ലോകം കീഴ്‌പ്പെടുത്തിയ കുരുത്തക്കേടിനു 80 വയസ്


FEBRUARY 11, 2020, 2:03 PM IST

ഒരു വീടിനുള്ളില്‍ ഓടിക്കളിക്കുന്ന എലിയും പൂച്ചയും. ഇടക്കിടെ വീടിനു പുറത്തേക്കും നീളുന്നു അവരുടെ കൃസ്യതികള്‍. കൃസൃതികളെന്നു പറഞ്ഞാല്‍... ഒച്ചയും ബഹളവും എറിയലും ഉടയ്ക്കലും എന്നുവേണ്ട സര്‍വത്ര നാശം... പക്ഷേ. എത്രയൊക്കെ അലോസരം സൃഷ്ടിച്ചിട്ടും ഒരാളും അവര്‍ക്കെതിരെ വടിയെടുത്തിട്ടില്ല. പിടിച്ചുകെട്ടി ചാക്കിലാക്കി ദൂരേക്കു വലിച്ചെറിഞ്ഞിട്ടില്ല. അത്രയധികം അവര്‍ നമ്മെ രസിപ്പിക്കുന്നു. ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളെ ബലൂണിലെ കാറ്റഴിച്ചുവിടുന്ന ലാഘവത്തോടെ പറഞ്ഞുവിടാന്‍ അവര്‍ നമ്മെ സഹായിച്ചിരിക്കുന്നു, ടോം ആന്‍ഡ് ജെറി. ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ കാര്‍ട്ടൂണ്‍. ടോമിന്റെയും ജെറിയുടെയും കലഹത്തിനു 80 വയസ് പൂര്‍ത്തിയായിരിക്കുന്നു. 

പല കാര്‍ട്ടുണുകളും അമ്പേ പരാജയപ്പെട്ടതിനൊടുവില്‍ 1940ല്‍ കാലിഫോർണിയയിലെ മെട്രോ ഗോള്‍ഡ്‌വിന്‍ മേയര്‍ (എം.ജി.എം) കാര്‍ട്ടൂണ്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വില്യം ഹന്നയും ജോസഫ് ബാര്‍ബറയുമാണ് ടോമിനെയും ജെറിയെയും കൂടു തുറന്നുവിട്ടത്. പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമം. ജാസ്പര്‍ കാറ്റും ജിന്‍ക്‌സ് മൗസും തമ്മിലുള്ള തല്ലുകൂടലിനു ഹന്ന സ്റ്റോറിബോര്‍ഡ് ആര്‍ട്ടിസ്റ്റും ബാര്‍ബറ ഡയറക്ടറുമായി. പുസ് ഗെറ്റ്‌സ് ദി ബൂട്ട് എന്നായിരുന്നു ആദ്യ കാര്‍ട്ടൂണിനു നല്‍കിയ പേര്. സ്‌കോട് ബ്രാഡ്ലി സംഗീതമൊരുക്കി. എല്ലാ പ്രതീക്ഷകളും അസ്തമിച്ച എം.ജി.എം മേധാവി ഫ്രെഡ് ക്വിംബി കാര്‍ട്ടൂണിനു അംഗീകാരം നല്‍കി. എം.ജി.എം കാര്‍ട്ടൂണ്‍ ഫ്‌ളോറില്‍നിന്ന് ലോകത്തെ കാര്‍ട്ടൂണ്‍ പ്രേമികളുടെ മനസുകളിലേക്കു ജാസ്പറും ജിന്‍ക്‌സും ഓടിക്കയറി. 1941ല്‍ ദി മിഡ്‌നൈറ്റ് സ്‌നാക്ക് എന്ന പേരില്‍ രണ്ടാമത്തെ കാര്‍ട്ടൂണ്‍. അവിടം മുതല്‍ ജാസ്പര്‍ ടോമും ജിന്‍ക്‌സ് ജെറിയുമായി. 1943ല്‍ ദി യാങ്കി ഡൂഡില്‍ മൗസിലൂടെ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കാര്‍ ടോമും ജെറിയും തട്ടിയെടുത്തു. 1940 മുതല്‍ 1959 വരെ ഹന്നയും ബാര്‍ബറയും ചേര്‍ന്ന് 114 ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകള്‍ സൃഷ്ടിച്ചു. ഫ്രെഡ് ക്വിംബി നിര്‍മ്മാതാവായി. ഇതിനിടെ ഏഴു തവണയാണ് ടോമിന്റെയും ജെറിയുടെയും കുസൃതി ഓസ്‌കാര്‍ വേദിയില്‍ ആദരിക്കപ്പെട്ടത്.

പുസ് ഗെറ്റ്‌സ് ദി ബൂട്ട് ഇവിടെ കാണാം.

 

ഇരുവരുടെയും അടിപിടിയും ഒടുവില്‍ ജെറിയുടെ മുന്നില്‍ ടോം മുട്ടുകുത്തുന്നതുവരെയുള്ള രംഗങ്ങളുമാണ് ഭൂരിഭാഗം കാര്‍ട്ടൂണുകളുടെയും ഇതിവൃത്തം. ചിലതില്‍ ജെറി തോല്‍വി സമ്മതിക്കുമ്പോല്‍ ചലതില്‍ രണ്ടുപേരും ചേര്‍ന്നുള്ള കുസൃതികളാണ് പ്രമേയം. ഇരുവര്‍ക്കുമൊപ്പം വീട്ടിലെ ബുള്‍ഡോഗായ സ്‌പൈക്കും റ്റൂഡില്‍സ് ഗെലര്‍ എന്ന പൂച്ചയും ബുച്ച് എന്ന തെരുവിലെ നായയും തുടങ്ങി നിബ്ബിള്‍സ്, ടഫ്ഫി. അങ്കിള്‍ പെക്കോസ്, ലിറ്റില്‍ ക്വാക്കര്‍ തുടങ്ങി ടോമിനെ കൊമ്പുകുത്തിക്കാന്‍ സിക്‌സ് പാക്കുള്ള ജെറിയുടെ മച്ചുനന്‍ എലിയായി മസ്സില്‍സ് വരെ കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളായി. മനുഷ്യരുടെ സാന്നിധ്യം പലപ്പോഴും ശബ്ദത്തില്‍ മാത്രമൊതുങ്ങി. ആരൊക്കെ വന്നിട്ടും പോയിട്ടും തീരാത്ത വഴക്കിനിടയിലും പരസ്പരം പിരിയാനാവാതെ, പ്രായമേല്‍ക്കാതെ അവരങ്ങനെ നമ്മുടെ മനസിന്റെ മച്ചിന്‍ മുകളിലും വീടകങ്ങളിലും പടവെട്ടുകയാണ്. കണ്ണടച്ചാല്‍ കേള്‍ക്കാം... ക്ലിം... ഒരു പാത്രം ചിന്നിചിതറി ജനല്‍ ഗ്ലാസും പൊട്ടിച്ച് പുറത്തേക്കു പായുന്ന ശബ്ദം..