ആഷസ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഓസ്സീസിന് അപ്രതീക്ഷിത വിജയം


AUGUST 5, 2019, 8:21 PM IST

ബര്‍മിങ്ങാം: മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ആതിഥേയരായ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം നേടി.അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. വിജയം 251 റണ്‍സിന്. ആറു വിക്കറ്റുവീഴ്ത്തി സ്പിന്നര്‍ നേഥന്‍ ലയണാണ് ഇംഗ്ലണ്ടിന് ചരമക്കുറിപ്പെഴുതിയത്. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടി.

സ്‌കോര്‍: ഓസ്‌ട്രേലിയ 284 & 487/7 ഡിക്ലയേര്‍ഡ് , ഇംഗ്ലണ്ട് 374 & 146

റോറി ബേണ്‍സ് (11), ജോ ഡെന്‍ലി (11), ജോസ് ബട്ട്‌ലര്‍ (1), ബെന്‍ സ്‌റ്റോക്ക്‌സ് (6), ജോണി ബെയര്‍സ്‌റ്റോ (6), മോയിന്‍ അലി (4) എന്നിവരടങ്ങുന്ന ലോകകപ്പ് വിജയികള്‍ക്ക് ഓസീസ് ബൗളിങ്ങിനു മുന്നില്‍ ചുവടുതെറ്റി. 37 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

നേരത്തെ ആദ്യ ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും (142), മാത്യു വെയ്ഡും (110) ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് സ്‌കോര്‍ 487 റണ്‍സിലെത്തിച്ചത്. 51 റണ്‍സെടുത്ത ട്രാവിസ് ഹെഡും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 90 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു.