സിന്ധുവിന് വെങ്കലം


AUGUST 1, 2021, 9:27 PM IST

ടോകിയോ: ചൈനീസ് താരമായ ഹീ ബിന്‍ജാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധുവിന് ഒളിംപിക്‌സില്‍ വെങ്കലം. സ്‌കോര്‍ 21-13, 21-15.

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലാണ് സിന്ധു മെഡല്‍ നേടുന്നത്. ഇതോടെ രണ്ട് ഒളിംപിിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി സിന്ധു. കഴിഞ്ഞ റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് പി വി സിന്ധു.

ടോകിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. വെയ്റ്റ്ലിഫ്റ്റിങില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായി ചനു വെള്ളി സ്വന്തമാക്കിയിരുന്നു.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോടായിരുന്നു സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സെമിയില്‍ സിന്ധുവിന്റെ തോല്‍വി. ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധു സെമിയില്‍ കടന്നത്.