നീണ്ട കാത്തിരിപ്പിന് വിട; ഇംഗ്ലണ്ട് ആദ്യമായി ലോകചാമ്പ്യൻമാർ


JULY 15, 2019, 1:48 PM IST

ലണ്ടൻ: ക്രിക്കറ്റിന്റെ ജന്മദേശത്തിന് ഒടുവിൽ ലോകകിരീടം. നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പിൽ മുത്തമിട്ടു. ഗൂച്ചിനും ഗാറ്റിംഗിനും ഫ്‌ലിന്റോഫിനും കഴിയാതിരുന്നത് മോർഗനും സംഘവും സാധിച്ചെടുത്തു. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിലും വിജയിയെ പ്രഖ്യാപിക്കാനാകാത്ത ആവേശകരമായ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചത്. റണ്ണേഴ്‌സപ്പായ ന്യൂസിലന്റിന് തുടർച്ചയായ രണ്ടാം ഫൈനലിലും തലനാരിഴയ്ക്ക് തോൽക്കാനായിരുന്നു വിധി. നാലുവർഷം മുൻപ് നടന്ന ഫൈനലിൽ അവർ ഓസ്‌ട്രേലിയക്ക് മുന്നിൽ കിരീടം അടിയറവച്ചിരുന്നു.

അതേസമയം മൂന്നുതവണ റണ്ണർഅപ്പായതിനുശേഷമാണ് ഇംഗ്ലണ്ട് കപ്പിൽ മുത്തമിട്ടത്.1992ലായിരുന്നു അവരുടെ അവസാന ഫൈനൽ കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടിൽ തന്നെ തോറ്റു പുറത്തായി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസാണ് നേടിയത്. ന്യൂസീലൻഡ് ആറ് പന്തിൽ 15 റൺസെടുത്തെങ്കിലും നിശ്ചിത 50 ഓവറിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയികളായത്. ഇംഗ്ലണ്ട് 26 ഉം ന്യൂസീലൻഡ് 17 ഉം ബൗണ്ടറികളാണ് നേടിയത്.

ട്രെൻഡ് ബോൾട്ട് എറിഞ്ഞ സൂപ്പർ ഓവറിൽ നിന്ന് ബെൻ സ്റ്റോക്‌സും ബട്‌ലറും ചേർന്ന് നേടിയത് 15 റൺസാണ്. ബട്‌ലർ മൂന്ന് പന്തിൽ നിന്ന് ഏഴും സ്റ്റോക്‌സ് മൂന്ന് പന്തിൽ നിന്ന് എട്ട് റൺസുമാണ് നേടിയത്. കിവീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഗുപ്ടലിലും നീഷമും ചേർന്നാണ് കിവീസിനു വേണ്ടി ബാറ്റ് ചെയ്തത്.

ജൊഫ്ര ആർച്ചർ എറിഞ്ഞ ആദ്യ പന്ത് വൈഡായതോടെ കിവീസിന്റെ വിജയലക്ഷ്യം 6 പന്തിൽ നിന്ന് 15 റൺസായി. അടുത്ത പന്തിൽ നീഷം രണ്ട് റൺസെടുത്തു. രണ്ടാം പന്തിൽ നീഷം ഒരു പടുകൂറ്റൻ സിക്‌സ് നേടിയതോടെ ന്യൂസീലൻഡിന്റെ പ്രതീക്ഷയ്ക്ക് ചിറക് മുളച്ചു. അടുത്ത പന്തിൽ വീണ്ടും രണ്ട് റൺസ് നേടിയതോടെ ജയിക്കാൻ വേണ്ടത് അഞ്ച് റൺസായി. അടുത്ത പന്തിൽ വീണ്ടും ഡബിൾ. അഞ്ചാമത്തെ പന്തിൽ സിംഗിൾ. ആറാം പന്ത് നേരിട്ടത് ഗുപ്ടിൽ. ഒരു റണ്ണെടുത്തതോടെ മത്സരം ടൈയായി. അടുത്ത റണ്ണിനായി ഓടിയ  ഗുപ്ടലിനെ ജയ്‌സൺ റോയ് സ്റ്റമ്പ് ചെയ്‌തോടെ സൂപ്പർ ഓവറും ടൈയായി. അങ്ങനെയാണ് ബൗണ്ടറികളുടെ എണ്ണം വിധി നിർണയിച്ചത്.

നിശ്ചിത 50 ഓവറിൽ ഇരു ടീമുകളും ടൈ ആയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 241 റൺസാണ് നേടിയത്. ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. അവസാന പന്തിലാണ് അവർക്ക് അവസാന വിക്കറ്റ് നഷ്ടമായത്.

അവസാന ഓവറിൽ ജയിക്കാൻ ഇംഗ്ലണ്ടിന് 15 റൺസായിരുന്നു വേണ്ടിയിരുന്നത്. ട്രെൻഡ് ബോൾട്ടായിരുന്നു ബൗളർ. ഇംഗ്ലണ്ടിനെ വിജയത്തീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ച ബെൻ സ്റ്റോക്‌സ് സ്‌ട്രൈക്കറും. ആദ്യ രണ്ടു പന്തുകളിൽ റണ്ണെടുക്കാൻ കഴിയാതിരുന്ന സ്റ്റോക്‌സ് മൂന്നാമത്തെ പന്ത് സിക്‌സിലേക്ക് പറത്തി. നാലാം പന്തിൽ ഡബിളുടെത്തു. ഇതിനിടയിൽ ഫീൽഡർ എറിഞ്ഞ പന്ത് സ്റ്റോക്ക്‌സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈനിലെത്തി. ഇതോടെ നാലാം പന്തിൽ ഇംഗ്ലണ്ടിന് ആറു റൺസ് ലഭിച്ചു. ഒടുവിൽ ഇംഗ്ലണ്ടിന് ജയിക്കാൻ രണ്ട് പന്തിൽ നിന്ന് മൂന്ന് റൺസായി. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ ഡബിളുടെക്കാനുള്ള ശ്രമത്തിനിടെ ആദിൽ റഷീദ് റണ്ണൗട്ടായി. ഇതോടെ ഒരു വിക്കറ്റ് മാത്രം കൈയിലുള്ള ഇംഗ്ലണ്ടിന് അവസാന പന്തിൽ നിന്ന് ജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. വീണ്ടും ബോൾട്ടിനെ നേരിടുന്നത് സ്റ്റോക്‌സ്. എന്നാൽ, രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാർക്ക് വുഡ് റണ്ണൗട്ടായി. ഇതോടെ മത്സരം ടൈയായി. അങ്ങനെ സൂപ്പർ ഓവർ ആവശ്യമായി വന്നു.

നിശ്ചിത 50 ഓവറിൽ റണ്ണെടുക്കാൻ പാടുപെടുകയായിരുന്നു ന്യൂസീലൻഡും ഇംഗ്ലണ്ടും. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തവർക്ക് ഏഴാം ഓവറിൽ തന്നെ ആഘാമേറ്റു. ഗുപ്ടിൽ പുറത്ത്. പിന്നീട് ചെറിയ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നവരെ ഒരുപരിധി വരെ കരകയറ്റിയത് ഹെന്റി നിക്കോൾസും ക്യാ്ര്രപൻ കെയ്ൻ വില്ല്യംസണും ചേർന്നാണ്. നിക്കോൾസ് 55ഉം വില്ല്യംസൺ 30 ഉം റൺസെടുത്തു. ഇവരാണ് ടീം സ്‌കോർ 100 കടത്തിയത്. പിന്നീട് പേരിനെങ്കിലും പൊരുതിയത് 47 റൺസെടുത്ത ലഥാമാണ്.

241 റൺസ് താരമ്യേന ദുർബലമായ സ്‌കോറായിരുന്നു കരുത്തുറ്റ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക്. എന്നാൽ ലോഡ്‌സിൽ കണ്ടത് മറ്റൊരു കഥ. കിവീസ് ബൗളർമാരുടെ പേസിന് മുന്നിൽ ഇംഗ്ലണ്ട് പരുങ്ങുന്നതാണ് കണ്ടത്. ബെൻ സ്റ്റോക്‌സും ജോസ് ബട്‌ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഇല്ലായിരുന്നെങ്കിൽ ദയനീയമായ പരാജയമാകുമായിരുന്നു അവരെ വരവേൽക്കുക. സൂപ്പർ ഓവർ വരെ ബാറ്റ് ചെയ്ത ബെൻ സ്റ്റോക് 98 പന്തിൽ നിന്ന് 84 റൺസെടുത്ത് പുറത്താകാതെ നിന്നു. ബട്‌ലർ 60 പന്തിൽ നിന്ന് 59 റൺസെടുത്ത് ഉറച്ച പിന്തുണ നൽകി. ജോണി ബെയര്‍‌സ്റ്റോ 55 പന്തിൽ നിന്ന് 36 റൺസെടുത്തു.

മൂന്ന് വിക്കറ്റ് വീതമെടുത്ത ഫെർഗൂസനും നീഷമും ഇംഗ്ലണ്ടിനെ മെരുക്കിയെങ്കിലും സ്റ്റോക്‌സിന്റെ കരുത്തിലും ക്ഷമയിലുമാണ് അവർ അസവാന ഓവറിൽ മത്സരം ടൈയാക്കി സൂപ്പർ ഓവറിലേയ്ക്ക് ആയുസ്സ് നീട്ടിയത്.

Other News