ഗ്രീന്‍ലാന്‍ഡിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ അമേരിക്ക


SEPTEMBER 2, 2019, 6:53 PM IST

പ്രകൃതിവാതകങ്ങളുടെയും ധാതുസമ്പത്തിന്റെയും കലവറയായ ആര്‍ട്ടിക്ക് മേഖലയിലെ ഗ്രീന്‍ലാന്‍ഡ് ദ്വീപ് ലോകത്തിന്റെ സംഭാഷണ വിഷയമാവുകയാണ്. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുള്ളത്.പ്രസിഡണ്ടിന്റെ വാക്കുകള്‍ വെറും വീമ്പിളക്കലായി  കണ്ടവരുണ്ട്. ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മെറ്റി ഫ്രഡറിക്‌സണ്‍ കയ്യോടെ ആ ആവശ്യം നിരസിക്കുകയും ചെയ്തു. പക്ഷെ, ചര്‍ച്ച തുടരുക തന്നെയാണ്. അറ്റ്‌ലാന്റിക്, ആര്‍ട്ടിക് സമുദ്രങ്ങള്‍ക്ക്  മദ്ധ്യേ സ്ഥിതിചെയ്യുന്ന മഞ്ഞുമൂടിയ ഡാനിഷ് സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്താല്‍ അവിടെ സമൃദ്ധമായി ലഭ്യമായ പ്രകൃതി വിഭവങ്ങള്‍ക്ക് മേല്‍ അമേരിക്കക്ക് നിയന്ത്രണം സിദ്ധിക്കും എന്നത് തന്നെയാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണം.

ചില ഉപേദശകര്‍ ട്രംപിന്റെ ആശയത്തിന് പിന്തുണ നല്‍കുന്നു. സാമ്പത്തികമായി അത് നല്ലതാണെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍ ഒരിക്കലും ഫലവത്താകാത്ത ഒരു സങ്കല്‍പ്പമെന്ന് പറഞ്ഞ് മറ്റുള്ളവര്‍ ആ ആശയത്തെ തള്ളിക്കളയുന്നു. ഗ്രീന്‍ലാന്‍ഡിനെ യുഎസിന് എങ്ങനെ ഏറ്റെടുക്കാന്‍ കഴിയുമെന്ന കാര്യം വ്യക്തമല്ല. ഡെന്മാര്‍ക്കിന്റെ ഒരു സ്വയംഭരണ പ്രദേശമാണ് 56,000 ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡ്. ആഭ്യന്തര കാര്യങ്ങളെല്ലാം അവര്‍ തന്നെയാണ് തീരുമാനിക്കുന്നത്. വിദേശനയവും സുരക്ഷയും കോപ്പന്‍ഹേഗന്‍ കൈകാര്യം ചെയ്യുന്നു. യുഎസിന്റെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് വളരെ പ്രധാനമായി യുഎസ് കേന്ദ്രങ്ങള്‍ കാണുന്നു. യുഎസും ഡെന്മാര്‍ക്കും തമ്മില്‍ ദശകങ്ങള്‍ക്കുമുമ്പ് ഒപ്പുവെച്ച പ്രതിരോധ കരാര്‍ പ്രകാരം ഗ്രീന്‍ലാന്‍ഡില്‍ യുഎസ് സൈന്യത്തിന് അപരിമിതമായ അവകാശങ്ങളുണ്ട്. ഏറ്റവും വടക്ക് യുഎസിനുള്ള വ്യോമസേനാ താവളമായ തുളെ എയര്‍ ബേസ് അവിടെയാണുള്ളത്.

ആര്‍ട്ടിക്ക് വൃത്തത്തിനു 750  മൈല്‍ വടക്കുള്ള അവിടെ യുഎസ് ബാലിസ്റ്റിക് മിസൈല്‍ ഏര്‍ലി വാണിംഗ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു റഡാര്‍ സ്റ്റേഷനുമുണ്ട്. യുഎസ് എയര്‍ ഫോഴ്‌സ് സ്‌പേസ് കമാന്‍ഡും നോര്‍ത്ത് അമേരിക്കന്‍ എയ്‌റോ സ്‌പേസ് ഡിഫന്‍സ് കമാന്‍ഡും അത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗ്രീന്‍ ലാന്‍ഡില്‍ സാമ്പത്തിക സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളെ യുഎസ് പരാജയപ്പെടുത്തിയിരുന്നു. ദ്വീപില്‍ മൂന്നു വിമാനത്താവളങ്ങള്‍ പണിയുന്നതിനുള്ള ധനസഹായം നല്‍കാന്‍ ചൈന നടത്തിയ ശ്രമങ്ങളെ പെന്റഗണ്‍ തടയുകയും ചെയ്തു. അലാസ്‌ക യുഎസ് ഏറ്റെടുത്ത  മാതൃകയില്‍ ട്രംപിന്റെ ഒരു പൈതൃകമായി ഗ്രീന്‍ലാന്‍ഡും വാങ്ങുമെന്ന്  പറയുന്നവരുണ്ട്. ഈയൊരു ആശയവുമായി പ്രസിഡന്റ് ട്രംപ് എത്രത്തോളം പോകുമെന്ന് സംശയിക്കുന്നവരുണ്ട്. ആര്‍ട്ടിക്ക് പ്രദേശത്ത്  ശക്തമായൊരു സൈനിക സാന്നിധ്യത്തിനാകുമോ ഗ്രീന്‍ലാന്‍ഡിനെ ഉപയോഗിക്കുക, എന്തുതരം ഗവേഷണ പ്രവര്‍ത്തനങ്ങളാകും അവിടെ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള ചോദ്യങ്ങളാണുയരുന്നത്.

811,000  ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഗ്രീന്‍ലാന്‍ഡ് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും ഡെന്മാര്‍ക്കില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന 591 മില്യണ്‍ ഡോളറിന്റെ സബ്‌സിഡിയെയാണ് അവര്‍ ആശ്രയിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് ഗവണ്മെന്റിന്റെ വാര്‍ഷിക ബജറ്റിന്റെ 60 ശതമാനവും ഈ സബ്‌സിഡിയാണെന്നാണ് ഡാനിഷ്, യുഎസ് ഗവണ്മെന്റുകളുടെ സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്.