ടെസ്റ്റ് പരമ്പര: ഇന്ത്യയാണ് വലിയ വെല്ലുവിളിയെന്ന് ഓസ്ട്രേലിയ


AUGUST 16, 2022, 8:27 AM IST

ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിക്കുകയെന്നത് ഓസ്ട്രേലിയന്‍ ടീമിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്ത്. അടുത്ത വര്‍ഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഓസീസിന്റെ ഇന്ത്യന്‍ പര്യടനം നടക്കാനിരിക്കേയാണ് മക്ഗ്രാത്തിന്റെ അഭിപ്രായ പ്രകടനം. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കീഴില്‍, പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ വിജയിച്ചിരുന്നു. മാത്രമല്ല, ലങ്കയ്ക്കെതിരായ ടെസ്റ്റില്‍ 1-1 ന് സമനില നേടാനും ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞിരുന്നു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ തന്നെയാണ്. ഇപ്പോഴും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലര്‍ക്കും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല.2004ല്‍ ഇന്ത്യന്‍ പര്യടനം നടത്തിയ ഓസ്‌ട്രേലിയ 2- 1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം ഒരു ഓസ്‌ട്രേലിയന്‍ ടീമിനും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിട്ടില്ല.

നിരവധി ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്ലിന്റെ ഭാ?ഗമായി ഇന്ത്യയില്‍ കളിക്കാനെത്തിയത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് മക്ഗ്രാത്ത് പറയുന്നു. പാകിസ്ഥാനെതിരെ പരമ്പര വിജയവും ശ്രീലങ്കയ്‌ക്കെതിരെ സമനിലയും നേടാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞുവെങ്കിലും ഇന്ത്യക്കെതിരെ ഇന്ത്യയില്‍ കളിക്കുമ്പോള്‍ അവര്‍ അടിപതറുകയാണ്. 2004ല്‍ ഇന്ത്യയില്‍ വിജയിക്കാന്‍ സാധിച്ചതില്‍ ഭാഗ്യത്തിന്റെ കൂടി അകമ്പടിയുണ്ടായിരുന്നുവെന്നും എന്നാല്‍ എപ്പോഴും അതിന് സാധിക്കില്ലെന്നും മക്ഗ്രാത്ത് വ്യക്തമാക്കുന്നു.

Other News