പാകിസ്ഥാനെതിരെ ഓസീസിന് ഇന്നിംഗ്‌സ് ജയം,പരമ്പര


DECEMBER 2, 2019, 5:25 PM IST

അഡ്‌ലെയ്ഡ്: രണ്ടാം ഇന്നിംഗ്‌സിലും എറിഞ്ഞിട്ട് പാക്കിസ്ഥാനെതിരായ രണ്ടാംടെസ്റ്റും ഓസ്‌ട്രേലിയ കൈപ്പിടിയിലൊതുക്കി. ഒരിന്നിംഗ്‌സിനും 48 റണ്‍സിനുമാണ് ആതിഥേയരുടെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-0 ത്തിന് സ്വന്തമാക്കി.ഷാന്‍ മസൂദും ആസാദ് ഷഫീഖും ചേര്‍ന്നുള്ള കൂട്ടുകെട്ട്  പാക്കിസ്ഥാനായി പൊരുതി നോക്കിയെങ്കിലും ഇരുവരെയും തുടരെത്തുടരെ പുറത്താക്കി ഓസീസ് ബൗളര്‍മാര്‍ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ: 589/3 (ഡിക്ല.), പാകിസ്ഥാന്‍: 302, 239. വ

മത്സരം ഒരു ദിവസം കൂടി ശേഷിക്കേയാണ് പാകിസ്ഥാന്‍ കീഴടങ്ങിയത്. ഷാന്‍ മസൂദ് (68), ആസാദ് ഷഫീഖ് (57), മുഹമ്മദ് റിസ്വാന്‍ (45) എന്നിവര്‍ക്ക് മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് പാകിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. ജോഷ് ഹാസ്ല്‍വുഡ് മൂന്ന് വിക്കറ്റ് നേടി. 

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ ഡേവിഡ് വാര്‍ണര്‍ നേടിയ അപരാജിത ട്രിപ്പിള്‍ സെഞ്ച്വറിയുടെ (335*) പിന്‍ബലത്തിലാണ് ഓസീസ് മൂന്നിന് 589 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തത്.  എന്നാല്‍ ലാറയുടെ 400 റണ്‍സെന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ വാര്‍ണറെ അനുവദിക്കാതെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് ക്യാപ്റ്റന്‍ പെയനിന്റെ നടപടി വിവാദമായി.