വിക്കിപീഡിയക്ക് 20 വയസ്സ് 


JANUARY 25, 2021, 11:04 AM IST

വെറും വിവരം വേണ്ടവർ 'ഗൂഗ്ൾ' ചെയ്യും, കൂടുതൽ ആഴത്തിലറിയേണ്ടവർ 'വിക്കി' നോക്കും. വിവരസാങ്കേതികവിദ്യാ രംഗത്തെ ഏറ്റവും വിപ്ലവകരമായ മുന്നേറ്റങ്ങളിലൊന്നായ വിക്കിപീഡിയയ്ക്ക് 20 വയസ്. ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന ആർക്കും തനിക്കറിയാവുന്ന ഒരു വിഷയത്തെ--പലയിടത്തും തന്റെ ഭാഷയിൽ തന്നെ--ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും അതിലേക്ക് താനൊരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്തവർ അവരുടെ അറിവുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഇടമാണിത്.

വിക്കിപീഡിയയിൽ ഒരു മിനുറ്റിൽ 350ഓളം എഡിറ്റിംഗാണ് നടക്കുന്നത്. സന്നദ്ധ പ്രവർത്തകരായ എഡിറ്റർമാർ അത്രയ്ക്ക് സജീവമാണവിടെ. 20 വർഷങ്ങൾക്ക് മുമ്പ് 2001ൽ വിക്കിപീഡിയ തുടങ്ങുമ്പോൾ അങ്ങനെയായിരുന്നില്ല. ലേഖനങ്ങൾ എഴുതുന്ന  എഡിറ്റർമാർക്ക് അതിനായി ലോഗ് ചെയ്യാൻ പാസ്സ്‌വേഡ് ഒന്നും ആവശ്യമുണ്ടായിരുന്നില്ല. ആർക്കും കയറി എന്തും എഴുതാവുന്ന തരത്തിലുള്ള അപരിമിത സ്വാതന്ത്ര്യമുള്ള ഇടമായിരുന്നു അത്. അത് ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ മാത്രമാണ് വിക്കി സഹസ്ഥാപകനായ ജിമ്മി വെയിൽസ്‌ അത് തിരുത്തിയത്. 

കേവലം ഒരു സെർവറുമായാണ് വിക്കിപീഡിയ തുടങ്ങിയത്. ലോഗ് ഇൻ ചെയ്യാൻ ശരിയായ ഒരു രീതിപോലും ഇല്ലായിരുന്നു. ഏതൊരാൾക്കും ഏതൊരാളായും ഭാവിക്കാവുന്ന അവസ്ഥ.  അങ്ങനെ തുടരാൻ പറ്റില്ലല്ലോ. അങ്ങനെയാണ് പാസ്സ്‌വേഡ് സമ്പ്രദായം ആവിഷ്‌ക്കരിച്ചതെന്നു വെയിൽസ്‌ പറയുന്നു. അതിനു ശേഷം വളരെ ദൂരം പിന്നിട്ടിരിക്കുന്നു. ജനുവരി 15ന്  വിക്കിപീഡിയ എന്ന ഓൺലൈൻ സർവവിജ്ഞാനകോശം 20 വർഷങ്ങൾ പൂർത്തിയാക്കി. 55 മില്യണിലധികം ലേഖനങ്ങൾ  300 ഭാഷകളിൽ  ഇന്ന് വിക്കിപീഡിയ എന്ന ഡിജിറ്റൽ വിജ്ഞാനകോശത്തിൽ ലഭ്യമാണ്. 

മനുഷ്യ വിജ്ഞാനത്തിന്റെ ഒരു ചെറിയ രൂപം സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുകയെന്നായിരുന്നു വിക്കിപീഡിയയ്ക്ക് പിന്നിലെ തത്വശാസ്ത്രം. അതി വിശാലമായ, സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെ അല്ലെങ്കിൽ അരാജകത്വത്തിന്റെ അല്ലെങ്കിൽ ജനാധിപത്യത്തിന്റെ ഒരു വേദി എന്നൊന്നും ഉദ്ദേശിച്ചിരുന്നില്ല. ഒരു സർവ വിജ്ഞാനകോശം നിർമ്മിക്കുക മാത്രമായിരുന്നു  ലക്‌ഷ്യം. നിഷ്പക്ഷതയാണ് വിക്കിപീഡിയ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുള്ള പ്രധാന മൂല്യം.

പ്രധാനപ്പെട്ട ഒരു വിഷയത്തിലും വിക്കിപീഡിയ ഒരു പക്ഷം പിടിക്കില്ല. പ്രശ്നം എന്താണെന്ന് അവതരിപ്പിക്കും. ആൾക്കാർക്ക് അതിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ കഴിയണമെന്നത് വിക്കിപീഡിയ ഉയർത്തിപ്പിടിക്കുന്ന പ്രധാനപ്പെട്ട ഒരു മൂല്യമാണ്. വ്യക്തിപരമായ ഒരാക്രമണവും പാടില്ലായെന്നതും തുടക്കം മുതൽ പാലിക്കുന്ന ഒരു ചട്ടമാണ്.

ഇന്ത്യയിൽ ഓരോ മാസവും വിക്കിപീഡിയയിൽ 750 മില്യണിലധികം സന്ദർശനങ്ങൾ നടക്കുന്നു. സന്ദർശകരുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ 24 പ്രാദേശിക ഭാഷകളിൽ വിക്കിപീഡിയ ലഭ്യമാണ്. ഹിന്ദിയെ അപേക്ഷിച്ച് പഞ്ചാബി, ഒഡിയ, മലയാളം ഭാഷകളിലെ വിക്കിപീഡിയയാണ് കൂടുതൽ പേർ ഉപയോഗിക്കുന്നത്.

ചില ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതൽ സജീവമായിരിക്കും. ഒഡിയ ഭാഷ സംസാരിക്കുന്നവർ ചെറിയ സമൂഹമാണെങ്കിലും അവർ വളരെ സജീവമാണ്. പഞ്ചാബി സംസാരിക്കുന്നവരും അതുപോലെ തന്നെ. ഇവരെ അപേക്ഷിച്ച് കൂടുതൽ വിശാല ഭൂപ്രദേശത്ത് വിനിയോഗിക്കപ്പെടുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും വിക്കിപീഡിയയിൽ അവരത്ര  സജീവമല്ല. 

കോവിഡ് 19  .മഹാമാരി  പൊട്ടിപുറപ്പെട്ടപ്പോൾ വിക്കിപീഡിയ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ  ദിവസവും വലിയ വർധനവുണ്ടായി. തെറ്റായ പ്രചാരണങ്ങളുടെ പുതിയ പ്രശ്നങ്ങൾ അതുണ്ടാക്കി. അതോടെ മഹാമാരിയെ സംബന്ധിച്ച് ആധികാരികമായ വിവരങ്ങൾ നൽകുന്നതിന് 2020 ഒക്ടോബറിൽ വിക്കിപീഡിയ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു തുടങ്ങി. 

2030 ലക്ഷ്യമിട്ട് വിക്കിമീഡിയ 4.5 മില്യൺ ഡോളറിന്റെ ഒരു ഓഹരി മൂലധനം വികസിപ്പിച്ചിട്ടുണ്ട്. വിക്കിപീഡിയ ഉൾപ്പടെ വിക്കിമീഡിയ പദ്ധതികൾക്ക് കൂടുതൽ നീതിപൂർവകവും ഉൾപ്പെടുത്തലിന്റേതുമായ ഗ്രാന്റുകൾ നല്കുന്നതിനാകും അതുപയോഗിക്കുക. ഇപ്പോഴും വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നവരിൽ ഏറെയും  പുരുഷന്മാരാണ്. അതിലൊരു മാറ്റം വരുത്താനും ലക്ഷ്യമിടുന്നു. 

ഇന്ത്യയിലെ വനിതാ കായിക താരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി വിവിധ ഭാഷകളിൽ ആദ്യമായൊരു സംരംഭത്തിന് തുടക്കം കുറിക്കും. വിക്കിപീഡിയയും ഇന്റർനെറ്റും കൂടുതൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിനായുള്ള ഹാക്കത്തോണിൽ ജേണലിസം വിദ്യാർഥികൾ പങ്കെടുക്കും. അതിനു പുറമെ ഓൺലൈൻ സർവ വിജ്ഞാനകോശം ഉപയോഗപ്പെടുത്തുന്നതിന് അടിസ്ഥാന തത്വങ്ങൾ സംബന്ധിച്ച അറിവ് നൽകുന്നതിനായി ശില്പശാലകൾ നടത്തും.

വിക്കിപീഡിയ വളരുകയാണ്, ഭാഷയുടെയും എല്ലാത്തരം ഭിന്നതകളുടെയും അതിരുകൾ ഭേദിച്ച്...