പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഇന്ത്യയും


JANUARY 10, 2020, 4:00 PM IST

ഇറാനും യു. എസുമായുള്ള സംഘര്‍ഷം പശ്ചിമേഷ്യയിലാകെ സംഭ്രമം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ പ്രവാസി സമൂഹം ഏറെയുണ്ട് ഗള്‍ഫ് നാടുകളില്‍. പുതിയ സാഹചര്യം കേരളത്തിലെ വീട്ടകങ്ങളും ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നത്. മേഖലയിലുള്ള 80 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരില്‍ നല്ലൊരു പങ്ക് മലയാളികളാണെന്ന് ഓര്‍ക്കണം. 

ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യു. എസ് വധിച്ചതിനുശേഷമുള്ള സാഹചര്യങ്ങള്‍ പല വിധത്തില്‍ ഇന്ത്യയെ ബാധിക്കും. സാമ്പത്തിക മാന്ദ്യം മൂലമുള്ള പിരിമുറുക്കത്തിനൊപ്പം കടന്നു വരുന്ന പുതിയ സംഘര്‍ഷം പെട്രോളിയം ഉല്‍പന്ന വിലയും അതുവഴി നിത്യോപയോഗ സാധന വിലയും വര്‍ധിപ്പിക്കാന്‍ ഇടയാക്കും. പ്രവാസി സമൂഹം ഇന്ത്യയിലേക്ക് അയക്കുന്ന തുകയുടെ പകുതിയും (ഏകദേശം 4,000 കോടി ഡോളര്‍) പശ്ചിമേഷ്യയില്‍ നിന്നാണ്. സൗദി ഖത്തര്‍ സംഘര്‍ഷം, ഗള്‍ഫ് നാടുകളിലെ തൊഴില്‍ദേശസാല്‍ക്കരണം, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കയകയറാന്‍ ദുബൈ പാടുപെടുന്ന സ്ഥിതി എന്നിവയ്ക്കു പിന്നാലെയാണ് ഇപ്പോഴത്തെ യുദ്ധസമാന സാഹചര്യം. അത് തൊഴിലവസരങ്ങളെ ബാധിക്കുമെന്നു മാത്രമല്ല, തൊഴില്‍ ഉപേക്ഷിച്ച് കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതി കൂടിയാണ് ഉണ്ടാക്കുന്നത്. 

തൊണ്ണൂറുകളില്‍ അമേരിക്ക നടത്തിയ ഇറാഖ് അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യ അഭിമുഖീകരിക്കുന്നത്. അക്കാലത്ത് 1.10 ലക്ഷം ഇന്ത്യക്കാരെ വിമാനമയച്ച് നാട്ടിലെത്തിക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്. അമേരിക്കയുടെ പ്രകോപനത്തോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പുതിയ അസ്ഥിരതയുടെ ആഴം. പെട്രോളിയം വിലവര്‍ധന, കടത്തുന്നതിലെ തടസങ്ങള്‍ എന്നിവ വലിയ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കുക. മാന്ദ്യത്തിനൊപ്പം നാണ്യപ്പെരുപ്പമാണ് ഇന്ത്യ നേരിടേണ്ടി വരുക. 

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കാതിരിക്കാന്‍ യു. എസും ഇറാനും സംയമനം പാലിക്കണമെന്ന് ഇന്ത്യ അഭ്യര്‍ഥിക്കുന്നു. ''സംഘര്‍ഷം വര്‍ധിക്കുന്നത് ലോകത്തെ ആശങ്കയിലാക്കുന്നു. ഈമേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷിതത്വം എന്നിവ ഇന്ത്യക്ക് അങ്ങേയറ്റം പ്രധാനമാണ്. സ്ഥിതി കൂടുതല്‍ മോശമാകാതിരിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. സംയമനത്തിനാണ് ഇന്ത്യ നിരന്തരം വാദിച്ചു വരുന്നത്. ആ നിലപാട് തുടരുകയും ചെയ്യുന്നു.'' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യ നടത്തുന്ന ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതി ഡോ. അലി ചെഗേനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവര്‍ ഇന്ത്യയൂടെ ഇടപെടല്‍ കാംക്ഷിക്കുന്നു എന്നര്‍ഥം. സമാധാനം പരിപാലിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇന്ത്യ നല്ല പങ്ക് വഹിക്കാറുണ്ട്. സുഹൃത്തുക്കളായ എല്ലാ രാജ്യങ്ങളുടെയും എല്ലാ ശ്രമങ്ങളെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നു. യുദ്ധം ആഗ്രഹിക്കുന്നതില്ല. മേഖലയിലെ എല്ലാവരുടെയും സമാധാനവും അഭിവൃദ്ധിയുമാണ് ആഗ്രഹിക്കുന്നതെന്നും ചെഗേനി കൂട്ടിച്ചേര്‍ത്തു. 

***    ***     ***

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യത്ത് വ്യാപിച്ചത് കാമ്പസുകളില്‍ നിന്നാണ്. അലീഗഡ്, ജാമിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭ തുടര്‍ച്ചയാണ് കഴിഞ്ഞ ആഴ്ചകളില്‍ കണ്ടത്. അതിനിടയില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹൃ സര്‍വകലാശാലയില്‍ ഉണ്ടായ അതിക്രമങ്ങള്‍ വീണ്ടും കാമ്പസുകളെ ഇളക്കി മറിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന ജെ. എന്‍. യു വിദ്യാര്‍ഥികള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.  വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്. എഫ്. ഐ നേതാവുമായ ഐഷിഘോഷിന്റെ തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ഞായറാഴ്ച വൈകുന്നേരം മുഖം മറച്ചെത്തിയ 50ലധികം വരുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടത്. വിദ്യാര്‍ഥികളെ സംക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും മര്‍ദനമേറ്റു. അധ്യാപകരുടെ വാഹനങ്ങളും അടിച്ചു തകര്‍ത്തു. 

ഫീസ് വര്‍ധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ഞായറാഴ്ച ഉച്ചയോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തുനിന്നും 50ലധികം വരുന്ന എ. ബി. വി. പി പ്രവര്‍ത്തകര്‍ ഇരുമ്പു വടികളും ഹോക്കി സ്റ്റിക്കുകളുമായി കാമ്പസില്‍ പ്രവേശിച്ച് വീണ്ടും അക്രമം നടത്തിയത്.

അക്രമത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം രാത്രിയോടെ കാമ്പസില്‍ പ്രവേശിച്ചു. അതേസമയം, പൊലീസിന്റെ മുമ്പിലൂടെയാണ് അക്രമികള്‍ കാമ്പസില്‍ പ്രവേശിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. 

കുത്തനെ ഉയര്‍ത്തിയ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ 70 ദിവസമായി വിദ്യാര്‍ഥികള്‍ സമരം നടത്തിവരുന്നു. പരീക്ഷകളും സെമസ്റ്റര്‍ രജിസ്‌ട്രേഷനും ബഹിഷ്‌കരിച്ചുള്ള സമരം അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഫീസ് കുറക്കാതെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ജെ. എന്‍. യു അധികൃതരുടെ നീക്കം കഴിഞ്ഞ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ തടസപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുനേരെ ശനിയാഴ്ച സുരക്ഷ ജീവനക്കാരും എ. ബി. വി. പി പ്രവര്‍ത്തകരും അക്രമം നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് അക്രമം നടന്നത്. ബി. ജെ. പിയുടെ വിദ്യാര്‍ഥി സംഘടനയായ എ. ബി. വി. പിയാണ് അക്രമത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നതിനിടയില്‍ അന്വേഷണ നടപടികളില്‍ പൊലീസ് ഉദാസീനത തെളിഞ്ഞു കാണുന്നുണ്ട്.

***    ***     *** 

 ഇന്ത്യ 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്നത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല.

പുതിയ ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗം കൂടിയാണിതെന്ന് കാനഡയിലെ ഒട്ടാവയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ നിയമനിര്‍മാണ സഭാധ്യക്ഷന്മാരുടെ യോഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. ഇപ്പോഴത്തെ പാര്‍ലമെന്റിന് 92 വര്‍ഷം പഴക്കമുണ്ടെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. 1927ലാണ് തുറന്നത്. എം. പിമാര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ ഇടവും സൗകര്യങ്ങളും കാലോചിതമായി ഉണ്ടാകേണ്ടതുണ്ട്. നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട്, പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാതെ പുതിയ സൗകര്യം ഒരുക്കുക എന്നതു വെല്ലുവിളി തന്നെ. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള വിശാല ഭാഗത്തിന്റെ പുനഃക്രമീകരണ, നിര്‍മാണ പ്രവര്‍ത്തനത്തിന് പദ്ധതി തയാറാവുകയാണ്. അടുത്ത 250 വര്‍ഷം മുന്നില്‍ക്കണ്ടാണ് നീങ്ങുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.