ലോകസമ്പദ്ഘടന ഉണരുന്നു; 2021ൽ 6 ശതമാനം വളരും: ഐഎംഎഫ് 


APRIL 12, 2021, 11:25 AM IST

കോവിഡ് മഹാവ്യാധിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ലോകസമ്പദ്ഘടന പൂർണമായും  മോചിതമാകുന്ന വർഷമായിരിക്കും 2021. ഈ സാമ്പത്തികവർഷം ആഗോള സമ്പദ്ഘടന 6% കണ്ട് വളരുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. 

അടുത്ത വർഷം വളർച്ചാ നിരക്കിൽ ഇടിവുണ്ടാവുമെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ വളർച്ചയിൽ പഴയ വേഗം കൈവരിക്കുമെന്നും ഐഎംഎഫ് പറയുന്നു. യുഎസും മറ്റു സമ്പന്ന രാജ്യങ്ങളും നടപ്പാക്കുന്ന ഉത്തേജക പാക്കേജുകളും കോവിഡ് 19നെ ചെറുക്കുന്നതിനുള്ള വാക്സിനുകൾ വേഗതയിൽ ലഭ്യമാകുന്നതുമാണ് ഈ വളർച്ചയ്ക്ക് രാസത്വരകങ്ങളായി പ്രവർത്തിക്കുക.  

ഈ വർഷം ജനുവരിയോടെ ലോകസമ്പദ്ഘടന 5.5% വളർച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്. 2020ൽ ആഗോള ഉൽപ്പാദനം 3.3% ആയി ശോഷിച്ചതിന്റെ [പശ്ചാത്തലത്തിലാണ് വളർച്ച കൂടുമെന്ന പ്രവചനം. മഹാമാന്ദ്യത്തിനു ശേഷം സമാധാന കാലഘട്ടത്തിലുണ്ടായ ഏറ്റവും വലിയ ഉൽപ്പാദനക്കുറവായിരുന്നു കഴിഞ്ഞവർഷം സംഭവിച്ചത്.

ഈ വർഷം ദൃശ്യമാകാനിരിക്കുന്ന വളർച്ച ഉയർന്ന തോതിലാണെന്ന പ്രതീതി ഉണ്ടാവുന്നത് കഴിഞ്ഞ വർഷം ഉണ്ടായ ശോഷണം അത്ര രൂക്ഷമായതിനാലാണ്. 2022ൽ വളർച്ച കൂടുതൽ യാഥാസ്ഥിതികമായ 4.4% ആകും. എങ്കിലും അവിടെയും ആശ്വാസത്തിന് വകയുണ്ട്. ജനുവരിയിൽ പ്രവചിച്ചിരുന്ന 4.2 %ത്തേക്കാൾ കൂടുതലാണിത്. 

ലോകത്തിലെ വലിയ സമ്പദ്ഘടനകളായ യുഎസും ചൈനയുമാണ് സാമ്പത്തിക വീണ്ടെടുപ്പിന്റെ ചാലകശക്തികൾ. യുഎസ് സമ്പദ്ഘടന ഈ വർഷം 6.4% വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 3.5% ചുരുങ്ങിയ  സമ്പദ്ഘടന ഇതോടെ മഹമാരിക്ക് മുമ്പുണ്ടായിരുന്ന നിലവാരത്തിലെത്തും. 2021 ൽ യുഎസ് 5.1% വളർച്ച നേടുമെന്നായിരുന്നു ഐഎംഎഫ് നേരത്തെ പ്രവചിച്ചിരുന്നത്. ചൈനയുടെ സമ്പദ്ഘടന 8.4% വളർച്ച നേടും. 8.1% നേടുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. 

കോവിഡ് 19 മഹാമാരിയെയും അതുണ്ടാക്കിയ സാമ്പത്തിക ആഘാതങ്ങളെയും നേരിടുന്നതിനായി 5 ട്രില്യൺ ഡോളറോളം ചിലവഴിക്കുമെന്നാണ് യുഎസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹൃസ്വകാല പലിശ നിരക്കുകൾ ഫെഡറൽ റിസർവ് പൂജ്യത്തിലേക്ക് താഴ്ത്തി. ട്രില്യൺ കണക്കിന് ഡോളറിന്റെ സെക്യൂരിറ്റി വാങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സമാനമായ തന്ത്രങ്ങളാണ് മറ്റു പ്രധാന സമ്പദ്ഘടനകളായ യൂറോപ്യൻ യൂണിയനും ജപ്പാനും യുകെയും ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 

യൂറോപ്പിൽ വാക്സിൻ വിതരണം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ പരത്തുന്ന കോവിഡ് രോഗങ്ങൾ പല പ്രദേശങ്ങളിലുമുണ്ട്. എങ്കിലും പ്രധാന സമ്പദ്ഘടനകൾ, പ്രത്യേകിച്ച് കാനഡ, യുകെ, ഇറ്റലി എന്നിവ, നേടാനിരിക്കുന്ന വളർച്ചയുടെ തോത് ഉയരുമെന്ന് തന്നെയാണ് ഐഎംഎഫ് കണക്കാക്കുന്നത്.  

ശക്തിപ്രാപിക്കുന്ന സമ്പദ്ഘടനകളിലും വികസ്വര സമ്പദ്ഘടനകളിലും വീണ്ടെടുപ്പ് വേണ്ടത്ര ശക്തമായിരിക്കില്ലെന്ന് ഐഎംഎഫ് പറയുന്നു. ഈ രാജ്യങ്ങളിലെ ടൂറിസത്തിലും കയറ്റുമതിയിലും  വലിയ ഇടിവ് സംഭവിച്ചു. സമ്പദ്ഘടനകൾക്കുള്ളിൽ അവയെ വീണ്ടും ശക്തിപ്പെടുത്താനാവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഇല്ല എന്നതാണ് പ്രശ്നം.

വാക്സിൻ വിതരണത്തിൽ സംഭവിക്കുന്ന വലിയ വ്യത്യാസങ്ങൾ, സാമ്പത്തിക നയങ്ങൾക്കുള്ള പിന്തുണയുടെ വ്യാപ്തി, ടൂറിസം പോലെയുള്ള വ്യവസായങ്ങളെ ആശ്രയിക്കുന്നതും മറ്റും സൃഷ്ടിക്കുന്ന ഘടനാപരമായ പ്രശ്നങ്ങൾ എന്നിവ കാരണം എല്ലാ മേഖലകളിലും വരുമാന വിഭാഗങ്ങളിലും സാമ്പത്തിക വീണ്ടെടുപ്പ് സംഭവിക്കുക പല വേഗതയിലാകുമെന്നാണ് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് വേൾഡ് ഇക്കണോമിക് ഔട്‍ലൂക് എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയത്. 

ആഫ്രിക്കൻ സഹാറയിൽ ഈ വർഷം ജിഡിപി 3.4% വളർച്ചയാകും നേടുക. 3.2% എന്നായിരുന്നു ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നത്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ രാഷ്ട്രങ്ങളിലും 4.6% വളർച്ചയുണ്ടാവും. 4.1% ആയിരുന്നു ജനുവരിയിൽ പ്രവചിച്ചിരുന്നത്. മൊത്തത്തിൽ വികസ്വര സമ്പദ്ഘടനകൾ  നേടുക 6.7% വളർച്ചയാകും. 6.3% ആയിരുന്നു ജനുവരിയിലെ പ്രവചനം. 

സമ്പദ്ഘടനകൾ വ്യത്യസ്തമായ രീതിയിലാണ് വീണ്ടും വളർച്ച നേടുകയെന്നിരിക്കെ യുഎസും മറ്റു സമ്പന്ന രാജ്യങ്ങളും ധനനയം അപക്വമായ രീതിയിൽ കർക്കശമാക്കരുതെന്നു ഗീതാ ഗോപിനാഥ്‌ ഓർമ്മിപ്പിക്കുന്നു. വികസിത സമ്പദ്ഘടനകൾ പലിശ നിരക്കുകൾ ഉയർത്തിയാൽ വിദേശത്തു നിന്നുമുള്ള ധനസഹായത്തെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തികഭാരം വർധിക്കുമെന്നും മൂലധന നിക്ഷേപങ്ങൾക്കുള്ള പണം മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

വികസിത രാജ്യങ്ങൾ പ്രതീക്ഷിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ച മറ്റു രാജ്യങ്ങൾക്ക് ദോഷകരമായി മാറരുതെന്നു 2013ൽ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ അപ്രതീക്ഷിതമായി ഉയർത്തിയ നടപടി ചൂണ്ടിക്കാട്ടിക്കൊണ്ടവർ പറഞ്ഞു.