ദോഹ: ആദ്യം ഗോളടിച്ചിട്ടും ജയം അകന്നു നിന്നപ്പോള്‍ കരഞ്ഞ് കളം വിട്ട് ജപ്പാന് താരങ്ങളും ആരാധകരും. കളി സമയമായ 90 മിനുട്ടു മാത്രമല്ല അധിക സമയത്തേക്ക് നീട്ടിയ 30 മിനുട്ടു നേരവും ഒറ്റ ഗോളിന്റെ സമനിലയില്‍ പിടിച്ചു നിന്ന ജപ്പാന്- ക്രൊയേഷ്യ മത്സരത്തിന് ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അന്ത്യം കുറിച്ചത്. കളിച്ചിട്ടും ക്വാര്ട്ടറിലെത്താനാവാതിരുന്ന സങ്കടം കരച്ചിലില്‍ തീര്‍ത്ത് ജപ്പാന് കളിക്കളം വിട്ടു.
ജപ്പാന്റെ ഡൈസന്‍ മയെദ ആദ്യ പകുതിയില്‍ 43-ാം മിനുട്ടിലും ക്രൊയേഷ്യയുടെ ഇവാന് പെരിസിച്ചി 55-ാം മിനുട്ടിലും ഗോളടിച്ചാണ് കളി സമനിലയിലായത്. പിന്നീട് കിട്ടിയ അവസരങ്ങളൊന്നും ഇരുടീമുകള്‍ക്കും മുതലെടുക്കാനായില്ല.
കളി സമയം പൂര്‍ത്തിയായപ്പോള്‍ തുല്യമായി ഓരോ ഗോളോടെ നിന്ന ടീമുകള്‍ അരമണിക്കൂര്‍ അധിക സമയം കളിക്കുകയായിരുന്നു. പ്രസ്തുത അരമണിക്കൂറിലും രണ്ടു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീളുകയായിരുന്നു.
പെനാല്‍റ്റിയിലെ ആദ്യ ഷൂട്ടു തന്നെ പിഴച്ചതോടെ ജപ്പാന്റെ വിധി നിര്‍ണയിക്കപ്പെട്ടിരുന്നു. നാല് ഷൂട്ടുകളില്‍ ഒന്നുമാത്രമാണ് ജപ്പാന് ഗോളാക്കാനായത്. എന്നാല്‍ ക്രൊയേഷ്യയ്ക്കാകട്ടെ മൂന്നെണ്ണം ഗോള്‍ വല കുലുക്കുന്നതായി.
കൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാക്കോവിച്ചാണ് മൂന്ന് ഷോട്ടുകള്‍ തടുത്ത് ടീമിന്റെ രക്ഷകനായത്. ജപ്പാന് ഗോളിയാവട്ടെ ഒന്നു മാത്രമാണ് തടുത്തത്.