ഇംഗ്ലണ്ടിനെതിരെ ഹംഗറി ആരാധകരുടെ വംശീയാധിക്ഷേപത്തിനെതിരെ നടപടിക്കൊരുങ്ങി ഫിഫ


SEPTEMBER 4, 2021, 9:16 PM IST

ലണ്ടന്‍: ഹംഗറിയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ ഫിഫ നടപടിക്കൊരുങ്ങുന്നു. ബുഡാപെസ്റ്റിലെ പുസ്‌കാറ്റ്സ് അരീനയില്‍ നടന്ന മത്സരത്തിനിടെയാണ് ഹംഗറി ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്.

ഇംഗ്ലണ്ട് താരങ്ങളായ സ്റ്റെര്‍ലിംഗിനും ജൂഡ് ബെല്ലിംഗ്ഹാമിനും നേരെയാണ് ഹംഗറി ആരാധകരുടെ അതിരുവിട്ട പ്രവര്‍ത്തികള്‍ അരങ്ങേറിയത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

കിക്ക് ഓഫിന് മുന്‍പു തന്നെ ഹംഗറി ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നേരെ കൂക്കുവിളികളും വംശീയാധിക്ഷേപങ്ങളും തുടങ്ങിയിരുന്നു. കളര്‍ ഫ്ളെയറുകളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. എന്നാല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയം നേടിയാണ് ഇംഗ്ലണ്ട് പകരം വീട്ടിയത്. 

എങ്കിലും സംഭവത്തില്‍ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫയുള്ളത്. ബുഡാപെസ്റ്റില്‍ നടന്ന ഹംഗറി- ഇംഗ്ലണ്ട് മത്സരത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫിഫ വൃത്തങ്ങള്‍ അറിയിച്ചത്.

ആദ്യമായല്ല ഹംഗറി ആരാധകര്‍ കളിയുടെ മാന്യതക്കെതിരെ പ്രവര്‍ത്തിക്കുന്നത്. യൂറോ 2020ല്‍ ആരാധകരുടെ പ്രവര്‍ത്തികളെ തുടര്‍ന്ന് ഹംഗറിക്ക് യുവേഫ ഒരു മാച്ച് സസ്പെന്‍ഷനും അടുത്ത 3 കളികള്‍ ആരാധകരില്ലാതെ നടത്തണമെന്ന വിധിയും നല്കിയിരുന്നു. എന്നാല്‍ ഫിഫ നടത്തുന്ന മത്സരമായതിനാല്‍ വിലക്ക് ബാധകമല്ല.