ഫിഫ വിലക്ക് നീക്കി: പ്രീ സീസൺ ഒരുക്കങ്ങൾ ഊർജ്ജിതമാക്കി കേരള ബ്ളാസ്റ്റേഴ്സ്


AUGUST 28, 2022, 7:30 PM IST

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനു മേൽ എർപ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കിയതോടെ പ്രീസീസൺ ഒരുക്കങ്ങൾ ഊർജിതമാക്കി ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. ഫിഫ വിലക്കിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് പ്രീസീസൺ മത്സരങ്ങളും റദ്ദാക്കിയിരുന്നു. എന്നാൽ, വിലക്ക് നീങ്ങിയതിനാൽ വീണ്ടും ബ്ലാസ്റ്റേഴ്സ് പ്രീസീസൺ പോരിലേക്ക് കടക്കുകയാണ്. യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ അൽ ഹംറ ക്ലബാണ് പ്രീസീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ നേരിടുക. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരംബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം ഒരാഴ്ച കൂടി നീട്ടുമെന്ന് സൂചനയുണ്ട്. പ്രീസീസൺ പര്യടനം പൂർത്തിയാക്കി ഈ മാസം അവസാനം ടീം തിരികെ കൊച്ചിയിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, പ്രീസീസൺ മത്സരങ്ങൾ കളിക്കാനായി ക്ലബ് ഒരാഴ്ച കൂടി യുഎഇയിൽ തന്നെ തുടർന്നേക്കും.

ഈ മാസം 26നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിൻവലിച്ചത്. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കും. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

താത്കാലിക സമിതി സുപ്രിംകോടതി പിരിച്ച് വിട്ടതിന് പിന്നാലെയാണ് ഫിഫയുടെ നടപടി. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ ധറിനു കൈമാറിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവിറക്കിയത്. എക്‌സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്‌സിക്യൂട്ടിവ് കൗൺസിലിൽ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതിൽ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതിൽ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.

എഐഎഫ്എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡൻ്റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്. ഇതായിരുന്നു എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.

Other News