ഹൈദരാബാദിനെതിരെ ജയം കുറിച്ച് ബ്ലാസ്റ്റേഴ്‌സ് 


NOVEMBER 19, 2022, 5:22 PM IST

ഹൈദരാബാദ്: ഐ എസ് എല്‍ ഫുട്ബോളിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പില്‍ ചാമ്പ്യന്‍മാരായ ഹൈദരാബാദ് എഫ്സിയും വഴിമാറി. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 18-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് വിജയഗോള്‍ കുറിച്ചത്. 

ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഹൈദരാബാദിനോടേറ്റ തോല്‍വിക്ക് മധുരപ്രതികാരവുമായി ബ്ലാസ്റ്റേഴ്സിന്. തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോല്‍വി കൂടിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ബ്ലാസ്റ്റേഴ്സ്. മത്സരത്തിന് മുമ്പ് ഏഴാം പടിയിലായിരുന്നു ടീം. 

ഗോവയ്ക്കെതിരായ വിജയടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് എത്തിയത്. തുടക്കം ഹൈദാരാബാദിന്റെ ആക്രമണമായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. കലിയുഷ്നിയുടെ നീക്കത്തില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ എത്തിയത്. 18-ാം മിനിറ്റില്‍ കലിയുഷ്നിയില്‍നിന്ന് ലൂണയിലേക്ക് പന്തെത്തി. ബോക്സിനുള്ളിലേക്ക് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ പന്തയച്ചു. ആദ്യം നിഷുകുമാര്‍ ശ്രമിച്ചെങ്കിലും ഹൈദാരാബാദ് ഗോളി പന്ത് തട്ടി മാറ്റി. എത്തിയത് ഡയമന്റാകോസിന്റെ കാലില്‍. ഉന്നംതെറ്റിയില്ല. 22-ാം മിനിറ്റില്‍ ഹൈദരാബാദിന്റെ പ്രത്യാക്രമണമുണ്ടായി. ഓഗ്ബച്ചെയുടെ കനത്ത ഷോട്ട് പ്രഭ്സുഖന്‍ രക്ഷപ്പെടുത്തി. ഇതിനിടെ പരിക്കേറ്റ ഡയമന്റാകോസ് കളംവിട്ടു. അപോസ്തലോസ് ജിയാനുവാണ് പകരക്കാരനായി എത്തിയത്. 37-ാം മിനിറ്റില്‍ സഹലിന് നല്ല അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. 

രണ്ടാം പകുതിയില്‍ ഹൈദാരാബാദ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പിടികൊടുത്തില്ല. 52-ാം മിനിറ്റില്‍ രാഹുലിന്റെ മികച്ച ക്രോസ് ബോക്സിലുള്ള ജിയാനുവിന് കിട്ടി. പക്ഷേ ബ്ലാസ്റ്റേഴ്സ് മുന്നേറ്റക്കാരന്റെ ഷോട്ട് ഗോളി തടഞ്ഞു. അഞ്ച് മിനിറ്റിന് പിന്നാലെ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ഇത്തവണയും പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. 66-ാം മിനിറ്റില്‍ രാഹുലിന്റെ ഉഗ്രന്‍ ഷോട്ടും എതിര്‍ഗോളി രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ സഹലിന് പകരം സൗരവ് മണ്ഡാല്‍ എത്തി. ഡിസംബര്‍ നാലിന് ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.