാണ് ആക്രമണം നടത്തിയതെന്നാണ് കേരളത്തില്‍നിന്നുള്ള മന്ത്രിസഭാംഗം വി മുരളീധരന്റെ വെളിപാട്.

തലസ്ഥാന നഗരിയില്‍ ഭരണകൂടത്തിന്റെ മൂക്കിനുതാഴെയാണ് ജെഎന്‍യു. അവിടെ സാമൂഹിക വിരുദ്ധര്‍ നിര്‍ബ്ബാധം അഴിഞ്ഞാടിയെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം: ഭരണകൂടത്തിന്റെ സംരക്ഷണം അവര്‍ക്കുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ് ഡല്‍ഹിയിലെ പോലീസ് പ്രവര്‍ത്തിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ ഗവണ്മെന്റിന് പോലീസിന്റെമേല്‍ നിയന്ത്രണമൊന്നുമില്ല. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരക്രമവും അവിടെ നടക്കില്ല. 

തങ്ങളുടെ ആശയഗതികളോട് ഒത്തുപോകാത്ത സര്‍വ്വകലാശാലകളെ മെരുക്കാന്‍ പല വഴികളും ഭരണകൂടം പയറ്റുന്നുണ്ട്: സംഘ് ആശയങ്ങള്‍ പുലര്‍ത്തുകമാത്രമല്ല അതിനായി വഴിവിട്ടുപെരുമാറാന്‍ തയ്യാറുള്ളവരെ വൈസ് ചാന്‍സലര്‍മാരായും അദ്ധ്യാപകരായും മിയമിക്കുക, യുവജനത്തിന്റെ ആശയ സംവാദങ്ങളോട് അസിഹ്ണുത പുലര്‍ത്തുക, സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുക തുടങ്ങി പലതും. 

ഇതിനു തുടക്കം കുറിച്ചത്, പാര്‍ലമെന്റ് ആക്രമക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിന് ചടങ്ങ് സംഘടിപ്പിച്ചെന്ന് ആരോപിച്ച് 2016ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്താണ്. അതിനു ശേഷം നിരന്തരമായ അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, ഇടവിട്ടുള്ള അക്രമങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ നേരിട്ടു. അതു പിന്നീട് ലക്‌നൗ യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, കാണ്‍പുര്‍ ഐഐടി, അലിഗാര്‍ മൂസ്ലീം യൂണിവേഴ്‌സിറ്റി എന്നിങ്ങനെ പലയിടത്തും പല രീതിയില്‍ അരങ്ങേറി. 

ജെഎന്‍യുവിനേടാണ് ഏറ്റവും കലിപ്പ്. ദേശവിരുദ്ധരേയും തീവ്രവാദികളേയുമാണ് അവിടെ പടച്ചുവിടുന്നതെന്നാണ് ആരോപണം. അത് ഇടതുബുദ്ധിജീവികളുടെ കേന്ദ്രമാണത്രെ. ജെഎന്‍യു ഇന്ത്യയുടെ പരിച്ഛേദമാണ്. കേരളം മതല്‍ ജമ്മുകാശ്മീര്‍ വരയും ഗുജറാത്ത് മുതല്‍ മേഘാലയ വരെയുമുള്ള പ്രദേശത്തുനിന്നും കുട്ടികള്‍ അവിടെയുണ്ട്. എസ്എഫ്‌ഐ മാത്രമല്ല എബിവിപിയും ദളിത് വിദ്യാര്‍ഥി സംഘടനകളും ഉണ്ട്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നൊബേല്‍ സമ്മാനജേതാവ് അഭിജിത് ബാനര്‍ജിയും അതിന്റെ ഉത്പന്നങ്ങളാണെന്നത് അതിന്റെ ബഹുസ്വരതയുടെ സാക്ഷ്യപത്രമാണ്. 

തുറന്ന സംവാദവും തര്‍ക്കങ്ങളുമാണ് ജെഎന്‍യുവിനെ വേറിട്ടതാക്കുന്നത്. ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കും പിന്നോക്ക ജാതികളില്‍ പെട്ടവര്‍ക്കും തലയുയര്‍ത്തിപ്പിടിച്ച് സ്വന്തം അസ്ഥിത്വം അടയാളപ്പെടുത്താന്‍ കഴിയുന്ന ഇടമാണത്. അവിടുത്തെ ജനാധിപത്യ പരിസരമാണ് തന്നെ അങ്ങോട്ട് ആകര്‍ഷിച്ചതെന്നാണ് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി പറഞ്ഞിട്ടുണ്ട്. ആശയസംവാദത്തിലും തര്‍ക്കത്തിലും മുഴുകുന്നതിനു പകരം അതിനെ ഇല്ലാതാക്കുന്നതാണ് എളുപ്പമെന്ന കാഴ്ചപ്പാടാണ് ജെഎന്‍യുവിനെ നിര്‍വീര്യമാക്കാനുള്ള നീക്കത്തിനു പിന്നില്‍.

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കമായ കുടുംബത്തിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് ജെഎന്‍യു പോലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയത്. ജെഎന്‍യു കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും പ്രതിമാസം 12,000 രൂപയില്‍താഴെ വരുമാനമുള്ളവരുടെ മക്കളാണ്. 27 ശതമാനം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വരുമാനം പ്രതിമാസം ആറായിരം രൂപ മാത്രമാണ്. കടുപ്പമേറിയ പ്രവേശന പരീക്ഷയില്‍ വിജയിച്ചെത്തുന്ന ഇത്തരം കുട്ടികളെ ഉദ്ദേശിച്ചാണ് കുറഞ്ഞ ഫീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഭക്ഷണമുള്‍പ്പെടെ പ്രതിവര്‍ഷം 33,000 രൂപയോളമാണ് ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയുടെ ശരാശരി ചെലവ്. ഇത് 66,000 രൂപയോളമായി വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സമരം. അവരുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കാന്‍ നികുതിപ്പണം ഉപയോഗിക്കുന്നതില്‍ തെറ്റു കാണുന്നവര്‍ മൂവായിരം കോടിരൂപയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ തെറ്റു കാണാത്തത് വിരോധാഭാസമല്ലേ?

രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ അടിയന്തരാവസ്ഥക്കാലത്തോട് ഉപമിക്കുന്നവരുണ്ട്. പക്ഷേ, ഇപ്പോഴത്തെ അതിക്രമങ്ങള്‍ക്ക് ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട്; അടിയന്തരാവസ്ഥയ്ക്ക് അതില്ലായിരുന്നു. അധികാരം നിലനിറുത്താന്‍വേണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിച്ചില്ല. അതാണ് ഇപ്പോള്‍ സംഘ്ശക്തികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ദേശവിരുദ്ധര്‍ (സ്വതന്ത്ര ചിന്തകര്‍, ഗവണ്മെന്റിനെ വിമര്‍ശിക്കുന്നവര്‍, മുസ്ലീമുകള്‍), ദേശീയവാദികള്‍ (മോദി പിന്തുണക്കാര്‍) എന്നിങ്ങനെ തരംതിരിക്കുന്ന ഈ പ്രത്യയശാസ്ത്രം ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നു, ആള്‍ക്കുട്ട ആക്രമണങ്ങളും കൊലകളും നടത്തുന്നു. ഇരകളുടെ വിലാപമാണ് അവരുടെ ലഹരി. 

ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ആശയസമരങ്ങള്‍ അന്യമാണ്. അവരുടെ ഭാഷ അടിച്ചമര്‍ത്തലിന്റേതും ഇല്ലാതാക്കലിന്റേതുമാണ്. സംവാദങ്ങളും തര്‍ക്കങ്ങളും അവര്‍ ഇഷ്ടപ്പെടുന്നില്ല. അഞ്ചര വര്‍ഷക്കാലത്തെ ഭരണത്തിനിടയ്ക്ക് ഒരിക്കല്‍പോലും മാദ്ധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കത്ത ഏക പ്രധാനമന്ത്രിയാണ് മോദി. 'മന്‍കി ബാത്ത്' എന്ന മോണോലോഗിലൂടെയാണ് അദ്ദേഹം സംവേദനം നടത്തുന്നത്. ചോദ്യങ്ങള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല എന്നാണ് അതിനര്‍ത്ഥം. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ നിശ്ശബ്ദരാക്കുകയാണ് സംവാദത്തേക്കാള്‍ എളുപ്പമെന്ന് സംഘ്പരിവാര്‍ വിശ്വസിക്കുന്നണ്ടാകാം.

പൗരത്വ ഭേദഗതി നിയമം/ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ഉണ്ടായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക്, അവരെ ശാരീരികമായി നേരിട്ട് ഭയപ്പെടുത്തി ഒതുക്കണമെന്ന ചിന്തയിലേക്ക് സംഘ്ശക്തികളെ എത്തിച്ചിരിക്കാം. പല യൂണിവേഴ്‌സിറ്റികളിലും നടന്ന ലാത്തിച്ചാര്‍ജ്ജ്, ജെഎന്‍യുവിലെ ആക്രമണം എല്ലാം ഈ പശ്ചാത്തലത്തില്‍വേണം വിലയിരുത്താന്‍. ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അലിഗഡ്, ജാദവ്പൂര്‍, ജാമിയ മില്ലിയ, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഈ പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ യുവത്വം ആര്‍ക്കും ഇനിയും അടിയറവ് പറഞ്ഞിട്ടില്ല എന്ന പ്രഖ്യാപനമാണ്.