മുഹമ്മദ് ഷമിയ്ക്ക് യു.എസ് വിസ നിഷേധിച്ചു; ബി.സി.സി.ഐ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു


JULY 27, 2019, 12:39 PM IST

ന്യൂഡല്‍ഹി: ലോകകപ്പ് സെമിഫൈനലില്‍ മാറ്റി നിര്‍ത്തിയെങ്കിലും ഒരു അത്യാവശ്യം വന്നപ്പോള്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് ബി.സി.സി.ഐ സഹായം. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ കേസ് നിലവിലുള്ളതിനാല്‍ നിഷേധിക്കപ്പെട്ട യു.എസ് വിസ ബി.സി.സി.ഐയുടെ സഹായത്താല്‍ ഷമിയ്ക്ക് കരസ്ഥമാക്കാനായി.

നിലവില്‍ അന്താരാഷ്ട്ര കായികതാരങ്ങള്‍ക്ക് അനുവദിക്കുന്ന വിസയുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ യാത്ര ചെയ്യാറുള്ളത്. എന്നാല്‍ ഭാര്യ പരസ്ത്രീ ബന്ധം, ഗാര്‍ഹിക പീഡനം എന്നിവ ആരോപിച്ച് ഷമിയ്‌ക്കെതിരെ കേസ് നല്‍കിയതിനാല്‍ യു.എസ് വിസ നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി ഷമിയുടെ ലോകകപ്പ് പങ്കാളിത്തവും കേസിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തി യു.എസ് എംബസിയ്ക്ക് കത്തയക്കുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കത്ത് ലഭിച്ചയുടന്‍ എംബസി ഷമിയ്ക്ക് വിസ അനുവദിച്ചു.