ബയോ- സെക്യുര്‍ ബബിള്‍ പ്രോട്ടോകോള്‍; ഖത്തറിലെ ഫുട്ബാള്‍ മത്സരങ്ങള്‍ സുരക്ഷിതം


AUGUST 5, 2022, 8:33 PM IST

ദോഹ: ബയോ- സെക്യൂര്‍ ബബിള്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുള്ള ഖത്തറിലെ ഫുട്ബാള്‍ മത്സരങ്ങള്‍ സുരക്ഷിതമാണെന്ന് പഠനം. അന്താരാഷ്ട്ര തലത്തില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ മത്സരങ്ങള്‍ ആരംഭിച്ചതും കാണികള്‍ ഖത്തറിലെ സ്റ്റേഡിയങ്ങളിലേക്ക് മടങ്ങിയെത്തുന്നതും സുരക്ഷിത മാര്‍ഗ്ഗങ്ങളിലൂടെയായതിനാല്‍ കോവിഡ് വ്യാപനത്തിന് കാരണമാകില്ലെന്നാണ് പഠനം പറയുന്നത്. 

ഫിഫ ലോകകപ്പ് 2022 ഖത്തര്‍ തയ്യാറെടുപ്പുകളിലെ സുപ്രധാന നാഴികക്കല്ലാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ സുരക്ഷിതമായും അണുബാധ രഹിതവുമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍. 'കോവിഡ് വ്യാപന സമയത്ത് കാണികളുമായി പ്രൊഫഷണല്‍ ഫുട്ബാള്‍ ലീഗ് പുന:രാരംഭിക്കല്‍: ബയോ- സെക്യുര്‍ ബബിള്‍ പ്രോട്ടോകള്‍ നടപ്പിലാക്കല്‍' എന്ന പഠനത്തിലാണ് സുരക്ഷിതമായ മേല്‍നോട്ടത്തിലും നിയന്ത്രിതമായും കാണികളുമായുള്ള ഫുട്ബാള്‍ മത്സരങ്ങള്‍ പുനഃരാരംഭിക്കാമെന്ന് പറയുന്നത്. കണിശമായ ബയോ- സെക്യൂര്‍ ബബിള്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും പഠനം പറയുന്നു. 

സുരക്ഷിതമായി ബയോ- സെക്യുര്‍ ബബിള്‍ സിസ്റ്റം നടപ്പിലാക്കി 2020ലും 2021ലും കാണികളോടൊപ്പം നിരവധി കായിക മത്സരങ്ങള്‍ നടപ്പിലാക്കിയ ആദ്യ രാജ്യമാണ് ഖത്തര്‍. 

പഠനത്തില്‍ ഫുട്ബാള്‍ കളിക്കാര്‍, റഫറിമാര്‍, മാച്ച് ഒഫിഷ്യലുകള്‍, പ്രാദേശിക സംഘാടക സമിതി അംഗങ്ങള്‍, ഹോട്ടല്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ഖത്തര്‍ മെഡിക്കല്‍ ജേര്‍ണലിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

2020 നവംബറിനും 2021 ഏപ്രിലിനുമിടയിലെ ആറ് മാസത്തിനിടെ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് വെസ്റ്റ്, ഈസ്റ്റ് സോണ്‍ മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2020 ഡിസംബറിലെ അമീര്‍ കപ്പ് ഫൈനല്‍ എന്നിവ ഉള്‍പ്പെടെ കാണികള്‍ക്ക് പങ്കെടുക്കാനുള്ള അവസരവും നല്കിയിരുന്നു. സ്റ്റേഡിയങ്ങള്‍ 30 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിച്ചത്. 

ഫൈനല്‍ മത്സരം ഉള്‍പ്പെടെ എല്ലാ എ എഫ് സി മത്സരങ്ങള്‍ക്കുമായി ബയോ- സെക്യുര്‍ ബബിളിലെ 3158 വ്യക്തികളെ ഉള്‍പ്പെടുത്തി മൊത്തം 12250 ആര്‍ ടി പി സി ആര്‍ പരിശോധനകള്‍ നടത്തിയതായി പഠനം പറയുന്നു. ആകെ 16 ടീമുകള്‍ ഉള്‍പ്പെട്ട 44 മത്സരങ്ങളാണ് കളിച്ചത്. ചാമ്പ്യന്‍ഷിപ്പിനിടെ മൂന്ന് എല്‍ ഒ സി അംഗങ്ങളും രണ്ട് മാച്ച് ഒഫീഷ്യലുകളും ഉള്‍പ്പെടെ അഞ്ച് വ്യക്തികള്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്. മൂന്ന് ടീ സ്റ്റാഫ്/ ഉദ്യോഗസ്ഥര്‍, ബയോ- സെക്യുര്‍ ബബിളിന് പുറത്തുള്ള ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടെ നാല് വ്യക്തികള്‍ക്ക് മാത്രമാണ് റിയാക്ടീവ് ഫലങ്ങള്‍ ലഭിച്ചത്. കളിക്കാരിലാര്‍ക്കും കോവിഡ് പോസിറ്റീവ് ആയിട്ടില്ല. പോസിറ്റീവ് ആയവരെല്ലാം ലക്ഷണമില്ലാത്തവരോ നേരിയ ലക്ഷണങ്ങല്‍ മാത്രമുള്ളവരോ ആയിരുന്നു. ലോഗലക്ഷണ ചികിത്സയല്ലാതെ ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

Other News