ശൈത്യകാല മാന്ദ്യത്തിനുശേഷംയുഎസ്  സാമ്പത്തികവളർച്ച നേടും 


JANUARY 11, 2021, 11:43 AM IST

2021ലേക്ക് കടക്കുമ്പോൾ യുഎസിൽ കൊറോണ വൈറസ് കേസുകൾ വീണ്ടും വലിയ തോതിൽ വർദ്ധിക്കുകയും ബിസിനസിന് പുതിയ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അവധി ദിനങ്ങളിലെ ഷോപ്പിംഗ് വളരെ കരുതലോടെ മാത്രം നടത്തുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയുമാണ്. പക്ഷെ, ഇതൊന്നും കണ്ട് നിരാശപ്പെടേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. 2021 രണ്ടാം പകുതിയോടെ യുഎസ് സമ്പദ്ഘടന ശക്തിപ്പെടുമെന്നു വിശ്വസിക്കാൻ പല കാരണങ്ങളുമുണ്ടെന്ന് അവർ പറയുന്നു.

ഡിസംബറിലെ തൊഴിൽ റിപ്പോർട്ട് ലേബർ ഡിപ്പാർട്ടുമെന്റ് വെള്ളിയാഴ്ച പുറത്തു വിടും. വർഷാന്ത്യത്തിൽ  തൊഴിൽവിപണി എത്ര ദുർബ്ബലമായാണ് കാണപ്പെട്ടിരുന്നതെന്നു അതിൽനിന്നും വ്യക്തമാകും. ഡിസംബറിൽ 68,000 പുതിയ തൊഴിലവസരങ്ങൾ മാത്രമാണ് തൊഴിലുടമകൾ സൃഷ്ടിച്ചത്. ഒരു മാസം മുമ്പ് സൃഷ്ടിക്കപ്പെട്ട  245,000 തൊഴിലവസരങ്ങളിൽ നിന്നും വളരെ കുറവാണിത്. മേയ് മാസത്തിനു ശേഷം വീണ്ടും ശക്തിപ്പെട്ടുകൊണ്ടിരുന്ന തൊഴിൽ വിപണി ഏറ്റവും മന്ദഗതിയിലായ മാസമാണിത്. പക്ഷെ, ഈ സ്ഥിതി മാറുക തന്നെ ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ നമുക്ക് ഉറപ്പ് തരുന്നു.

അതിനു പല കാരണങ്ങളുമുണ്ട്. ഒന്നാമതായി, അടുത്തിടെ അംഗീകരിച്ച മഹാമാരി ദുരിതാശ്വാസ നിയമം വരും മാസങ്ങളിൽ 900  ബില്യൺ ഡോളർ സമ്പദ്ഘടനയിലേക്ക് പ്രവഹിപ്പിക്കും. രണ്ടാമതായി, മഹാമാരിയെ തുടർന്ന് ബിസിനസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സേവന മേഖലകൾ മുടന്തി നീങ്ങുകയും ചെയ്തതിനെ തുടർന്ന്  വസന്തകാലത്തിനു ശേഷം അമേരിക്കക്കാരുടെ വരുമാനത്തിൽ അസാധാരണമായ രീതിയിൽ വർദ്ധിച്ച സമ്പാദ്യങ്ങൾ പതിയെയാണെങ്കിലും സമ്പദ്ഘടനയിലേക്ക് ഒഴുകിയെത്തും.

യുഎസിൽ വ്യക്തികളുടെ സമ്പാദ്യ നിരക്ക് ഏപ്രിലിൽ 33.7%  ആയിരുന്നു. നവംബറിൽ 12.9% ആയി അത് കുറഞ്ഞു. പക്ഷെ ഒരു വർഷം  മുമ്പുണ്ടായിരുന്ന 7.5% എന്ന നിരക്കിനേക്കാൾ മുകളിലായിരുന്നു അത്. കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ അയവ് വരുകയും വാക്സിൻ വിതരണത്തിന്റെ ഫലമായി ആൾക്കാർ കൂടുതൽ പുറത്തേക്കിറങ്ങിത്തുടങ്ങുകയും ചെയ്യും. ഇതോടെ ആൾക്കാർ പണം കൂടുതലായി ചിലവഴിക്കുകയും 2021ന്റെ രണ്ടാം പകുതിയോടെ സമ്പദ്ഘടന വീണ്ടും ശക്തമാകുകയും ചെയ്യും. 

മൂന്നാമതായി, വായ്പകൾ എടുക്കുന്നതിനുള്ള ചിലവുകൾ വളരെ കുറയും. അടുത്ത മൂന്നു വർഷത്തേക്കെങ്കിലും സെൻട്രൽ ബാങ്ക് ഹൃസ്വകാല നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്തുമെന്നാണ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ മിക്കവരും കരുതുന്നത്. ഇതിനെയെല്ലാം ഫലമായി യുഎസിന്റെ ജിഡിപി 2020ൽ 3.5% ചുരുങ്ങിയതിനു ശേഷം 2021ൽ 5.8% ഉയരുമെന്നാണ് ഗോൾഡ്‌മാൻ സാക്‌സ് പ്രതീക്ഷിക്കുന്നത്. 

എന്നാൽ 2021 ന്റെ ആദ്യ ക്വാർട്ടറിൽ സമ്പദ്ഘടനയിലുണ്ടാകുന്ന മാന്ദ്യം തടയാൻ കഴിയാത്ത വിധം ഏറ്റവും പുതിയ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന്റെ വിതരണം വൈകുമെന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം. 2021ലെ ആദ്യ ക്വാർട്ടറിൽ ഉണ്ടാകുമെന്നു പ്രവചിക്കപ്പെട്ടിരുന്ന  സാമ്പത്തിക വളർച്ചയുടെയും തൊഴിലവസരസൃഷ്ടിയുടെയും തോത് വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാൽ രണ്ടും മൂന്നും നാലും ക്വാർട്ടറുകളിലേക്കുള്ളത് ഉയർത്തുകയും ചെയ്തു. 

മഹാമാരിയിൽ നിന്നും മുക്തമാകുന്ന സമ്പദ്ഘടന വ്യത്യസ്തമായ ഒന്നായി കാണപ്പെടുമെന്നു വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു. പ്രതിസന്ധി കാരണമുണ്ടായ ചില മാറ്റങ്ങൾ സ്ഥായിയായ ഒന്നായി മാറും. ഓഫീസുകളിലേക്ക് ജീവനക്കാരെ തിരിച്ചു കൊണ്ടു വരണമോ, ടെലികോൺഫെറെൻസിങ് നിത്യജീവിതത്തിന്റെ  വലിയൊരു ഭാഗമായി മാറിയിരിക്കെ എത്രത്തോളം ജീവനക്കാർ യാത്ര ചെയ്യണം എന്നതൊക്കെ കമ്പനികൾ ഗൗരവമായി പരിഗണിക്കുന്ന വിഷയങ്ങളിലാണ്.

മാളുകളിലും ഡോക്ടർമാരുടെ ക്ലിനിക്കുകളിലും ജിമ്മുകളിലും പോകുന്നതൊഴിവാക്കി അമേരിക്കൻ ഉപഭോക്താക്കൾ   ഡിജിറ്റൽ ഷോപ്പിംഗ്, ടെലി ഹെൽത്ത് പരിശോധനകൾ, ഓൺലൈൻ ഫിറ്റ്നസ് ക്‌ളാസ്സുകൾ എന്നിവയൊക്കെ കൂടുതൽ ശീലിക്കുകയാണ്. 

അസാധാരണമായ ഒരു മാന്ദ്യമാണ് ഇപ്പോഴുണ്ടായതെന്നതിനാൽ മാന്ദ്യത്തിൽ നിന്നുമുള്ള വീണ്ടെടുപ്പും വ്യത്യസ്തമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നിർമ്മാണ-ഉൽപ്പാദന വ്യവസായങ്ങളെ ഉയർന്ന പലിശ നിരക്കുകൾ തളർത്തിയതിൽ നിന്നുമായിരുന്നു മുൻകാലങ്ങളിൽ മാന്ദ്യങ്ങൾ ഉണ്ടായത്. നിരക്കുകൾ കുത്തനെ താഴുകയും പിന്നീട് വീണ്ടും ശക്തിപ്രാപിക്കുന്നതുമാണ് മുമ്പ് കണ്ടിട്ടുള്ളത്. എന്നാൽ ഇക്കുറി വ്യക്തികൾക്ക് നേരിട്ട് നൽകുന്ന സേവന ബിസിനസുകളെയാണ് മാന്ദ്യം ഏറ്റവും ശക്തമായി ബാധിച്ചത്. 

മുൻകാല മാന്ദ്യങ്ങളിൽ നഷ്ടപ്പെട്ട തൊഴിലുകൾ വീണ്ടെടുക്കുന്നതിനേക്കാൾ വേഗതയിൽ ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലുകൾ ഇക്കുറി വീണ്ടെടുക്കപ്പെടുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. എങ്കിലും 2021ന്റെ ആദ്യ മാസങ്ങളിൽ വലുതായി ആശ്വസിക്കാൻ കഴിയില്ലെന്നതിനാൽ ബിസിനസുകാർ ആശങ്കാകുലരാണ്.

നവംബറിൽ ബ്ലാക്ക് ഫ്രൈഡേയും സൈബർ മണ്ടേയും ഉൾപ്പടെയുള്ള  തുടർച്ചയായ 5 ദിവസങ്ങളിൽ മുൻവർഷത്തേക്കാൾ  കുറഞ്ഞ തുകയാണ് ഷോപ്പിംഗ് നടത്തിയവർ ചിലവഴിച്ചത്. റീറ്റെയ്ൽ വ്യാപാരത്തിൽ  സീസൺ അനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകൾ കണക്കിലെടുത്താൽപ്പോലും നവംബറിൽ മുൻ മാസത്തെ അപേക്ഷിച്ച്  1.1% കുറവായിരുന്നു.