ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍ പ്രതീക്ഷ നല്‍കി വനിതാ ബോക്‌സിംഗ് താരം ലൊവ്‌ലീന


JULY 30, 2021, 12:53 PM IST

ടോക്യോ:  ഇന്ത്യയുടെ  വനിതാ ബോക്‌സിംഗ് താരം ലൊവ്‌ലീന ബൊര്‍ഗൊഹെയ്ന്‍ ടോക്യോ ഒളിമ്പിക്‌സ് വനിതകളുടെ വാള്‍ട്ടര്‍ വെയിറ്റ് സെമിയില്‍ കടന്നു.

64 - 69 കിലോ വിഭാഗത്തില്‍ ചൈനീസ് തായ്‌പേയിയുടെ ചിന്‍ ചെന്നിനെ 4-1 സ്പ്ലിറ്റ് ഡിസിഷന്‍ വഴിയാണ് ലൊവ്‌ലീന പരാജയപ്പെടുത്തിയത്.

ഇന്നലെ മേരി കോമിന്റെ ഇടിക്കൂട്ടിലെ പരാജയവും സ്പ്ലിറ്റ് ഡിസിഷന്‍ വഴിയായിരുന്നു. ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ സെമിയില്‍ കടക്കുന്ന എല്ലാ താരങ്ങള്‍ക്കും മെഡല്‍ ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്ക് കുറഞ്ഞത് ഒരു വെങ്കലമെങ്കിലും ഈ ഇനത്തില്‍ നിന്ന് ഇനി കിട്ടും. മൂന്ന് റൗണ്ട് നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ റൗണ്ട് 3 - 2 ന് ലോവ്‌ലീന വിജയിച്ചു.

അഞ്ച് ജഡ്ജുമാരില്‍ മൂന്ന് പേരും ഇന്ത്യന്‍ താരത്തിന് അനുകൂലമായിട്ടാണ് വിധിയെഴുതിയത്. രണ്ടാം റൗണ്ടില്‍ ആക്രമണകാരിയായി മാറിയ ലൊവ്‌ലീനയുടെ കടന്നാക്രമണത്തില്‍ ചൈനീസ് തായ്‌പേയി താരം കുഴഞ്ഞു പോയി.

ഏകപക്ഷീയ വിജയമാണ് ലൊവ്‌ലീന ആ റൗണ്ടില്‍ നേടിയത്. മൂന്നാമത്തേതും അവസാനത്തേതുമായ റൗണ്ട് 4-1ന് സ്വന്തമാക്കിയതോടെ ലൊവ്‌ലീന സെമി പ്രവേശനവും ഉറപ്പാക്കി