ആദ്യ കളിയില്‍ തോല്‍വിയറിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്


NOVEMBER 19, 2021, 10:11 PM IST

ഫറ്റോര്‍ഡ: ഐ എസ് എല്ലിന്റെ എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടക്കം ദയനീയമായി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എ ടി കെ മോഹന്‍ ബഗാനോട് തോല്‍വി രുചിച്ചത്. 

പുതുതായി ടീമിലെത്തിയ ഫ്രഞ്ച് സൂപ്പര്‍ മിഡ്ഫീല്‍ഡല്‍ ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടയെ കെട്ടുകെട്ടിക്കുന്നതില്‍ പ്രധാനമായും പങ്കുവഹിച്ചത്. മൂന്ന്, 39 മിനിറ്റുകളിലായിരുന്നു ഹ്യൂഗോ ബൗമസിന്റെ ഗോളുകള്‍. റോയ് കൃഷ്ണ (27), ലിസ്റ്റണ്‍ കൊളാക്കോ (50) എന്നിവരാണ് എ ടി കെയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. 

മലയാളി താരം സഹല്‍ അബ്ദുല്‍ സമദും (24) ജോര്‍ജ് ഡയസുമായിരുന്നു (69) ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി എ ടി കെയുടെ വല കുലുക്കിയത്. 

എ ടി കെയുടെ പന്തടക്കത്തിലും ആക്രമണത്തിനുമെതിരെ ബ്ലാസ്റ്റേഴ്സിനു കൃത്യമായ പ്രതിരോധം സൃഷ്ടിക്കാനായില്ല. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയ എ ടി കെ ആദ്യം തന്നെ ഞെട്ടിച്ചു. 24-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സമനില നേടിയെങ്കിലും അധികം വൈകാതെ എ ടി കെ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.