യുഎസുമായുള്ള ചർച്ചകളെ ചൊല്ലി ഇറാനിൽ ഭിന്നത 


APRIL 6, 2021, 8:58 AM IST

ഉപരോധങ്ങൾ പിൻവലിക്കുന്നതിന് പകരമായി ടെഹ്‌റാൻ അതിന്റെ ആണവ പരിപാടികൾ പരിമിതപ്പെടുത്തുന്നതിനു വ്യവസ്ഥ ചെയ്യുന്ന അന്താരാഷ്ട്ര കരാർ പുനഃസ്ഥാപിക്കാനുള്ള കൂടിയാലോചനകൾക്കുള്ള  യുഎസ് പ്രസിഡന്റ് ബൈഡന്റെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ  ഇറാനിലെ രാഷ്ട്രീയനേതാക്കൾ രണ്ടുതട്ടിലാണ്. 

ഈ ഭിന്നത ജൂണിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ളതാണ്. സാമ്പത്തിക ആഘാതങ്ങൾ ഏൽപ്പിച്ച നാശനഷ്ടങ്ങളെയും അതുണ്ടാക്കുന്ന രാഷ്ട്രീയ സംവാദങ്ങളെയും  അതിജീവിക്കാൻ ഇറാന് എത്രനാൾ കഴിയുമെന്നതിനെക്കുറിച്ചും ഇനി അഥവാ ഉപരോധങ്ങൾ പിൻവലിപ്പിക്കാൻ കഴിഞ്ഞാൽപ്പോലും അതിന്റെ നേട്ടം ആർക്കാണ് അവകാശപ്പെടാൻ കഴിയുകയെന്നതിനെക്കുറിച്ചുമാണ് ഭിന്നതകൾ നിലനിൽക്കുന്നത്. യുഎസ് പ്രതിനിധികളുമായി കൂടിക്കാണാൻ  ഇറാൻ തയ്യാറാകുമോ, എപ്പോഴാകും അതിനു തയ്യാറാകുക, എന്തൊക്കെ ഉപാധികളാകും ഉന്നയിക്കുകയെന്നതൊക്കെ പ്രവചിക്കാൻ പ്രയാസമാണ്. 

യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിൽ കുറച്ചെങ്കിലും ആദ്യം പിൻവലിക്കുകയാണെങ്കിൽ ആണവ ഉടമ്പടിയിലെ വ്യവസ്ഥകൾ ഉടൻ തന്നെയോ ഘട്ടം ഘട്ടമായോ നടപ്പാക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് ഹസ്സൻ റൂഹാനി  പരസ്യമായി പറയുകയുണ്ടായി. എന്നാൽ പാർലമെന്റിന്റെ നിയന്ത്രണം കയ്യാളുന്ന കൂടുതൽ യാഥാസ്ഥിതികരായ രാഷ്ട്രീയ നേതാക്കൾ മറ്റൊരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ട്രംപ് ഭരണം ഏർപ്പെടുത്തിയ ഉപരോധ നടപടികൾ അപ്പാടെ പിൻവലിച്ചാൽ മാത്രമേ 2015ൽ ഒപ്പുവെച്ച ജോയിന്റ് കോമ്പ്രെഹെൻസീവ് പ്ലാൻ ഓഫ് ആക്‌ഷൻ (ജെസിപിഒഎ) എന്നറിയപ്പെടുന്ന  ബഹുരാഷ്ട്ര കരാർ വ്യവസ്ഥകൾ വീണ്ടും നടപ്പാക്കുകയുള്ളുവെന്നാണവർ പറയുന്നത്. 

അമേരിക്കക്കാർ ജെസിപിഒഎയിൽനിന്നും പിന്മാറുന്നതിനു മുമ്പ് ഒരു ചർച്ചയും ഇറാനുമായും നടത്തിയിരുന്നില്ലെന്നും അതിനാൽ കരാറിലേക്കുള്ള തിരിച്ചുപോക്കിനും ചർച്ചയൊന്നും ആവശ്യമില്ലെന്നുമാണ് പാർലമെന്റിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രമുഖനായ നേതാവ് അബോൾഫാസി അമൗയി പറഞ്ഞത്. 

ഇറാൻ എന്തൊക്കെയോ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ എന്താണ് ആവശ്യപ്പെടുന്നതെന്ന് അറിയില്ലെന്നുമാണ് ടെഹ്റാനിലെ മുതിർന്ന ഒരു യൂറോപ്യൻ നയതന്ത്ര പ്രതിനിധി പറഞ്ഞത്. യുഎസുമായുള്ള അനൗപചാരിക സംഭാഷണങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നൽകിയ ക്ഷണം ഫെബ്രുവരിയിൽ ഇറാൻ നിരസിച്ചിരുന്നു. 

ഇറാനിലെ രാഷ്ട്രീയത്തിൽ കടുത്ത യാഥാസ്ഥിതികർ മുതൽ പരിഷ്ക്കരണവാദികൾ വരെയുണ്ട്. എന്നാൽ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പ്രധാനമായ പ്രമാണങ്ങളെ പിന്തുണക്കാത്തവരോ പരമോന്നത നേതാവിനോട് കൂറ് പുലർത്താത്തവരോ ആയ ആർക്കും ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഒരു സ്ഥാനവുമില്ല. 

ദേശീയസുരക്ഷയുടെ കാര്യത്തിൽ അവസാന വാക്ക് പരമോന്നത നേതാവായ അലി ഖമേനിയുടേതാണ്. ഇപ്പോൾ രാജ്യത്തു നടക്കുന്ന തർക്കങ്ങളിൽ അദ്ദേഹം ഒരു പക്ഷവും ചേർന്നിട്ടില്ല. എന്നാൽ യുഎസുമായുള്ള കൂടിയാലോചനകളിലേക്ക് മടങ്ങാൻ ഒരു തിടുക്കവുമില്ലെന്നു  കഴിഞ്ഞയാഴ്ച ഒരു പ്രസംഗമധ്യേ അദ്ദേഹം പറഞ്ഞു. യുഎസ് ഉപരോധങ്ങൾ പിൻവലിക്കുമ്പോൾ ഇറാൻ കരാർ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം  പറഞ്ഞു. 

ഉപരോധങ്ങൾ പിൻവലിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ "ന്യുനപക്ഷക്കരായ അട്ടിമറിക്കാർ" തടസ്സപ്പെടുത്തുകയാണെന്നും അവർ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും പ്രസിഡന്റ് റൂഹാനി പറഞ്ഞു. 

യുഎസ് ആദ്യ നടപടി സ്വീകരിച്ചാൽ കരാർ വ്യവസ്ഥകളിലേക്ക് മടങ്ങാൻ ഇറാൻ തയ്യാറാണെന്ന് പറഞ്ഞ റൂഹാനി ജൂണിൽ നടക്കുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പു വരെ യുഎസുമായി എന്തെങ്കിലും കരാറുണ്ടാക്കുന്നത് വൈകിപ്പിക്കുകയെന്നതാണ്  തന്റെ രാഷ്ട്രീയ എതിരാളികൾ സ്വീകരിച്ചിട്ടുള്ള തന്ത്രമെന്ന് സൂചിപ്പിച്ചു. നയതന്ത്ര നിലവാരത്തിൽ പെട്ടെന്ന് വിജയം നേടുന്നതും ഉപരോധ നടപടികളിൽ ആശ്വാസമുണ്ടാകുന്നതും തന്റെ സഖ്യശക്തികളെ ശക്തിപ്പെടുത്തുമെന്നു അവർ ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. 

യുഎസ് ഉപരോധങ്ങൾ ഏൽപ്പിച്ച ആഘാതം ഇറാൻ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിനെ മന്ദീഭവിപ്പിച്ചതായി അമൗയി പറയുന്നു. 2020ൽ 5% ചുരുങ്ങിയ സമ്പദ്ഘടന വർദ്ധിക്കുന്ന എണ്ണ വിൽപ്പനയുടെയും ശക്തമാകുന്ന ആഭ്യന്തര വ്യവസായത്തിന്റെയും പിന്തുണയോടെ 2021ൽ 3.2% വളർച്ച നേടുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിട്ടുള്ളത്. 

എണ്ണയുടെ കയറ്റുമതി, എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ ലഭ്യത, അന്താരാഷ്ട്ര ബാങ്കിങ് ഉപരോധങ്ങൾ എന്നീ മൂന്നു മേഖലകളിലാണ് ഉപരോധങ്ങളിൽ ഇറാൻ ഇളവ് തേടുന്നതെന്നു അമൗയി പറഞ്ഞു. അത്തരത്തിലുള്ള നീക്കങ്ങൾ ഒന്നുമില്ലാതെ ചർച്ചകൾ കൊണ്ടൊരു കാര്യവുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.