കോവിഡ് ബാധിച്ച് അബോധാവസ്ഥയില്‍ ഭര്‍ത്താവ്; ആശുപത്രിക്കുപുറത്ത് പ്രാര്‍ത്ഥനയുമായി ഭാര്യ


AUGUST 1, 2020, 5:45 PM IST

അജു വാരിക്കാട്

കോവിഡ് ബാധിച്ച ഭര്‍ത്താവ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിനു നല്‍കിയ വാക്ക് തെറ്റിക്കാതെ പ്രാര്‍ത്ഥനയുമായി ഭാര്യ പുറത്ത്. ഹൂസ്റ്റണിലെ ടോംബാളില്‍ നിന്നാണ് അപൂര്‍വ കാഴ്ച. മിഷേല്‍ ഗുട്ടറസ് ആണ് ഭര്‍ത്താവ് ഡേവിഡ് രോഗമുക്തനായി തിരികെയെത്തുന്നതും കാത്ത് രാത്രിയില്‍ തെരുവില്‍ ദിവസവും പ്രാര്‍ത്ഥന നടത്തുന്നത്.  

ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ഡേവിഡിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു കാര്യമായ അസുഖങ്ങള്‍ ഇല്ലാതിരിക്കെ കോവിഡ് ഗുരുതരമായതിനെത്തുടര്‍ന്നാണ് വുഡ്ലാന്റിലെ സെന്റ് ലൂക്ക്‌സ് ആശുപത്രിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. ന്നും വൈകിട്ട് ഏഴോടെ മിഷേല്‍ ആശുപത്രിക്കു മുന്നിലെത്തും. പിന്നാലെ, താനിവിടെ എത്തിയെന്ന് ഡേവിഡിന്റെ ഫോണിലേക്ക് മെസേജ് ചെയ്യും. ഡേവിഡിന്റെ ആരോഗ്യത്തിനുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുമെന്ന വാക്ക് പാലിക്കുന്നതിന്റെ ഉറപ്പാണത്. തുടര്‍ന്ന് ഡേവിഡ് കിടക്കുന്ന മുറിയുടെ ജനാലക്കുനേരെ തെരുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാഗാനങ്ങള്‍ കേള്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഇത്തരത്തില്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചശേഷമാണ് മിഷേല്‍ മടങ്ങിപോകുന്നത്. രണ്ടാഴ്ചയായി മിഷേല്‍ ഇത് തുടരുന്നു. 

ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ മിഷേല്‍ പറയുന്നതിങ്ങനെ: കോവിഡ് ആശുപത്രികളില്‍ രോഗിയെ സന്ദര്‍ശിക്കുവാനുള്ള അനുമതി പോലുമില്ല. എന്നും കൂടെയുണ്ടാവുമെന്ന വാക്ക് ഞാന്‍ പാലിക്കുകയാണ്. ഞാനിവിടെ വരുന്നതും പ്രാര്‍ത്ഥിക്കുന്നതും ഡേവിഡ് അറിയുന്നുണ്ടാകും. ഒടുവില്‍ ഡേവിഡ് രോഗമുക്തനായി ഉണരുമ്പോള്‍, ഇത്രയും ദിവസങ്ങളില്‍ ഞാന്‍ അയച്ച സന്ദേശങ്ങള്‍ കാണുമെന്ന പ്രതീക്ഷയുമുണ്ട്. എല്ലാവരോടുമായി എനിക്ക് പറയാനുള്ളതും അതാണ്. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. വിശ്വാസം നഷ്ടപ്പെടുത്തരുത്. 

സെപ്റ്റംബറില്‍ ഡേവിഡ്-മിഷേല്‍ ദമ്പതികളുടെ 10ാം വിവാഹ വാര്‍ഷികമാണ്. അത് ഒരുമിച്ച് ആഘോഷിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മിഷേല്‍.