ഡീഗോ പുഞ്ചിരിക്കുന്നുണ്ടാകും; അര്‍ജന്റീനയെ അഭിനന്ദിച്ച് പെലെ


DECEMBER 19, 2022, 7:09 PM IST

സാവോപോളോ: അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ മെസ്സിയെയും സംഘത്തെയും അഭിനന്ദിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെ. ഈ ലോകകപ്പ് മെസ്സി അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ പെലെ ഫ്രെഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ അഭിനന്ദിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശമറിയിച്ച പെലെ അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ സ്മരിക്കുകയും ചെയ്തു.

'എന്നത്തേയും പോലെ ഇന്നും വശ്യമായ രീതിയില്‍ ഫുട്ബോള്‍ അതിന്റെ കഥ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. മെസ്സി തന്റെ ആദ്യത്തെ ലോകകപ്പ് നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയില്‍ അത് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.' പെലെ പറഞ്ഞു. 

'അഭിനന്ദനങ്ങള്‍ അര്‍ജന്റീന, ഡീഗോ ഇപ്പോള്‍ പുഞ്ചിരിക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986 ലോകകപ്പില്‍ മറഡോണയ്ക്ക് കീഴിലാണ് അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത്. നീണ്ട 36 വര്‍ഷങ്ങള്‍ക്കിപ്പുറം അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമ്പോള്‍ അത് കാണാന്‍ മറഡോണ ഇല്ല. മറഡോണയുടെ പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടാന്‍ മെസ്സിക്ക് ഒരു ലോകകിരീടത്തിലേക്കുള്ള ദൂരം താണ്ടേതായി വന്നു. ഡീഗോ ഏറ്റു വാങ്ങിയ അതേ കിരീടം സ്വീകരിച്ചതോടെയാണ് ഫുട്ബോളിന്റെ മിശിഹ പൂര്‍ണനായത്.

അര്‍ജന്റീനയുമായി പൊരുതിത്തോറ്റെങ്കിലും ഫൈനലില്‍ ഹാട്രിക് നേടി ഷൂട്ടൗട്ടിലും ഗോള്‍ നേടി തിളങ്ങിയത് ഫ്രെഞ്ച് താരം എംബാപ്പെയാണ്. ടൂര്‍ണെമന്റില്‍ എട്ട് ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനര്‍ഹനായ എംബാപ്പെയെ അഭിനന്ദിക്കാനും പെലെ മറന്നില്ല. 'എന്റെ പ്രിയ സുഹൃത്ത് എംബാപ്പെ, ഒരു ഫൈനലില്‍ നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. നമ്മുടെ ഫുട്ബോളിന്റെ ഭാവി ഇങ്ങനെ കാണാന്‍ കഴിയുന്നത് തന്നെ ഒരു അനുഗ്രഹമാണ്.' പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'മൊറോക്കോയുടെ അവിശ്വസനീയമായ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാനും എനിക്ക് കഴിയില്ല. ആഫ്രിക്ക ഇങ്ങനെ തിളങ്ങുന്നത് കാണുന്നത് തന്നെ സന്തോഷമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News