ധോണി യുവതാരങ്ങള്‍ക്ക് വഴിമാറണം-ഗംഭീര്‍


JULY 19, 2019, 2:18 PM IST

ന്യൂഡല്‍ഹി: ഇപ്പോള്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ട സമയമാണെന്നും ധോണി അവര്‍ക്കായി വഴിമാറണമെന്നും മുന്‍ ഇന്ത്യന്‍ താരവും ബി.ജെ.പി എംപിയുമായ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ ധോണിയുടെ പ്രകടനത്തെക്കുറിച്ച് വലിയ വിമര്‍ശമനമുയര്‍ന്നിരുന്നു. അവശ്യസമയത്ത് ധോണി ഷോട്ടുകള്‍ കളിക്കാത്തതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

 ഈ പശ്ചാത്തലത്തിലാണ് ഗംഭീര്‍ ഇങ്ങിനെ പ്രതികരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഭാവിയിലേയ്ക്ക് നോക്കേണ്ട സമയമാണെന്നും ധോണിയും അങ്ങിനെയാണ് ചെയ്തിരുന്നതെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു.

ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയ്ക്കിടയില്‍ നടന്ന സംഭവമാണ് ഗംഭീര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. അന്ന് സച്ചിനും സെവാഗിനും ഗംഭീറിനും ഒരുമിച്ച് കളിക്കാന്‍ കഴിയില്ലെന്ന് ധോണി പറഞ്ഞുവെന്നും ആ കാര്യം ഇപ്പോള്‍ ധോണിയ്ക്കും ബാധകമാണെന്നും ഗംഭീര്‍ പറഞ്ഞു.

ധോണി ടീമില്‍ നിന്ന് മാറുന്ന പക്ഷം കേരളത്തിന്റെ സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ പരിഗണിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. മാത്രമല്ല, വിക്കറ്റ് കീപ്പിംഗിന് കഴിവുള്ളവരെയെല്ലാം ആസ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. 

അടുത്തലോകകപ്പിനെ ലക്ഷ്യമിട്ടായിരിക്കണം ടീം സെലക്ഷന്‍ എന്നും ഗംഭീര്‍ പറഞ്ഞു.