കൊച്ചി: മൂന്നു വര്‍ഷത്തിന് ശേഷം ചലച്ചിത്ര താരങ്ങള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ഗ്രൗണ്ടിലിറങ്ങുന്നു. ഫെബ്രുവരി 18നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. വാരാന്ത്യങ്ങളിലാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്.
കേരള സ്ട്രൈക്കേഴ്സാണ് മലയാള സിനിമാ താരങ്ങളുടെ ടീം. കുഞ്ചാക്കോ ബോബനാണ് ടീമിന്റെ ക്യാപ്റ്റനും ബ്രാന്റ് അംബാസഡറും. ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ടീമിലെ അംഗങ്ങള്‍. ദീപ്തി സതിയും പ്രയാഗ മാര്‍ട്ടിനും വനിത ടീം അംബാസിഡര്‍മാരാണ്. ഫെബ്രുവരി 19ന് തെലുങ്ക് വാരിയേഴ്സുമായാണ് കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യമത്സരം.
2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ് സി സി എല്‍ റണ്ണേഴ്സ് അപ്പായിരുന്നു. മോഹന്‍ലാല്‍, മുന്‍കാല തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാജ്കുമാര്‍ സേതുപതി, നടിയും സംവിധായികയുമായ ശ്രീപ്രിയ സേതുപതി, നാഗാര്‍ജുന്‍ സേതുപതി, പി എം ഷാജി, ജയ്സണ്‍, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഉടമകള്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വ്യത്യസ്ത ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകരാണ് ടീമുകളിലുള്ളത്. സി സി എല്ലില്‍ ഈ വര്‍ഷം 19 മത്സരങ്ങളാണ് അരങ്ങേറുക. ഫൈനല്‍ മാര്‍ച്ച് 19ന് ഹൈദരബാദില്‍ നടക്കും.
ടെസ്റ്റും ട്വന്റി-20യും ചേര്‍ന്ന രൂപത്തിലാണ് ഇത്തവണത്തെ സി സി എല്‍ അരങ്ങേറുന്നത്. ആദ്യ ഇന്നിംഗ്സില്‍ ഇരുടീമുകളും പത്തോവര്‍ വീതവും രണ്ടാം ഇന്നിംഗ്സില്‍ ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും പത്തോവറും ബാറ്റ് ചെയ്യും. പിന്നീട് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ടീമിന് ബാറ്റിംഗ് അനുവദിക്കുന്നത്. കാണികള്‍ക്ക് മത്സരം കാണാമെന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത.
ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തുന്നത്.