പാരീസ് എഫ്.സിയുടെ 20 ശതമാനം ഓഹരി ബഹ്റൈന്‍ സ്വന്തമാക്കി


JULY 29, 2020, 1:09 AM IST

പാരിസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ പാരിസ് എഫ്.സിയുടെ 20 ശതമാനം ഓഹരി ബഹ്റൈന്‍ സ്വന്തമാക്കി. ബഹ്റൈനിന്റെ പ്രതിച്ഛായയും പ്രശസ്തിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ ക്ലബിന്റെ പ്രധാന സ്‌പോണ്‍സറാകുമെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് സീസണിനുള്ളില്‍ പുരുഷ ടീമിനെ ഒന്നാം ഡിവിഷനിലേക്ക് ഉയര്‍ത്തുകയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. വനിത ടീമിനെ ഫ്രാന്‍സിലെ മികച്ച ക്ലബ്ബാക്കാനും ശ്രമമുണ്ട്. ഓഹരി എടുത്തതിനു പുറമെ എക്സ്പ്ലോര്‍ ബഹ്റൈനായിരിക്കും ക്ലബ്ബിന്റെ പ്രധാന സ്പോണ്‍സര്‍. അതേസമയം, പിയറി ഫെറാചി 77 ശതമാനം ഓഹരിയുമായി പാരിസ് എഫ്.സി ചെയര്‍മാനായി തുടരും. 

യൂറോപ്യന്‍ ലീഗിലെ പ്രബലരായ പി.എസ്.ജിയില്‍ നിന്നും പിരിഞ്ഞ ക്ലബാണ് പാരിസ് എഫ്.സി. 2011 മുതല്‍ ഖത്തറായിരുന്നു ക്ലബ്ബിന്റെ ഉടമസ്ഥര്‍. എന്നാല്‍ വേണ്ടത്ര വിജയങ്ങള്‍ നേടാന്‍ പാരിസ് എഫ്.സിക്ക് കഴിഞ്ഞിരുന്നില്ല. നിലവില്‍ രണ്ടാം ഡിവിഷനില്‍ പതിനേഴാം സ്ഥാനത്തുള്ള പാരിസ് എഫ്.സി ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണ് തരംതാഴ്ത്തലില്‍നിന്ന് ഒഴിവായത്. പുതിയ സീസണിനു മുന്നോടിയായി ക്ലബ്ബിന്റെ അക്കാദമി വിപുലീകരിക്കും. കൂടാതെ, ബഹ്റൈനിലെ യുവ കളിക്കാര്‍ക്കും അവസരം നല്‍കും.

യൂറോപ്യന്‍ ഫുട്ബോളില്‍ മിഡില്‍ ഈസ്റ്റിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണ് ബഹ്‌റൈന്റെ സ്‌പോണ്‍സര്‍ഷിപ്പ്. ഏതാനും വര്‍ഷമായി മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ യുറോപ്യന്‍ ഫുട്‌ബോളില്‍ പണമെറിയുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി അബുദാബി യുണൈറ്റഡ് ഗ്രൂപ്പ് വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. പി.എസ്.ജിയില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഉടമസ്ഥാവകാശം നേടിയിരുന്നു.

Other News