കങ്കാരു സഞ്ചിയില്‍ കപ്പൊതുക്കി ഓസീസ്


NOVEMBER 19, 2023, 10:15 PM IST

അഹമ്മദാബാദ്: നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ ഒന്നര ലക്ഷത്തോളം പേരുള്ള ഗ്യാലറിയേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടെലിവിഷനില്‍ കളി കാണുന്ന നൂറുകോടിയിലേറെ ഇന്ത്യക്കാരേയും നിശ്ശബ്ദരാക്കി ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റിലെ ചാമ്പ്യന്മാരായി. ആറാം തവണ ലോകകപ്പുയര്‍ത്തിയ ഓസ്‌ട്രേലിയ ഫൈനലില്‍ രണ്ടാം തവണയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 

കപ്പിലേക്കുള്ള യാത്രയില്‍ രണ്ട് റണ്‍സകലെ ഹെഡിന്റെ വിക്കറ്റ് സിറാജിനും ഗില്ലിനും മുമ്പില്‍ അടിയറവ് പറഞ്ഞെങ്കിലും കങ്കാരു സഞ്ചിയില്‍ കുഞ്ഞിനു പകരം ലോകകപ്പ് ഇടംപിടിച്ചിരുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ രണ്ട് റണ്‍സെടുത്ത ഷോട്ട് ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ ആഹ്ലാദം നര്‍മദ നദിപോലെ ആര്‍ത്തലച്ചു. ഏഴോവര്‍ ബാക്കിയിരിക്കെയാണ് ആറു വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 

ട്രാവിസ് ഹെഡ് കളിച്ച ഐതിഹാസിക ഇന്നിംഗ്സാണ് ഇന്ത്യയുടെ ചെറിയ സ്‌കോര്‍ മറികടക്കാന്‍ ഓസീസിനെ സഹായിച്ചത്. 

ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ ആക്രമിച്ചു കളിച്ചെങ്കിലും പത്ത് ഓവര്‍ തികയുമ്പോഴേക്കും കളിയുടെ ഗതി അതിഥികളുടെ കയ്യിലായി. അവസാന പന്തില്‍ പത്താം വിക്കറ്റും വലിച്ചെറിഞ്ഞ് 240 എന്ന താരതമ്യേന ചെറിയ സ്‌കോറാണ് ഇന്ത്യ ഓസ്‌ട്രേലിയക്കു മുമ്പില്‍ വെച്ചുകൊടുത്തത്. ബുംറയെ ആദ്യ ഓവറില്‍ അടിച്ചു പരത്തിയെങ്കിലും ബുംറയും ഷമിയും ചേര്‍ന്ന ആദ്യ സ്‌പെല്ലില്‍ പ്രതീക്ഷയുണ്ടായിരുന്നു. എട്ട് ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പരുങ്ങാന്‍ തുടങ്ങിയ ടീമിനെ ഹെഡും മാര്‍നസ് ലാബുഷൈനും ചേര്‍ന്നാണ് കര കയറ്റിയത്.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലാബുഷൈനുമായി ചേര്‍ന്ന് ഹെഡ് 192 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. സിറാജിനെതിരെ സിക്‌സറടിച്ച് വിജയം നേടാനുള്ള ഹെഡിന്റെ ശ്രമം ഗില്ലിന്റെ കൈയിലൊതുങ്ങിയപ്പോള്‍ 120 പന്തില്‍ 137 റണ്‍സായിരുന്നു സമ്പാദ്യം. ഇന്നിംഗ്‌സില്‍ നാല് സിക്‌സറുകളും 15 ബൗണ്ടറികളും അദ്ദേഹം ചേര്‍ത്തിരുന്നു. രോഹിത് ശര്‍മ ഉയര്‍ത്തിയടിച്ച പന്ത് അതിമനോഹരമായി കൈപ്പിടിയിലൊതുക്കി ഹെഡ് ഫീല്‍ഡിംഗിലും മികവ് കാട്ടിയിരുന്നു. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ ബാറ്ററായി റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതാനും ഹെഡിന് സാധിച്ചു. 

1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ കിരീടം നേടിയ ഓസീസിന് 2023ഉം തൊപ്പിയില്‍ ചേര്‍ക്കാനായി. 2003ലും ഫൈനലിലെത്തിയ ഇന്ത്യ ഓസ്‌ട്രേലിയക്കു മുമ്പിലാണ് അടിയറവ് പറഞ്ഞത്. 

കളി തോറ്റെങ്കിലും റണ്‍ നേട്ടത്തില്‍ വിരാട് കോലിയും വിക്കറ്റ് കൊയ്ത്തില്‍ മുഹമ്മദ് ഷമിയുമാണ് മുന്നില്‍.

Other News