ലോകകപ്പ് ഫുട്ബാളിനും 2030 ഏഷ്യന്‍ ഗെയിംസിനും പിന്നാലെ 2036ല്‍ ഒളിംപിക്സും ഖത്തറിലേക്ക്


DECEMBER 4, 2022, 10:19 PM IST

ദോഹ: ഒളിംപിക്‌സിന് വേദിയാകാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോകകപ്പിന് പിന്നാലെ 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2024ല്‍ പാരിസിലും 2028ല്‍ ലോസ്ഏഞ്ചല്‍സിലും 2032ല്‍ ബ്രിസ്‌ബേനിലുമാണ് ഒളിംപിക്‌സ് നടക്കുന്നത്. ഭൂഖണ്ഡം തിരിച്ചാണെങ്കില്‍ 2036ല്‍ ഏഷ്യയില്‍ നിന്നും ഖത്തറില്‍ ഒളിംപിംക്‌സ് നടക്കാനാണ് സാധ്യത. 2016ലേയും 2020ലേയും ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാമെന്ന പ്രതീക്ഷയില്‍ ഖത്തര്‍ മുന്നോട്ട് വന്നിരുന്നെങ്കിലും വേനല്‍ക്കാല താപനിലയെക്കുറിച്ചുള്ള ആശങ്ക മുന്നിലുണ്ടായിരുന്നു.

ഏഷ്യയില്‍ നിന്ന് ഇന്ത്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ രാജ്യങ്ങള്‍ രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന് മുന്നില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഖത്തറിന്റെ ലോകകപ്പ് മുന്നൊരുക്കം കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ടുകള്‍. 2019ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചതും 2030ല്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാനിരിക്കുന്നതും ഖത്തറിന് സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

അതിനിടെ 2036 ഒളിംപിക്സ് തങ്ങള്‍ക്കായിരിക്കുമെന്ന വലിയ പ്രതീക്ഷ ഇന്തോനേഷ്യ പുലര്‍ത്തുന്നുണ്ട്. അതോടൊപ്പം 2036 ഒളിംപിക്സ് ഗുജറാത്തില്‍ നടത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബി ജെ പിയും രംഗത്തുണ്ട്.

Other News