ഐ പി എല്‍ കിരീട നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്


OCTOBER 16, 2021, 12:50 AM IST

ദുബൈ: ഐ പി എല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാരായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നാലാം ഐ പി എല്‍ കിരീടമാണിത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് നാല് കിരീടവും സ്വന്തമാക്കിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിനാണ് ചൈന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റേയും 2012ല്‍ കൊല്‍ക്കത്തയോടേറ്റ പരാജയത്തിന്റേയും മധുരപ്രതികാരമായിരുന്നു ചെന്നൈക്കിത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാന്‍ മാത്രമേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചുള്ളു. 10.3 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 91 റണ്‍സെന്ന നിലയിലായിരുന്ന കൊല്‍ക്കത്തയെ ചെന്നൈ തകര്‍ത്തു വിടുകയായിരുന്നു. 

59 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 86 റണ്‍സെടുത്ത ഹാഫ് ഡുപ്ലെസിയാണ് മാന്‍ ഓഫ് ദി മാച്ച്. ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസി അവസാന പന്തിലാണ് പുറത്തായത്. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 37 റണ്‍സോടെ പുറത്താകെ നിന്ന മോയിന്‍ അലി ഡുപ്ലെസിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

കൊല്‍ക്കത്തയ്ക്കായി നാല് ഓവര്‍ പന്തെറിഞ്ഞ സുനില്‍ നരെയ്ന്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി.