അമീര്‍ കപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ 30, 31 തിയ്യതികളില്‍


OCTOBER 19, 2020, 11:23 PM IST

ദോഹ:അമീര്‍ കപ്പ് ഫുട്‌ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 30, 31 തിയ്യതികളില്‍ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 30ന് നടക്കുന്ന ആദ്യ സെമിയില്‍ അല്‍മര്‍ഖിയ അല്‍അറബിയെ നേരിടും.  

31ന് രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ദുഹൈല്‍ അല്‍സദ്ദിനെ നേരിടും. രണ്ടു മത്സരങ്ങളും വൈകിട്ട് ആറിനാണ് അരങ്ങേറുക. മത്സരങ്ങള്‍ അധികസമയത്തേക്ക് നീണ്ടാല്‍ പെനാലിറ്റി ഷൂട്ടൗട്ടിലൂടെയായിരിക്കും വിജയികളെ നിശ്ചയിക്കുക. 

ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പന്ത്രണ്ട് ടീമുകള്‍ക്കൊപ്പം സെക്കന്റ് ഡിവിഷനിലെ നാലു ടീമുകളുമായിരുന്നു അമീര്‍ കപ്പിന്റെ ആദ്യറൗണ്ടില്‍ മത്സരിച്ചത്.  

സെക്കന്റ് ഡിവിഷനില്‍ യോഗ്യതാമത്സരങ്ങള്‍ നടത്തിയാണ് നാലു ടീമുകളെ തെരഞ്ഞെടുത്തത്. എട്ടുവീതം ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രാഥമികറൗണ്ട് മത്സരങ്ങള്‍. ഇതില്‍ നിന്നാണ് എട്ടു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. 

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടന്നത്. അല്‍ദുഹൈല്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അല്‍സെയ്‌ലിയയെും അല്‍സദ്ദ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വഖ്‌റയെയും തോല്‍പ്പിച്ചായിരുന്നു സെമിഫൈനലിലെത്തിയത്. 

മറ്റു ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അല്‍അറബി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അല്‍അഹ്‌ലിയെ പരാജയപ്പെടുത്തിയപ്പോള്‍ സെക്കന്റ് ലീഡ് ഡിവിഷനില്‍ നിന്നും യോഗ്യത നേടിയെത്തിയ അല്‍മര്‍ഖിയ മറുപടിയില്ലാത്ത ഒരു ഗോളിന് അല്‍റയ്യാനെ അട്ടിമറിക്കുകയായിരുന്നു.