ലോകകപ്പ് മത്സരങ്ങളില്‍ ഇനി പന്ത് അല്‍ ഹില്‍മ്


DECEMBER 12, 2022, 12:09 AM IST

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ഔദ്യോഗിക ബോള്‍ 'അല്‍ ഹില്‍മ്'. സ്വപ്‌നം എന്നാണ് അറബിയില്‍ ഈ വാക്കിനര്‍ഥം. 

ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ഉപയോഗിച്ച പന്ത് അല്‍ റിഹ്ലയ്ക്ക് പകരമായാണ് അല്‍ ഹില്‍മ് അവതരിപ്പിക്കുന്നത്. സെമി- ഓട്ടോമേറ്റഡ് ഓഫ്സൈഡ് തീരുമാനങ്ങളെ സഹായിക്കുന്നതിന് 'കണക്റ്റഡ് ബോള്‍' സാങ്കേതികവിദ്യ അല്‍ ഹില്‍മ് അവതരിപ്പിക്കുന്നു. അല്‍ റിഹല അഥവാ യാത്ര ഇനി സ്വപ്‌നമാകും.

ബോള്‍ ഡിസൈനിലെ ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉപയോഗിച്ച് അല്‍ ഹില്‍മില്‍ അല്‍ റിഹ്ലയുടെ അതേ അഭൂതപൂര്‍വമായ അഡിഡാസ് 'കണക്റ്റഡ് ബോള്‍' സാങ്കേതികവിദ്യ ഉള്‍പ്പെടുന്നു. ഈ ലോകകപ്പില്‍ വേഗത്തിലും കൃത്യവുമായ തീരുമാനങ്ങളെടുക്കാന്‍ മാച്ച് ഒഫീഷ്യലുകളെ ഇത് വളരെയധികം സഹായിക്കുന്നു. 

പ്ലെയര്‍ പൊസിഷന്‍ ഡാറ്റയുമായി സംയോജിപ്പിച്ച് തീരുമാനമെടുക്കല്‍ ഒപ്റ്റിമൈസ് ചെയ്യാന്‍ സഹായിക്കുന്നതിനും  വീഡിയോ മാച്ച് ഓഫീസര്‍മാരുടെ തല്‍ക്ഷണ ഡാറ്റ നല്‍കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കുന്നു. 

സാങ്കേതികവിദ്യയുടെ വികസനത്തിലൂടെ വീഡിയോ മാച്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പ്രധാനപ്പെട്ട വിവരശേഖരം ലഭ്യമാകുന്നത് അഡിഡാസ് സാധ്യമാക്കിയതായി ഫിഫയിലെ ഫുട്‌ബോള്‍ ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ജോഹന്നാസ് ഹോള്‍സ്മുള്ളര്‍ പറഞ്ഞു.

പരിസ്ഥിതിക്കു കൂടി അനുയോജ്യമായ തരത്തിലാണ് അല്‍ ഹില്‍മ് രൂപകല്‍പ്പന ചെയ്തത്. ജലാധിഷ്ടിത മഷിയും പശയുമാണ് പന്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ദോഹയ്ക്ക് ചുറ്റുമുള്ള തിളങ്ങുന്ന മരുഭൂമിയെയും ഫിഫ ലോകകപ്പ് ട്രോഫിയേയും പ്രതിനിധീകരിച്ച് സ്വര്‍ണ നിറവും ഖത്തറിന്റെ പതാകയുടെ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂക്ഷമമായ ത്രികോണ പാറ്റേണും ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. 

'ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള കായികത്തിന്റെയും ഫുട്ബോളിന്റെയും ശക്തിയുടെ വെളിച്ചത്തിന്റെ പ്രകാശത്തെ അല്‍ ഹില്‍മ് പ്രതിനിധീകരിക്കുന്നു'- അഡിഡാസിന്റെ ഫുട്ബോള്‍ ജനറല്‍ മാനേജര്‍ നിക്ക് ക്രാഗ്‌സ് പറഞ്ഞു.

Other News