ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയില്‍ നിന്ന് യു എ ഇയിലേക്ക് മാറ്റിയേക്കും


JULY 17, 2022, 7:52 PM IST

ദുബൈ: ഏഷ്യന്‍ രാജ്യങ്ങളിലെ ക്രിക്കറ്റ് ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പ് മത്സരം യു എ ഇയിലേക്ക് മാറ്റിയേക്കും. നേരത്തെ ശ്രീലങ്കയില്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ശ്രീലങ്കയിലെ അന്തരീക്ഷം അനുയോജ്യമല്ലാത്തതിനെ തുടര്‍ന്നാണ് യു എ ഇയിലേക്ക് മാറ്റാനുള്ള തീരുമാനം. 

നിലവില്‍ ഇന്ത്യയാണ് ഏഷ്യാ കപ്പ് ചാമ്പ്യന്‍മാര്‍. കോവിഡിന് മുമ്പ് 2018ലാണ് അവസാനമായി മത്സരം നടന്നത്. 

ശ്രീലങ്കയിലെ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധികളും അതേ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും കാരണം വേദി മാറ്റുകയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വയാണ് അറിയിച്ചത്. വേദി മാറ്റാനുള്ള സാധ്യതയെ കുറിച്ച് പി ടി ഐയുടെ ചോദ്യത്തിനാണ് യു എ ഇയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ഡി സില്‍വ അറിയിച്ചത്. എന്നാല്‍ മത്സരത്തിന്റെ തിയ്യതികളില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യ കപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് നിലവില്‍ ഏഷ്യാ കപ്പിലേക്ക് ക്വാളിഫൈ ചെയ്തിരിക്കുന്നത്. ആറാം ടീമാകാന്‍ ഹോങ് കോങ്, സിംഗപ്പൂര്‍, കുവൈത്ത്, യു എ ഇ എന്നിവ തമ്മില്‍ യോഗ്യത റൗണ്ടില്‍ മത്സരിക്കും.

 ഓസ്ട്രേലിന്‍ ടീം കഴിഞ്ഞ മാസം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. നിലവില്‍ പാകിസ്ഥാന്‍ ടീം ശ്രീലങ്കയില്‍ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണം കൊണ്ട് ലങ്ക തന്നെ ഏഷ്യ കപ്പിനും ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശ്രീലങ്കന്‍ അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്. 

ബി സി സി ഐ സെക്രട്ടറി ജയ് ഷായുടെ കീഴിലുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടനെ അറിയാന്‍ സാധിക്കും. ശ്രീലങ്കയില്‍ തന്നെ ഏഷ്യ കപ്പ് കളിക്കാനാണ് ആഗ്രഹമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.