ക്രൊയേഷ്യന്‍ നീക്കങ്ങളില്‍ പിടിച്ചു നില്‍ക്കാനാകാതെ കാനഡ


NOVEMBER 27, 2022, 7:19 PM IST

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ല്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ രണ്ടാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയെങ്കിലും കാനഡയ്ക്ക് പരാജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ കാനഡയെ പരാജയപ്പെടുത്തിയത്. 

രണ്ടാം മിനുട്ടില്‍ കിട്ടിയ അവസരം ഗോളാക്കിയ അല്‍ഫോണ്‍സോ ഡേവിസിലൂടെ കാനഡ ക്രൊയേഷ്യയെ ഞെട്ടിച്ചു കൊണ്ടാണ് കളി തുടങ്ങിയത്. എന്നാല്‍ ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അടുത്ത രണ്ടും ഗോളുകള്‍ നേടി ക്രൊയേഷ്യ കാനഡയെ ചുരുട്ടിക്കൂട്ടി. ഇതോടെ നാല് പോയിന്റുകള്‍ നേടിയ ക്രൊയേഷ്യ ഗ്രൂപ്പ് എഫില്‍ ഒന്നാമതായി. 

ടയോണ്‍ ബുക്കാനന്റെ ക്രോസിന് തലവെച്ച് മികച്ച ഹെഡറിലൂടെയാണ് അല്‍ഫോന്‍സോ ഡേവിസ് ആദ്യ ഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പിലെ കാനഡയുടെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ കളിയില്‍ ബെല്‍ജിയത്തിന്റെ ഒരു ഗോളിന് കാനഡയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. 

26-ാം മിനുട്ടില്‍ ക്രൊയേഷ്യ ആദ്യ ഗോള്‍ തിരിച്ചടിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ അത് നിഷ്ഫലമായി. പക്ഷേ 36-ാം മിനുട്ടില്‍ ക്രാമറിച്ചില്‍ ഖത്തര്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ ആദ്യ ഗോള്‍ നേടി. ആദ്യ കളിയില്‍ മൊറോക്കോക്കെതിരെ ഗോള്‍ രഹിത സമനിലയായിരുന്നു ക്രൊയേഷ്യ നേടിയിരുന്നത്. 

44-ാം മിനുട്ടില്‍ മാര്‍ക്കോ ലിവായയും 70-ാം മിനുട്ടില്‍ ക്രാമറിച്ച് തന്റെ രണ്ടാം ഗോളും ക്രൊയേഷ്യയുടെ മൂന്നാമത്തെ ഗോളും നേടി. കളി തീരാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കെ ഇന്‍ജുറി സമയത്തിന്റെ നാലാം മിനുട്ടില്‍ ലോവ്‌റോ മേയര്‍ കൂടി ഗോള്‍ നേടിയതോടെ ക്രൊയേഷ്യ നാല് തികച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ ഒരു ഗോളിനു കൂടി ക്രൊയേഷ്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

Other News