യുണൈറ്റഡ് (വെൽഫെയർ) സ്റ്റേറ്റ് ഓഫ് അമേരിക്ക 


OCTOBER 19, 2021, 10:58 AM IST

മൂന്നര ട്രില്ല്യന്‍ ഡോളറിൻറെ സാമ്പത്തിക പാക്കേജ് പാസാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഡെമോക്രാറ്റുകള്‍.  പാർട്ടിയിലെ മിതവാദികൾക്കും തീവ്രവാദികൾക്കുമിടയിലെ അഭിപ്രായഭിന്നതകളാണ് അതിന് നിലവിൽ മുഖ്യതടസം. ആ ഭിന്നതകളാകട്ടെ എങ്ങനെ സാമൂഹികസുരക്ഷയ്ക്കും ഭൗതിക സമ്പദ് വികസനത്തിനും ഊന്നൽ നൽകുന്ന ഈ പാക്കേജ് നടപ്പാക്കുമെന്നതിനെ ചൊല്ലിയാണ്. എന്നുവച്ചാൽ, അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തതും എന്നതിനെ ചൊല്ലി. 

അമേരിക്കയിലെ തകർന്നു കിടക്കുന്ന റെയിൽവേ, റോഡ് ഗതാഗതം തുടങ്ങിയവയടക്കമുള്ള ഭൗതിക സംവിധാനങ്ങൾ പുനർനിമ്മിക്കുന്നതിനും സാമൂഹിക സുരക്ഷാ സംവിധാനം വിപുലീകരിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതി നടപ്പാക്കുന്നതോടെ മില്യൺ കണക്കിന് പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും, ശിശു അലവന്‍സ്, ശമ്പളത്തോടെയുള്ള അസുഖ-രക്ഷാകര്‍തൃ അവധി, സാര്‍വത്രിക പ്രീ സ്‌കൂള്‍, സൗജന്യ കോളജ് വിദ്യാഭ്യാസം എന്നിവയെല്ലാം സാധ്യമാകുമെന്നും ഡമോക്രാറ്റുകൾ വാഗ്ദാനം ചെയ്യുന്നു. പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തില്‍ ഡെമോക്രാറ്റുകള്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ സമഗ്ര ക്ഷേമരാഷ്ട്രങ്ങളെയാണ് അനുകരിക്കാന്‍ ശ്രമിക്കുന്നത്. അതും യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാർ നൽകുന്ന ഉയര്‍ന്ന നികുതിയില്ലാതെ. ഇങ്ങനെ പുതിയ ഭൗതിക സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനും ആനുകൂല്യങ്ങള്‍ വിപുലീകരിക്കുന്നതിനും വേണ്ട തുക ജനങ്ങളിലെ ഭൂരിപക്ഷത്തെ പിഴിയാതെ നടപ്പാക്കുമെന്നാണ് ബൈഡൻ ഭരണം പറയുന്നത്. ഡെമോക്രാറ്റുകളുടെ നിര്‍ദ്ദേശം അനുസരിച്ച് 90 ശതമാനം അമേരിക്കന്‍ കുടുംബങ്ങളും കുറവോ അല്ലെങ്കില്‍ ഒരേ നിരക്കിലുള്ളതോ ആയ നികുതിയാണ് അടക്കേണ്ടി വരിക.

സമ്പന്നരായ ഒരു ശതമാനം അടുത്ത വര്‍ഷം ഉയർന്ന നികുതി അടക്കേണ്ടി വരും. ദരിദ്രര്‍ക്ക് കൂടുതല്‍ ഉദാരമായ ആനുകൂല്യങ്ങളും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതിയുമായിരിക്കും ഇതിന്റെ ഫലം. ഇത് വ്യവസായങ്ങളിലും മറ്റും കൂടുതൽ മുതൽമുടക്ക് നടത്തുന്നതിൽ നിന്ന് സമ്പന്നരെ നിരുത്സാഹപ്പെടുത്തുമെന്നാണ് പദ്ധതിയുടെ വിമർശകർ പറയുന്നത്. മറ്റു വ്യാവസായിക സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് സര്‍ക്കാര്‍ നൽകാനുദ്ദേശിക്കുന്ന ആനുകൂല്യങ്ങളുടെ തോത് വ്യത്യസ്തമായിരിക്കും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ടുള്ള ആനുകൂല്യത്തിനായി ചെലവഴിക്കുന്നതിനാണ് ബൈഡൻ ഭരണം പദ്ധതിയിടുന്നത്.

ഇക്കണോമിക് കോ-ഓപറേഷന്‍ ആന്റ് ഡെവലപ്‌മെൻറ്  (ഒഇസിഡി) രാജ്യങ്ങളിൽ ഏറ്റവും ഉയര്‍ന്ന ശിശു-ദാരിദ്ര്യ നിരക്കുകളിലൊന്ന് യുഎസിലാണ്. മാത്രമല്ല ശമ്പളമുള്ള പ്രസവാവധി ജനങ്ങൾക്ക് ലഭ്യമല്ലാത്ത ഏക രാജ്യവും യുഎസാണ്. മറ്റെല്ലായിടങ്ങളിലും ശരാശരി 16 ആഴ്ചയെങ്കിലും അവധി നല്കുന്നുണ്ട്. കോവിഡ് വ്യാപന സമയത്ത് താത്ക്കാലിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതുവരെ ശമ്പളത്തോടെയുള്ള അസുഖാവധി ആനുകൂല്യം നല്കാത്ത രാജ്യങ്ങള്‍ ദക്ഷിണ കൊറിയയും അമേരിക്കയും മാത്രമായിരുന്നു.ഒഇസിഡിയുടെ പുതിയ കണക്കുകള്‍ പ്രകാരം യുഎസില്‍ ബാല്യകാല വിദ്യാഭ്യാസത്തിനും ശിശു സംരക്ഷണത്തിനുമുള്ള പൊതുഖജനാവിൽ നിന്നുള്ള ചെലവ് ഒരു കുട്ടിക്ക് 2600 ഡോളറാണ്.

അതായത് മറ്റു രാജ്യങ്ങളുമായി നോക്കുമ്പോള്‍ ശരാശരി പകുതി. സെക്കന്‍ഡറി തലത്തിന് ശേഷമുള്ള വിദ്യാഭ്യാസവും യുഎസില്‍ താരതമ്യേന ചെലവേറിയതാണ്. ബാച്ചിലര്‍ ഡിഗ്രിക്ക് ശരാശരി 8,800 ഡോളര്‍  ഫീസായി നൽകണം. ബ്രിട്ടനു പിന്നിൽ ഒഇസിഡി രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ് ജനസംഖ്യയിലെ ഭൂരിപക്ഷത്തിന് സുരക്ഷിതത്വും അവസരങ്ങളും ലഭ്യമാക്കുന്നതില്‍ ഭരണകൂടങ്ങൾ പരാജയപ്പെട്ടതിന് തെളിവായാണ് പൊതുവേ യുഎസിലെ ഈ കണക്കുകള്‍ ഉദ്ധരിക്കപ്പെടാറുള്ളത്. മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കക്ക് ഏറെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നാണ് വൈറ്റ്ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മാസം പറഞ്ഞത്. ഉദാഹരണത്തിന് മറ്റ് പല രാജ്യങ്ങളിലേതിനേക്കാളും യു എസില്‍ സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്തം കുറവാണെന്ന് അദ്ദേഹം സമ്മതിച്ചു. ബൈഡൻ പദ്ധതി അതിനാൽ തന്നെ അടിസ്ഥാനപരമായ വലിയ മാറ്റം കുറിക്കാൻ ഉതകുന്നതാണെന്ന കാര്യത്തിൽ സംശയമില്ല.മറ്റ് രാജ്യങ്ങളിലെ വെൽഫെയർ സംവിധാനം നിലനിൽക്കുന്നത് അവിടങ്ങളിലെ ഉയർന്ന നികുതി നിര്ക്കുകൾ കൊണ്ടാണെന്ന വസ്തുത ഇവിടെ ഓർക്കണം. ജര്‍മനിയില്‍ ഒരു സാധാരണ തൊഴിലാളി തൊഴിലുടമയുടെ വിഹിതം ഉള്‍പ്പെടെ അയാളുടെ തൊഴിലിൽ നിന്നുള്ള വരുമാനത്തിന്റെ 49 ശതമാനം തൊഴില്‍ നികുതിയായി അടയ്ക്കുന്നു.

ഫ്രാന്‍സില്‍ ഇത് 47 ശതമാനമാണ്, സ്വീഡനില്‍ 43 ശതമാനവും. യുഎസില്‍ തൊഴിൽ നികുതി 30 ശതമാനം മാത്രമാണ്. പ്രധാന വികസിത സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ യുഎസ് മാത്രമാണ് ചരക്കുകളുടേയും സേവനങ്ങളുടേയും മേൽ മൂല്യവര്‍ധിത നികുതി  (വാല്യൂ ആഡഡ്ഉ ടാക്‌സ്) ഉപഭോക്താക്കൾക്ക് മേൽ ചുമത്താത്തത്. ഇതിലൊന്നും ഇനിയും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. പ്രതിവര്‍ഷം 400,000 ഡോളറിന് താഴെ വരുമാനമുള്ള കുടുംബങ്ങളിലെ നികുതി വര്‍ധിപ്പിക്കില്ലെന്നാണ് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചില ഒഴിവാക്കലുകളൊക്കെ ഉണ്ടായേക്കാമെങ്കിലും ഡെമോക്രാറ്റുകളുടെ ബില്‍ ഏകദേശം ആ പ്രഖ്യാപനത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. പുകവലിക്കാര്‍ സിഗരറ്റിന് ഉയര്‍ന്ന നികുതി കൊടുക്കേണ്ടി വരികയും ഇടത്തരം ഓഹരി ഉടമകള്‍ ഉയര്‍ന്ന കോര്‍പറേറ്റ് നികുതി പരോക്ഷമായി നല്‌കേണ്ടി വരികയും ചെയ്യും. കാനഡയും, ജപ്പാനും യൂറോപ്പിലെ ഭൂരിപക്ഷം രാജ്യങ്ങളും പ്രസവാവധി നികുതിയില്‍ നിന്ന് ഒഴിവാക്കുമ്പോൾ ബൈഡന്‍ പൊതുവരുമാനം ഉപയോഗിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് ചെറിയ വ്യത്യാസമുള്ളത്.

കാനഡ, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെല്ലാം കാര്‍ബണ്‍ പുറന്തള്ളലിന് കാര്‍ബണ്‍ നികുതിയോ ട്രേഡബിള്‍ എമിഷന്‍ പെര്‍മിറ്റ് സംവിധാനം വഴി ഫീസോ ചുമത്തുന്നുണ്ട്. ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്നത് തടയുകയും പുനഃരുപയോഗ നിക്ഷേപങ്ങള്‍  പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ സാധ്യമാകും എന്നവർ കരുതുന്നു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ധന നികുതി വര്‍ധനവ് ഉപേക്ഷിക്കുകയായിരുന്നു. ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മൂന്ന് പ്രധാന പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്ന നിർദ്ദേശം വൈദ്യുതി ഉള്‍പ്പെടെയുള്ള ഇടത്തരം നികുതികള്‍ കുറക്കണമെന്നാണ്. ഇത്തരം രാജ്യങ്ങളേക്കാള്‍ വളരെ താഴ്ന്ന നികുതികളാണ് യുഎസിലുള്ളതെങ്കിലും കാര്‍ബണ്‍ ഫീസോ ഗ്യാസോലിന്‍ നികുതിയോ ചുമത്താന്‍ ബൈഡന്‍ ആവശ്യമുന്നയിച്ചിട്ടില്ല. സാമ്പത്തികമായി ഒരുപക്ഷേ ഇത് സുസ്ഥിരമായേക്കാം.

സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മേല്‍ ചുമത്താനുദ്ദേശിക്കുന്ന നികുതികള്‍ സാമ്പത്തിക വളര്‍ച്ചയെ ശ്രദ്ധേയമായി ബാധിച്ചില്ലെന്നും വരാം. എന്നാലും ബൈഡൻ പദ്ധതി ലക്ഷ്യം വയ്ക്കുന്ന ധനസഹായ-ഭൗതികസൗകര്യ വികസന പദ്ധതികള്‍ക്ക് അവ പര്യാപ്തമാകുമെന്ന് തോന്നുന്നില്ല.ഈ സ്ഥിതിവിശേഷം ഡമോക്രാറ്റുകൾ കൊണ്ടുചെന്നെത്തിക്കുക തുടക്കത്തിൽ പറഞ്ഞുകേട്ട 3.5 ട്രില്യൺ ഡോളറിൻറെ സാമൂഹികക്ഷേമ-ഭൗതികസൗകര്യ വികസന പാക്കേജിന് പകരം ഏകദേശം രണ്ട് ട്രില്യണിലെവിടെയോ ചെന്നെത്തി നിൽക്കുന്ന ഒരു പാക്കേജിലാവും. കഴിഞ്ഞയാഴ്ച്ച 3.5 ട്രില്യൺ പാക്കേജിനെ എതിർക്കുന്ന സെനറ്റർ ജോ മാൻചിനുമായി പ്രസിഡന്റ് ബൈഡൻ നടത്തിയ കൂടിക്കാഴ്ച്ചയിൽ മഞ്ഞുരുക്കമുണ്ടായതായി സൂചനയില്ല.

താൻ 1.5 ട്രില്യൻറെ അനുരഞ്ജന ബിൽ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടാണ് ഇക്കഴിഞ്ഞ ദിവസം വരെ സെനറ്റർ മാൻചിൻ സ്വീകരിച്ചിട്ടുള്ളത്. ഇനിയും ഇരുഭാഗത്തും വിട്ടുവീഴ്ചകളുണ്ടായേക്കാം. അതുണ്ടാവുന്നു എന്നുറപ്പ് വരുത്തേണ്ടത് ഇപ്പോൾ പ്രസിഡന്റ് ബൈഡന്റെ ആവശ്യമാണ്. അതല്ലെങ്കിൽ ബൈഡന്റെ തെരഞ്ഞെടുപ്പിൻറെ ഒന്നാം വാർഷികത്തിന് മേൽ അത് അവശേഷിപ്പിക്കുക ഒരു കറുത്തപാടാവും. 2022ലെ ഇടക്കാല തെരഞ്ഞെടുപ്പോടെ ഡെമോക്രാറ്റുകൾക്ക് ഒരുപക്ഷെ സെനറ്റിൽ ഭൂരിപക്ഷം പൂർണമായി ഇല്ലാതാവുകയും ചെയ്യും. അപ്പോൾ യുണൈറ്റഡ് വെൽഫെയർ സ്റ്റേറ്റ് ഓഫ് അമേരിക്ക ഒരു സ്വപ്നമായി അവശേഷിക്കും.