സഭ വിട്ട പ്രതിപക്ഷം


JANUARY 3, 2020, 3:15 PM IST

ഈ വരികളെഴുതമ്പോള്‍ കേരള തലസ്ഥാനത്ത് ഒരു മാമാങ്കം അരങ്ങേറുകയാണ്. 'ലോക കേരള സഭ' എന്ന മാമാങ്കത്തിന്റെ രണ്ടാം അദ്ധ്യായം. കേരളത്തിലെ 140 അസംബ്ലി നിയോജകമണ്ഡലത്തില്‍ നിന്ന് ജനപ്രാതിനിധ്യ നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികര്‍ നോക്കുകുത്തികളാക്കി നിര്‍ത്തിക്കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന മാമാങ്കം. ആ പേരിലുള്ള സിനിമയെ അനുസ്മരിപ്പിക്കുന്ന പണക്കൊഴുപ്പും മേളക്കൊഴുപ്പും പൊങ്ങച്ചക്കൊഴുപ്പും അകമ്പടിക്ക്. ഇനി സിനിമാ മാതൃകയില്‍ ചില കിടിലന്‍ ഡയലോഗുകള്‍ കൂടെ വരുന്നതോടെ മാമാങ്കത്തിന് ആര്‍പ്പോടെയും ആരവത്തോടെയും തിരശീല വീഴും. കണ്ടില്ലേ ഞങ്ങള്‍ പ്രവാസി മലയാളികളെ ആദരിച്ചത് എന്ന ഹുങ്കോടെ ഭരണപക്ഷം തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങും. 

'ലോക കേരള സഭ' നല്ലതല്ലേ? നല്ലതാണ്. പ്രവാസി മലയാളികള്‍ ആദരിക്കപ്പെടേണ്ടവരല്ലേ? ആദരിക്കപ്പെടേണ്ടവരാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണ്ടേ? കേള്‍ക്കണം. അവര്‍ക്കായി പദ്ധതികള്‍ രൂപപ്പെടുത്തണ്ടേ? രൂപപ്പെടുത്തണം. പ്രവാസികള്‍ വരമ്പോള്‍ പൂവനെ കൊന്ന് അവര്‍ക്ക് ചോറുകൊടുക്കുന്നത് ഒരു തെറ്റാണോ? അല്ല. അവര്‍ വരുമ്പോള്‍ ഇത്തിരി പളപളപ്പൊക്കെ വേണ്ടേ? വേണം, വേണം! പിന്നെന്താ മാഷേ കുഴപ്പം? 

കുഴപ്പം ഒന്ന്: 'ലോക കേരള സഭ' നിയമസഭയ്ക്ക് ബദലല്ല. ഇപ്പോള്‍ ഏതാണ്ട് അങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക്. അവരുടെ കാര്യങ്ങള്‍ അവര്‍ തീരുമാനിക്കും. അവരുടെ കൈയില്‍ കാശുള്ളത് കൊണ്ടും നമ്മുടെ നേതാക്കള്‍ അവര്‍ക്കുള്ള നാടുകളില്‍ ചെല്ലുമ്പോള്‍ അവരെ വേണ്ടരീതിയിലൊക്കെ സല്‍ക്കരിക്കുന്നത് കൊണ്ടും അവരുടെ ആള്‍ക്കാര്‍ക്ക് തൊഴില്‍ കൊടുക്കുന്നത് കൊണ്ടും അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കും. അതിലൊരു ശരികേടുണ്ട്, ഒരു ജനാധിപത്യ വിരുദ്ധതയുണ്ട്. വളരെ പാടുപെട്ട് കെട്ടിപ്പടുത്ത ഒരു ജനാധിപത്യ സവിധമാണ് ഇന്ത്യയുടേത്. അത് തല്ലിപ്പൊളിക്കുന്ന പണി ഇപ്പോള്‍ തന്നെ നന്നായി രാജ്യം ഭരിക്കുന്ന കക്ഷി ചെയ്യുന്നുണ്ട്. അവരുടെ ഘോരകൃത്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ നമ്മള്‍ ഉച്ചപഷ്ണി കിടന്നിട്ട് ആഴ്ച്ചകളെ ആയുള്ളൂ. അപ്പോഴാണ് അവരെ വെല്ലുന്ന തരത്തില്‍ നമുക്കാവുന്ന വിധം 'ജനാധിപത്യത്തിന്റെ ശ്രീകോവില്‍' എന്നും മറ്റും സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ വിശേഷിപ്പിക്കുന്ന നിയമനിര്‍മ്മാണ സഭയുടെ അടിത്തറ തോണ്ടുന്നത്. ഇത് അനുവദനീയമാണോ എന്ന് ഒരു നിമിഷം ചിന്തിക്കേണ്ടതല്ലേ? 

രണ്ട്: എന്താണ് ജനപ്രാതിനിധ്യ നിയമത്തിന്റെ സവിശേഷത? പ്രായപൂര്‍ത്തി വോട്ടവകാശം, അതില്‍ തന്നെ സമ്പൂര്‍ണ തുല്യത, മാനസികാരോഗ്യം തകരാറിലല്ലാത്തവരും ക്രിമിനല്‍ കുറ്റത്തിന്   ദീര്‍ഘകാലത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടില്ലാത്തവരുമായ ഏതൊരു ഇന്ത്യന്‍ പൗരനും (ഇന്ന സംസ്ഥാനക്കാരനായിക്കൊള്ളണമെന്നില്ല കേട്ടോ!) തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകല്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് നിയമ പ്രകാരം എതിര്‍ സ്ഥാനാര്‍ത്ഥികളെക്കാള്‍ ഒരു വോട്ട് കൂടുതല്‍ കിട്ടിയാല്‍ മതി ജനപ്രതിനിധിയാകാം. മേല്‍പ്പറഞ്ഞ ലോക കേരള സഭയിലേക്ക് ഇതില്‍ ഏതെങ്കിലും നടപടിക്രമത്തിന്റെ അടിസ്ഥാനത്തിലാണോ ആളെ തെരഞ്ഞെടുത്തിരിക്കുന്നത്? അമേരിക്കയിലെ മലയാളികളെയും ഗള്‍ഫിലെ മലയാളികളെയും പ്രതിനിധീകരിച്ച് സഭയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളവര്‍ ആരാണ്? എന്താണ് അവരുടെ പശ്ചാത്തലം? നാളെ അവര്‍ ഇവിടെ തന്നെ ഉണ്ടാവമോ? അതോ പെട്ടെന്നൊരു ദിവസം രംഗത്ത് നിന്ന് നിഷ്‌ക്രമിക്കമോ? അങ്ങിനെ നിഷ്‌ക്രമിച്ചാല്‍ അവര്‍ക്കും അവരുടെ ചെയ്തികള്‍ക്കും ആരാണുത്തരവാദി? 

മൂന്ന്: ലോക കേരള സഭയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആരാണ് നടപ്പാക്കേണ്ടത്. നോര്‍ക്ക എന്ന പേരില്‍ അറിയപ്പെടുന്ന പ്രവാസി മലയാളീകാര്യ സ്ഥാപനമോ? എങ്കില്‍ അവര്‍ക്ക് പ്രത്യേക ബജറ്റ് അനുവദിക്കുമോ? അതോ സഭയുടെ നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രിയുടെ മുന്നിലെത്തിച്ച് നിവൃത്തി വരുത്തുമോ? കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ പ്രവാസിച്ചിട്ടിക്ക് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് നമുക്കറിയാം. തദ്ദേശ മലയാളി ചിട്ടി ജയിച്ച പോലെ അത് വിജയിച്ചിട്ടില്ലെന്ന് ധനമന്ത്രിയൊഴിച്ച് ആരും സമ്മതിക്കും. കണ്ണൂരിലെ ആന്തൂര്‍ നഗരസഭ അംഗീകാരം കൊടുക്കാത്തത് കൊണ്ട് തന്റെ 15 കോടി ചിലവില്‍ പണിത ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനാവാതെ  കെട്ടിത്തൂങ്ങി ചത്ത പ്രവാസി വ്യവസായിയുടെ കഥ പറയുകയും വേണ്ട. 

നാല്: ഇതിലും വലുത് പല കുറി കണ്ട നമ്മള്‍ ഇതിന്റെയും അന്ത്യം എങ്ങനെയാവും എന്നതിനെ കുറിച്ച് വലിയ മോഹങ്ങളൊന്നും വച്ച് പുലര്‍ത്തേണ്ടതില്ല എന്നതാണ്. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായിരുന്നപ്പോള്‍ നടത്തപ്പെട്ട ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് എന്ന 'ജിമ്മി'നെ  എതിര്‍ത്തവരുടെ പിന്മുറക്കാരാണ് ഇന്ന് ലോക കേരള സഭ സംഘടിപ്പിക്കുന്നതും 'ജിമ്മി'നെ വെല്ലുന്ന വ്യവസായ സംരംഭകത്വ പരിപാടികള്‍ നടത്തുന്നതെന്നതും അതിന്റെ കാവ്യനീതികൊണ്ട് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പക്ഷെ, ആ പഴയ മാമാങ്കങ്ങളോ ഇനി ജനുവരി രണ്ടാം വാരം കൊച്ചിയില്‍ അരങ്ങേറാന്‍ പോകുന്ന 'അസന്‍ഡ്' എന്ന സംരംഭകത്വ സമ്മേളനമോ മൂലധനവും  വ്യവസായവും വികസനവും കൊണ്ടുവരില്ല എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇവയ്‌ക്കെല്ലാം തീര്‍ച്ചയായും പ്രാധാന്യമുണ്ട്, വെറും അന്തരീക്ഷ സൃഷ്ടിയുടെ പ്രാധാന്യം. അതിനപ്പുറം എല്ലാം നിശ്ചയിക്കപ്പെടുന്ന എന്തോ മഹാ സംഭവങ്ങളാണ് ഇവയെന്ന് വരമ്പോള്‍ അതിലൊരു പന്തികേടുണ്ട്. അതാണ് സര്‍ക്കാര്‍ തിരിച്ചറിയേണ്ടത്, ജനങ്ങളും. 

ഇനി ഈ കുറിപ്പിന്റെ തലക്കെട്ടിലേക്ക് മടങ്ങാം. സഭ വിട്ട പ്രതിപക്ഷത്തെ കുറിച്ചാണത്. കഴിഞ്ഞ ലോക കേരള സഭയോട് വലിയ മമത കാട്ടുകയും അതില്‍ വലിയ തോതില്‍ പങ്കെടുക്കുകയും ചെയ്ത പ്രതിപക്ഷം അപകടം മണത്തിരിക്കുന്നു. ഇത് സിപിഎമ്മിന്റെ മറ്റൊരു തന്ത്രമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ ഇക്കുറി സഭയിലില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക കേരള സഭയുടെ ഭാഗമായി നടത്തുന്ന പ്രഖ്യാപനങ്ങളെല്ലാം വെറും തട്ടിപ്പാണെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് എം.എം. ഹസ്സന്‍ പറയുന്നത്. പ്രതിപക്ഷം 'സഭ' വിട്ടെങ്കിലും അതിനര്‍ത്ഥം ഈ 'സഭ'യ്ക്ക് കേരളത്തിലെ പകുതി ജനങ്ങളുടെ പോലും പിന്തുണയില്ലെന്നാണ്. പത്ത് ശതമാനം വരെ വോട്ടുള്ള ബിജെപി നേരത്തെ തന്നെ ഇത് തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചവരാണല്ലോ?  

അപ്പോള്‍ പിന്നെ ഈ സഭയ്ക്ക് എന്ത് ജനാധിപത്യ അംഗീകാരമാണുള്ളത്? ഈ സര്‍ക്കാര്‍ പോയി ഇനി അടുത്ത കുറി കോണ്‍ഗ്രസും ഐക്യ ജനാധിപത്യ മുന്നണിയുമാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ കഴിഞ്ഞ രണ്ട് സഭകളുടെയും  തുടര്‍ച്ചയ്ക്ക് എന്ത് സംഭവിക്കും? അതോ അന്ന് കോണ്‍ഗ്രസ്-മുസ്ലിം ലീഗ്- കേരളാ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസികള്‍ വരുന്നഒരു സമ്മേളനമായി അത് രൂപാന്തരം പ്രാപിക്കമോ? അപ്പോള്‍ ഇതേ ആവേശത്തോടെ അന്നത്തെ പ്രതിപക്ഷം പങ്കെടുക്കമോ? അതോ അന്നത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെല്ലാം തട്ടിപ്പാണെന്ന് അന്നത്തെ പ്രതിപക്ഷത്തിന്റെ എം.എം. ഹസ്സന്‍ പറയമോ? നമ്മള്‍ ജനങ്ങളോ? പ്രവാസികളോ? അവരുടെ അവസ്ഥയെന്താവും?  കേരളം എന്ന് അത് പഠിക്കേണ്ട പാഠങ്ങള്‍ പഠിക്കും?