ദോഹ: ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അഞ്ച് വട്ടം ലോകചാമ്പ്യന്മാരായ ബ്രസീലിന്റെ ഒത്തിണക്കത്തിനും, വേഗത്തിനും മുന്നില്‍ കൊറിയക്ക് പിടിച്ചു നില്ക്കാന് കഴിഞ്ഞില്ല. ശക്തമായ ആക്രമണം നടത്തിയ ബ്രസീല്‍ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കും വിധമാണ് ജയം സ്വന്തമാക്കിയത്. വിജയത്തോടെ തങ്ങളുടെ തുടര്‍ച്ചയായ എട്ടാമത്തെ ലോകകപ്പ് ക്വാര്‍ട്ടര്‍ പ്രവേശനം കാനറികള്‍ ആഘോഷമാക്കി.
ഇതുവരെയുള്ള ബ്രസീലിന്റെ പതിനേഴാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനമാണ് ഇത്. റാഫിഞ്ഞയുടെ ക്രോസില്‍ ഗോള്‍ നേടി വിനീഷ്യസ് ഏഴാം മിനിറ്റില്‍ തന്നെ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. പിന്നാലെ പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം നെയ്മര്‍ ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. പരിക്കേറ്റ് രണ്ട് കളി പുറത്തിരുന്ന നെയ്മറിന് തിരിച്ചുവരവില്‍ ആശിച്ച തുടക്കം തന്നെയാണ് ലഭിച്ചത്.
ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്വന്തമാക്കി. ഇരുപത്തി ഒമ്പതാം മിനിറ്റില്‍ റിചാര്ലിസണ് ടീമിന്റെ മൂന്നാം ഗോള്‍ കൂടി സ്വന്തമാക്കിയതോടെ കൊറിയയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. മുപ്പത്തിയാറാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കൊറിയക്ക് വേണ്ടി സണ്‍ ആശ്വാസ ഗോള്‍ നേടി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യ ആയിരിക്കും ബ്രസീലിന്റെ എതിരാളികള്‍ എന്ന് ഉറപ്പായി കഴിഞ്ഞു. ജപ്പാനെ തകര്‍ത്താണ് അവര്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. അതേസമയം, ദക്ഷിണ കൊറിയ കൂടി തോറ്റതോടെ ടൂര്‍ണമെന്റിലെ ഏഷ്യന്‍ പ്രാതിനിധ്യം പൂര്‍ണമായും ഇല്ലാതായി. ക്രൊയേഷ്യ ജപ്പാനെ നേരത്തെ തോല്‍പ്പിച്ചിരുന്നു.