ടി 20 കിരീടം സ്വന്തമാക്കി ഓസീസ് 


NOVEMBER 14, 2021, 11:41 PM IST

ദുബൈ: ടി 20 ലോകകപ്പില്‍ കീവിസിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഓസീസിന് കിരീടം. ആദ്യം ബാറ്റ് ചെയ്ത കീവീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ മധ്യനിര താരം മിച്ചല്‍ മാര്‍ഷും (77 നോട്ടൗട്ട്) ഓപ്പണര്‍ ഡേവിഡ് വാര്‍ണറു(53)മാണ് ഓസീസിന്റെ വിജയശില്‍പികള്‍. കളിയവസാനിക്കുമ്പോള്‍ 28 റണ്‍സുമായി ഗ്ലെന്‍ മാക്സ്വെല്ലായിരുന്നു മാര്‍ഷിനു കൂട്ടായി ക്രീസില്‍. അഞ്ചു റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഓസീസിന്റെ തുടക്കം തിരിച്ചടിയോടെയായിരുന്നു. ടീമിന്റെ സ്‌കോര്‍ 15-ല്‍ നില്‍ക്കെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ ഫിഞ്ചിനെ നഷ്ടമായ അവരെ പിന്നീട് വാര്‍ണര്‍- മാര്‍ഷ് സഖ്യം കരകയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്ു കൂട്ടിച്ചേര്‍ത്ത 92 റണ്‍സ് ഓസീസിന് ജയത്തിലേക്കുള്ള മികച്ച അടിത്തറ നല്‍കി. 13-ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനു വിക്കറ്റ് നല്‍കി വാര്‍ണര്‍ പുറത്താകുമ്പോള്‍ 46 പന്തില്‍ 66 റണ്‍സായിരുന്നു വിജയത്തിലേക്കുള്ള ദൂരം. മാക്സ്വെല്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് ബാറ്റ് ചെയ്തതോടെ കിവീസിന് കീഴടങ്ങുകയല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. 

ടോസ് നേടിയ ആസ്‌ത്രേലിയ ന്യൂസിലാന്റിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. 

കെയ്ന്‍ വില്യംസണ്‍ 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 85 റണ്‍സാണ് ന്യൂസിലാന്റിനു വേണ്ടി നേടിയത്. 28 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സ് എന്നിവരും ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ ന്യൂസിലാന്റിനെ സഹായിച്ചു. പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട്. ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ന്യൂസിലാന്റിന് വിജയം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെടുകയായിരുന്നു. 

സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കിവീസ് ഇറങ്ങിയത്. പരുക്കേറ്റ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ഡെവണ്‍ കോണ്‍വെ പുറത്തായപ്പോള്‍ പകരം ടിം സെയ്ഫര്‍ട്ട് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഓസ്ട്രേലിയയാകട്ടെ പാകിസ്താനെ തോല്‍പിച്ച ടീമിനെ അതേപടി നിലനിര്‍ത്തി.